തിരുവനന്തപുരം | വീര്യം കുറഞ്ഞ മദ്യം വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രി നേരിട്ടു നടത്തിയത് വന്‍ വിവാദമായ പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്ക് ഇന്ന് നിയമസഭയില്‍ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയത് വകുപ്പ് മന്ത്രി എം ലിജു അറിഞ്ഞിട്ടില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിര്‍പ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തിയതോടെ വി ഡി സതീശനെ പിന്തുണച്ച വിഭാഗങ്ങളില്‍ തന്നെ പ്രതിഷേധം ശക്തമാവുകയാണ്. പി എം ശ്രീ അടക്കം പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍ പറഞ്ഞ നിരവധി വിഷയങ്ങളില്‍ സര്‍ക്കാറിന്റെ ആദ്യ മാസം തന്നെ യു ടേണ്‍ ഉണ്ടായത് ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാറിനു തിരിച്ചടിയാവും.വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും ധാതു സംസ്‌കരണത്തിലെ സ്വകാര്യ പങ്കാളിത്തവും ബജറ്റ് ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. രണ്ട് വിഷയത്തിലും പ്രതിപക്ഷം ശക്തമായ എതിര്‍പ്പുന്നയിക്കും. മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോണ്‍ഗ്രസിലും എതിര്‍പ്പുയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്കിടെ എക്‌സൈസ് മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. രണ്ട് വിഷയങ്ങളിലും എതിര്‍പ്പുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. കോണ്‍ഗ്രസ്സാണ് യഥാര്‍ഥ ഇടതുപക്ഷമെന്നും നെഹറവിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് തന്നെ നയിക്കുന്നതെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്വകാര്യവല്‍ക്കരണമാണ് കോണ്‍ഗ്രസ് നയമെന്നു വ്യക്തമാക്കിയതോടെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണച്ച വലിയ വിഭാഗങ്ങള്‍ അത്ഭുതപ്പെടുകയാണ്.മദ്യനയത്തിനെതിരെ സിറോ മലബാര്‍സഭ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തുവന്നു. വിവിധ സമുദായ നേതൃത്വങ്ങളും എതിര്‍പ്പ് അറിയിച്ചു രംഗത്തുവന്നു. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരില്‍ എല്ലാവര്‍ക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സര്‍ക്കാറിന്റെ തൂഫാന്‍ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത തെറ്റ് തെറ്റെന്ന് പറയാന്‍ കഴിയണം. ആ നയത്തിന്റെ മറവില്‍ പുതിയ സര്‍ക്കാര്‍ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ബജറ്റില്‍ വിസ്മയം ഉണ്ടാവുമെന്ന പ്രഖ്യാപനം, സ്വര്‍ണത്തില്‍ നിന്നടക്കം നികുതി കുടിശ്ശിക സമാഹരിക്കുമെന്ന പ്രഖ്യാപനം തുടങ്ങി മൗനം പാലിച്ച വിഷയങ്ങളും ബജറ്റ് ചര്‍ച്ചയില്‍ സര്‍ക്കാറിന് അഭിമുഖീകരിക്കേണ്ടിവരും. Content Highlights:The Kerala assembly budget discussion begins today amid heavy criticism over Chief Minister VD Satheesan’s low-alcohol tax cut policy. The opposition along with Congress leader VM Sudheeran and Bishop Mar Joseph Pamplany raised strong objections. Critics allege a total political U-turn by the current UDF government.