മനാമ: ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ (Yoga for Healthy Ageing) എന്ന സന്ദേശമുയർത്തി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനം (IDY) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 21-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ (BKS) വെച്ച് നടന്ന പ്രധാന യോഗാ സെഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറൂറിലധികം യോഗാ പ്രേമികളും പ്രവാസികളും ആവേശത്തോടെ പങ്കെടുത്തു.ഇന്ത്യൻ എംബസിയിലെ കൾച്ചറൽ ടീച്ചർ ഡോ. നർപാൽ സിംഗ്, ബഹ്‌റൈൻ സ്വദേശിയായ യോഗാ പരിശീലക മേ അവാദ എന്നിവർ ചേർന്നാണ് കൂട്ട യോഗാ സെഷന് നേതൃത്വം നൽകിയത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ മുൻ തൊഴിൽ മന്ത്രി അബ്ദുൽ നബി അൽ ഷൂഅല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.യഥാർത്ഥ സമാധാനത്തിന്റെ തുടക്കം മനുഷ്യന്റെ ആന്തരിക സന്തുലിതാവസ്ഥയിൽ നിന്നാണെന്നും, സ്വയം പൊരുത്തപ്പെടാൻ സാധിക്കുന്നതിലൂടെ സമൂഹങ്ങൾക്കിടയിൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും അൽ ഷൂഅല തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സമീപകാലത്തെ പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ യോഗാ ദിനാഘോഷത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, യോഗ എന്നത് ലോകത്തിന് ഇന്ത്യ നൽകിയ എക്കാലത്തെയും വലിയ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വലിയ ജനപങ്കാളിത്തം ബഹ്‌റൈൻ രാജ്യത്തോടുള്ള ആദരവാണെന്നും ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രകടനമാണെന്നും അംബാസഡർ വിനോദ് കെ. ജേക്കബ് വിശേഷിപ്പിച്ചു. സമാധാനം, ഐക്യം, പ്രതിരോധശേഷി എന്നിവ വളർത്തുന്നതിൽ യോഗയുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ചടങ്ങിൽ സംസാരിച്ചു. 2014 മുതൽ ആഗോളതലത്തിൽ നടന്ന യോഗാ ദിനാഘോഷങ്ങളെ കോർത്തിണക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം: യോഗാ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഭാരത സർക്കാരിന്റെ ആയുഷ് മന്ത്രാലയം പുതിയൊരു ഗിന്നസ് വേൾഡ് റെക്കോർഡ് (Guinness World Record) കൂടി സ്വന്തമാക്കിയതായി അംബാസഡർ അറിയിച്ചു. ജൂൺ 14 മുതൽ 21 വരെ യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്ത ആഗോള യോഗാ സെഷൻ 1.36 കോടിയിലധികം (13,600,000) പേർ തത്സമയം കണ്ടതോടെയാണ്, ‘ഏറ്റവും കൂടുതൽ ആളുകൾ തത്സമയം കണ്ട യൂട്യൂബ് ലൈവ് യോഗാ സ്ട്രീം’ എന്ന റെക്കോർഡ് പിറന്നത്. ബഹ്‌റൈനിൽ നിന്നുള്ള യോഗാ പ്രേമികളും അംബാസഡറും എംബസി ഉദ്യോഗസ്ഥരും ഈ ആഗോള റെക്കോർഡ് ദൗത്യത്തിൽ പങ്കാളികളായി.മെയ് 29-ന് ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന കർട്ടൻ റൈസർ പരിപാടികളോടെയാണ് ഈ വർഷത്തെ യോഗാ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ടത്. നിലവിൽ പൊതുജനങ്ങൾക്കായി ദിവസേനയുള്ള യോഗാ ക്ലാസുകൾ എംബസിയിൽ സൗജന്യമായി നടത്തിവരുന്നുണ്ട്. കത്തീഡ്രലുകളും സ്കൂളുകളും ഉൾപ്പെടെ ബഹ്‌റൈനിലെ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളും യോഗാ ദിനത്തിന്റെ ഭാഗമായി പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചിരുന്നു. പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച വിവിധ സംഘടനകൾക്കും യോഗാ പ്രേമികൾക്കും എംബസി പ്രത്യേകം നന്ദി രേഖപ്പെടുത്തി.The post ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗാ ദിനം പ്രൗഢമായി ആഘോഷിച്ചു; 600-ലധികം ആളുകൾ പങ്കെടുത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.