യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് അക്കൗണ്ടിൽ നിന്നും പതിമൂന്ന് ലക്ഷത്തോളം രൂപ ക്രമവിരുദ്ധമായി മാറ്റി. സംഭവത്തിൽ താത്കാലിക ജീവനക്കാരിയായ ടെക്നിക്കൽ അസിസ്റ്റന്റും ഭർത്താവും ബന്ധും അറസ്റ്റിൽ. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.2025-26 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രിക തയാറാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് തിരിമറി ശ്രദ്ധയിൽപ്പെട്ടത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വരുന്ന കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 13 ലക്ഷം രൂപ കാണാനില്ല. പഞ്ചായത്ത് സെക്രട്ടറി, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നിയന്ത്രണത്തിലാണ് അക്കൗണ്ട് ഉള്ളത്. 17 തവണയായി തുക മറ്റ് അക്കൗണ്ടുകളിലേയ്ക്ക് വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. 2011 മുതൽ താത്കാലിക അടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായി ജോലി ചെയ്യുന്ന തച്ചമ്പാറ സ്വദേശി വിദ്യ, ഭർത്താവ് രാമകൃഷ്ണൻ, ബന്ധു സുശീല എന്നിവരുടെ അക്കൗണ്ടുകളിലേയ്ക്കാണ് പണം മാറ്റിയിരിക്കുന്നത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ചാണ് പണം മാറ്റിയിരിക്കുന്നത്. പഞ്ചായത്തിന്റെ യൂസർ നെയിം, പാസ് വേർഡ് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സാമ്പത്തിക തിരിമറിയിൽ ദുരൂഹതയുണ്ടെന്ന് സിപിഐഎം ആരോപിച്ചു. സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.Also Read: മദ്യനയത്തിനെതിരെ കാന്തപുരം വിഭാഗം; നികുതിയിളവ് ദൂരവ്യാപക ദൂഷ്യഫലങ്ങളുണ്ടാക്കുമെന്ന് മുഖപത്രത്തിൽ വിമർശനംപഞ്ചായത്ത് ജോയന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തുക കാണാനില്ലെന്ന് ആദ്യം മനസിലായത്. ഇത്തരത്തിൽ പണമിടപാട് നടത്താൻ പഞ്ചായത്ത് സെക്രട്ടറിയുടെയും അധ്യക്ഷന്റെയും അനുമതി വേണം. അതേ സമയം പഞ്ചായത്ത് സെക്രട്ടറിയുടെയും അധ്യക്ഷന്റെയും അനുമതിയും അറിവും ഇല്ലാതെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ചു തട്ടിപ്പു നടത്തിയെന്നു കാണിച്ച് കല്ലടിക്കോട് പൊലീസിൽ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകി.The post യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ ഗ്രാമ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി; 13 ലക്ഷത്തോളം രൂപ ക്രമവിരുദ്ധമായി മാറ്റിയെന്ന് കണ്ടെത്തി appeared first on Kairali News | Kairali News Live.