കേന്ദ്ര സർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ ചട്ടഭേദഗതികൾ ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ. സഭയുടെ പ്രവർത്തനങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും മുക്കിക്കൊല്ലുന്ന രീതിയിലാണ് പുതിയ നിർദ്ദേശങ്ങളെന്നും ഇത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്നും സഭ ആരോപിച്ചു.എഫ്.സി.ആർ.എ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് മുൻപ് സഭകളുമായി ചർച്ച നടത്തുമെന്ന് ബിജെപി നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപോ ശേഷമോ ഇത്തരത്തിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സഭ വ്യക്തമാക്കി. യാതൊരു കൂടിയാലോചനയും കൂടാതെ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സഭ ചൂണ്ടിക്കാട്ടി.ALSO READ: ‘പിഎംശ്രീ കേരളത്തിന് അപകടമാണ്’; ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻവിദേശ ഏജൻസികളിൽ നിന്നുള്ള പണമല്ല സഭയുടെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. വിദേശത്ത് പോയി കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന സഭാംഗങ്ങൾ തങ്ങളുടെ വരുമാനത്തിൽ നിന്നും നാടിന്റെ നന്മയ്ക്കായി അയച്ചു നൽകുന്ന പണമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് എന്ന് സഭ വ്യക്തമാക്കി.കൃത്യമായ ഓഡിറ്റിംഗ് സംവിധാനമുള്ള സഭയ്ക്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ ഭയമില്ലെന്ന് സഭ അറിയിച്ചു. മുൻപും അക്കൗണ്ടുകൾ സമർപ്പിക്കുന്നുണ്ടായിരുന്നുവെന്നും ഇനിയും അതിന് തയ്യാറാണെന്നും എന്നാൽ സഭയുടെ പ്രസിദ്ധീകരണങ്ങൾ വിശകലനം ചെയ്യണമെന്നും മറ്റുമുള്ള നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും സഭ വക്താക്കൾ പറഞ്ഞു.ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ നിർഭാഗ്യകരമാണെന്നും, സഭയുടെ മക്കളുടെ പണം കൊണ്ട് നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും സഭ പ്രതികരിച്ചു. ഭാരതത്തിന്റെ നന്മയ്ക്കായി ക്രൈസ്തവ സമൂഹം നൽകുന്ന വലിയ സംഭാവനകളെ ഇത്തരം കർശന നിയന്ത്രണങ്ങൾ വഴി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും സഭ കൂട്ടിച്ചേർത്തു.The post എഫ്.സി.ആർ.എ ചട്ടഭേദഗതി ജനാധിപത്യ ലംഘനം; സഭകളുമായി ബിജെപി ചർച്ച നടത്തിയില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ appeared first on Kairali News | Kairali News Live.