ചങ്കൂറ്റത്തിന്റെ ആള്‍രൂപമായി അനന്തന്‍കാടിലെ കൃഷ്ണന്‍കുട്ടി അണ്ണന്‍; വിസ്മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ്

Wait 5 sec.

ഓരോ സിനിമകളിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ദ്രന്‍സിന്റെ അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങളുമായി അനന്തന്‍കാട്. കൃഷ്ണന്‍കുട്ടിയെന്ന കഥാപാത്രത്തിലൂടെയാണ് ഇന്ദ്രന്‍സ് വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ചെങ്കല്‍ചൂള കോളനിയിലെ ചൂളം ഗാനമേള ട്രൂപ്പിന്റെ മേധാവിയായാണ് ഇന്ദ്രന്‍സ് എത്തിയിരിക്കുന്നത്. പല അടരുകളുള്ളൊരു ക്യാരക്ടര്‍ ആര്‍ക്കാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. സ്വയം മറക്കാനാഗ്രഹിക്കുന്നൊരു ഭൂതകാലമുണ്ട് ഈ കഥാപാത്രത്തിന്. തീ കത്തിച്ച് ബീഡിയിലേക്ക് പകരുന്ന അദ്ദേഹത്തിന്റെ ഇന്‍ട്രോയില്‍ തന്നെ കൃഷ്ണന്‍കുട്ടി ആരാണ്, എന്താണ് എന്ന് വായിച്ചെടുക്കാം. ചൂളയിലെ പ്രധാന ഗുണ്ടാ സംഘത്തിന്റെ നേതാവായ അദ്ദേഹം പക്ഷേ ചോരക്കളികള്‍ എല്ലാം അവസാനിപ്പിച്ച് നല്ല പാതയില്‍ നടക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ അതിനിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ സംഭവിക്കുന്നതും തുടര്‍ന്നുള്ള കാര്യങ്ങളുമാണ് സിനിമ പറയുന്നത്. ഗ്രേ ഷെയ്ഡിലുള്ള കൃഷ്‌ണേട്ടന്‍ എന്ന കഥാപാത്രം ഇന്ദ്രന്‍സിന്റെ കൈയ്യില്‍ ഭദ്രമാണ്. ഗാനമേള മാസ്റ്ററായും ക്വട്ടേഷന്‍ സംഘത്തിന്റെ മാസ്റ്റര്‍ ബ്രെയിനായും ഇതുവരെ കാണാത്ത വിധത്തിലുള്ള അതിഗംഭീര പകര്‍ന്നാട്ടമാണ് ഇന്ദ്രന്‍സ് നടത്തിയിരിക്കുന്നത്. ഒപ്പമുള്ള തങ്കരാജ്, മുരളി, ജാക്‌സണ്‍ എന്നിവരെ സ്വന്തം മക്കളെപ്പോലെ ചേര്‍ത്തു നിര്‍ത്തുന്നുണ്ട് കൃഷ്ണന്‍കുട്ടി. അവര്‍ക്ക് തിരിച്ചും ഒരു അച്ഛന്‍ അല്ലെങ്കില്‍ ജ്യേഷ്ഠന്‍ അതാണ് അദ്ദേഹം. ഏത് കാര്യത്തിലും അണ്ണന്‍ ആണ് അവരുടെ അവസാന വാക്ക്. ഞെട്ടിക്കുന്ന അഭിനയമാണ് ഓരോ രംഗങ്ങളിലും അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. മുരളി ഗോപി എഴുതിയിരിക്കുന്ന തീപ്പൊരി ഡയലോഗുകള്‍ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഇന്ദ്രന്‍സിന്റെ ശബ്ദത്തില്‍ കേള്‍ക്കുന്നത്. തങ്കരാജായി മുരളി ഗോപിയും വെട്രിയായി ആര്യയും ജാക്‌സണായി അപ്പാനി ശരത്തും മുരളിയായി ദേവ് മോഹനും മികച്ച പ്രകടനങ്ങളാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം വിജയരാഘവന്റേതാണ്. തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സുനിലും മികച്ച കഥാപാത്രമായാണ് ചിത്രത്തിലുള്ളത്. സ്ത്രീ കഥാപാത്രങ്ങളില്‍ ശാന്തി ബാലചന്ദ്രനും നിഖില വിമലും സ്‌കോര്‍ ചെയ്തിട്ടുണ്ട്. എസ്.യുവയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വാരിയത്താണ് എഡിറ്റര്‍. ബി.അജനീഷ് ലോക്‌നാഥ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചതാണ്. മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.