മൂഴിയാര്‍(പത്തനംതിട്ട) | ഗവിയെ നടുക്കിയ മേനകാ കൊലക്കേസ് പ്രതി വിനോദ് കുമാറു (42)മായി ഗവി, മീനാര്‍, വണ്ടിപ്പെരിയാര്‍ സ്ഥലങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ജൂണ്‍ 18നാണ് അങ്കണ്‍വാടി ജീവനക്കാരിയായ മേനകയെ മീനാറിന് സമീപം കാടിനുള്ളിലെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ മൂഴിയാര്‍ പോലീസ് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മേനകയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ബാഗ്, കുട എന്നിവയും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇവ കണ്ടെത്തുകയും കൊലപാതകം നടത്തിയ രീതിയെക്കുറിച്ച് പ്രതിയില്‍ നിന്ന് തന്നെ തെളിവുകള്‍ ശേഖരിക്കുകയുമായിരുന്നു പോലീസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആങ്ങമൂഴിയില്‍ നിന്ന് പ്രതിയുമായി ഇന്നലെ വെളുപ്പിന് 2.30 ഓടെ പോലീസ് സംഘം മുണ്ടക്കയം കുട്ടിക്കാനം വണ്ടിപ്പെരിയാര്‍ വഴിയാണ് ഗവിയിലേക്ക് സഞ്ചരിച്ചത്.മഴയത്ത് ഏഴ് കിലോമീറ്ററോളം വനത്തിലൂടെയും നീര്‍ച്ചാലുകളിലൂടെയും കാല്‍നടയായി സഞ്ചരിച്ച് പ്രതിയുമായി അന്വേഷണസംഘം കൃത്യസ്ഥലത്ത് എത്തി. കൊലപാതകം നടത്തിയ ശേഷം ഇരയുടെ ശരീരത്തില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ വള, സ്വര്‍ണക്കമ്മല്‍, മൊബൈല്‍ ഫോണ്‍, കുട എന്നിവ പ്രതി പോലീസിന് കാട്ടിക്കൊടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ ഒരു മരപ്പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇരയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ആയിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. യാതൊരു ഭാവഭേദവും മടിയും കൂടാതെ കൊലപാതകം നടത്തിയ രീതിയും കവര്‍ന്ന മുതലുകള്‍ ഒളിപ്പിച്ച സ്ഥലവും പ്രതി പോലീസിന് കാണിച്ചു കൊടുക്കുകയായിരുന്നു.പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുന്നതറിഞ്ഞ് ആയിരത്തോളം പ്രദേശവാസികള്‍ പല സ്ഥലങ്ങളിലായി തടിച്ചുകൂടിയിരുന്നു. പല സമയത്തും ജനങ്ങള്‍ രോഷാകുലരായി പ്രതിയെ ആക്രമിക്കാന്‍ തുനിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കോന്നി ഡി വൈ എസ് പി. എം എം ജോസിന്റെ നേതൃത്വത്തില്‍ മൂന്ന് ഡി വൈ എസ് പിമാര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വനമേഖലയിലേക്ക് പ്രവേശിക്കുന്ന മൂന്നിടങ്ങളില്‍ കര്‍ശനമായ സുരക്ഷ ഒരുക്കി. നാട്ടുകാരില്‍ നിന്ന് പ്രകോപനമോ വന്യമൃഗങ്ങളില്‍ നിന്ന് പ്രതിക്കെതിരെ ആക്രമണമോ ഉണ്ടായാല്‍ തടയുന്നതിനായി തണ്ണിത്തോട് ചിറ്റാര്‍ മൂഴിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 20 അംഗ പോലീസ് സംഘമാണ് തെളിവെടുപ്പിനായി പ്രതിയുമൊത്ത് വനത്തിലേക്ക് പോയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കോന്നി ഡി വൈ എസ് പി. എം എം ജോസ്, മൂഴിയാര്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ. ആര്‍ പ്രകാശ്, എസ് ഐ. സന്തോഷ്, സി പി ഒ. അനൂപ്, മൂഴിയാര്‍ സ്റ്റേഷനിലെ സി പി ഒമാരായ അനീഷ്, ശ്രീകുമാര്‍, കിരണ്‍, ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. വരും ദിവസങ്ങളിലും കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുമെന്നും ജൂണ്‍ 24ന് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു.Content Highlights:The police have conducted an extensive evidence collection process with the accused in the Gavi Anganwadi worker murder case. Investigators brought the culprit to the crime scene to reconstruct the sequence of events. Local residents gathered as security was tightened during the procedure.