കിരീടവരൾച്ചയിൽ ഉലഞ്ഞ അർജന്റീനൻ സ്വപ്നങ്ങൾക്ക് ചിറകുനൽകി പറന്നിറങ്ങിയവൻ. കോപ്പ അമേരിക്കയിലും ലോകകപ്പിലും ഫൈനലിസ്മയിലുമെല്ലാം നിർണ്ണായക നിമിഷങ്ങളിൽ മാലാഖയായി അവതരിച്ച് മെസ്സിക്കും സംഘത്തിനും വിജയങ്ങൾ സമ്മാനിച്ച മാന്ത്രികൻ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയ ശേഷം വരുന്ന ആദ്യ ലോകകപ്പ്.എയ്ഞ്ചൽ ഡി മരിയ. റൊസാരിയോയിലെ മുത്തശ്ശിമാർ ഇക്കുറി പ്രാർത്ഥനക്കൂടാരങ്ങൾ വിട്ട് കളി കാണാനിരിക്കും, കപ്പുകളുടെ സമ്മർദ്ദം ലവലേശം പോലുമില്ലാതെ മിശിഹായും സംഘവും ബൂട്ട് കെട്ടിയിറങ്ങും. ഇക്കുറി നേടിയെടുക്കാൻ മാത്രം അയാളുടെ മുന്നിൽ ഒരുപാടൊന്നും ബാക്കിയില്ല, എന്നാൽ നേടിയെടുത്ത കനക കിരീടം നിലനിർത്താനുള്ള പോരാട്ടങ്ങളാകും അർജന്റീനക്ക് ഇത്തവണത്തേത്.ഫുട്ബോളിന്റെ മിശിഹായ്ക്ക് ചുറ്റും സ്കലോണിയെന്ന തന്ത്രഞ്ജൻ ഒരുക്കിയെടുത്ത കാലാൾ പടയാളികൾ ഒരുമിക്കും, യുദ്ധം ജയിക്കാൻ ഏതറ്റവും പോവാൻ അവർ തയ്യാറാകും. പക്ഷേ ഇക്കുറി ആ പോരാളികളെ നയിക്കാൻ അയാളുണ്ടാകില്ല. അതെ, അർജന്റീനൻ ഫുട്ബോൾ ദേവതമാരുടെ അനുഗ്രഹങ്ങൾ മൈത്താനത്തെത്തിച്ചു കൊടുത്തിരുന്ന അവരുടെ മാലാഖയില്ലാതെയാണ് മെസ്സിയും കൂട്ടരും യുദ്ധത്തിനെത്തുന്നത്. നീണ്ട ഒരു കിരീടവരൾച്ചക്കാലം. അക്കാലത്ത് അർജന്റീനയും മെസ്സിയും മൈതാനങ്ങളിൽ കണ്ണീരുകൾ വീഴ്ത്തി. പൊരുതിത്തോറ്റ കളങ്ങളാൽ എഴുതപ്പെട്ട അർജന്റീനൻ മണ്ണിലേക്ക് സന്തോഷത്തിന്റെ വസന്തവുമായി പറന്നിറങ്ങിയത് ഡി മരിയ എന്ന മാലാഖയായിരുന്നു. രണ്ടായിരത്തി ഇരുപത്തിയൊന്നിലെ കോപ്പ അമേരിക്ക, ചരിത്രമുറങ്ങുന്ന മാറക്കാനാ സ്റ്റേഡിയത്തിൽ ആതിഥേയരായ ബ്രസീലിനെ നേരിടാനൊരുങ്ങിയ അർജന്റീനയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി 22ആം മിനിറ്റിൽ അയാൾ വല കുലുക്കി. പന്തിന്റെ വരവ് വേഗത്തിലാവുമെന്നു പ്രതീക്ഷിച്ചു മുന്നോട്ട് വന്ന കീപ്പറുടെ തലക്ക് മീതെ ഉയർത്തി കോരിയെടുത്തു വിട്ട പന്ത് ഞെട്ടറ്റു വീഴുന്ന കരിയിലപോലെ മനോഹരമായി പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയപ്പോളേക്കും ആ മാലാഖയും കൂട്ടരും ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ആ ഗോളിൽ കളി ജയിച്ചു കിരീടത്തിൽ ചുംബിച്ചതോടെ അയാൾ ആ നാട് നേരിട്ട കിരീടവരൾച്ചക്ക് അറുതി വരുത്തി. പിന്നീട് 2022ലെ ഫൈനലിസ്മയിലും ജയമുറപ്പിച്ചത് അതേ മാലാഖ തന്നെ. മുൻ വർഷങ്ങളിൽ ഒരു ജനതയെ കരയിപ്പിച്ചതിന് കാലം കാത്തുവെച്ച കാവ്യനീതി ഖത്തറിന്റെ മണ്ണിൽ പൂത്തുലഞ്ഞു . ഒടുക്കം ആ കിരീടത്തിന് മിശിഹായുടെ ചുംബനം ഒരലങ്കാരമായി. അന്നും അതേ കാവൽ മാലാഖ അവതരിച്ചിരുന്നു, 36ാം മിനിറ്റിൽ അയാൾ തന്റെ അനുഗ്രഹം അർജന്റീനക്കാർക്കായി വർഷിച്ചു. ഒടുവിൽ 2024ലെ കോപ്പകൂടെ റോസാരിയോ തെരുവിലേക്ക് എത്തിച്ചാണ് അയാൾ തന്റെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്. ഈ വാക്കുകളോടെയാണ് അയാൾ ആ വിടവാങ്ങൽ അവസാനിപ്പിച്ചത്.എയ്ഞ്ചൽ ഡി മരിയഇനിമുതൽ ഈ ടീമിന് ഞാനൊരു സാധാരണ ആരാധകനാണ്, കോപ്പയിലും ലോകകപ്പിലും എല്ലാ മത്സരങ്ങളും ഞാൻ കാണാനെത്തും. ഈ ടീമിനൊരു ശക്തിയുണ്ട്, നമ്മൾ ഇതേ വഴിയിൽ മുന്നേറിക്കൊണ്ടിരിക്കും