പൊതുഗതാഗത രംഗത്തെ മികവ്: അന്താരാഷ്ട്ര ബഹുമതി നേടി കൊച്ചി മെട്രോ

Wait 5 sec.

കൊച്ചി | പൊതുഗതാഗത രംഗത്തെ മികവിന് അന്താരാഷ്ട്ര ബഹുമതി നേടി കൊച്ചി മെട്രോ. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ യു ഐ ടി പി ഇംപാക്ട് അവാര്‍ഡ് 2026 ആണ് കരസ്ഥമാക്കിയത്. വിവിധ ഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കിയ നൂതന മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ (വിവിധ യാത്രാമാര്‍ഗങ്ങളുടെ സംയോജനം) പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ‘കൊച്ചി മെട്രോ റെയില്‍: എ സസ്റ്റൈനബിള്‍ മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ പ്രൊജക്റ്റ് ഫോര്‍ ബെറ്റര്‍ കണക്റ്റിവിറ്റി’ എന്ന പേരില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച പദ്ധതിക്കാണ് പുരസ്‌കാരം. റെയില്‍ ശൃംഖലയെയും കായലുകളിലൂടെയുള്ള വാട്ടര്‍ മെട്രോ ഇലക്ട്രിക് ബോട്ട് സര്‍വീസുകളെയും ഒരൊറ്റ ശൃംഖലയിലേക്ക് കൊണ്ടുവരികയായിരുന്നു.ജൂണ്‍ 23ന് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ പൊതുഗതാഗത രംഗത്തെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പുരസ്‌കാരം സമ്മാനിച്ചു. ആഗോള തലത്തിലെ മികച്ചതും പരിസ്ഥിതി സൗഹൃദപരവുമായ പൊതുഗതാഗത മാതൃകകളെയാണ് യു ഐ ടി പി ഇംപാക്ട് അവാര്‍ഡിനായി പരിഗണിക്കാറുള്ളത്.മെട്രോ സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യം അനായാസമാക്കാന്‍ ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ ലഭ്യമാക്കി. കാല്‍നടയാത്രക്കാര്‍ക്കുള്ള ആധുനിക നടപ്പാതകള്‍, നഗരത്തില്‍ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനുള്ള സൈക്കിള്‍ ഷെയറിംഗ് സംവിധാനം, ഇവയെല്ലാം ഒരുമിച്ച് ഏകോപിപ്പിക്കുന്ന ഡിജിറ്റല്‍ മൊബിലിറ്റി ആപ്പുകള്‍, സേവനങ്ങള്‍ തുടങ്ങിയ പ്രത്യേകതകളാണ് കൊച്ചി മെട്രോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.