മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. മുംബൈയിലെ ബൈക്കുള പ്രദേശത്ത് നടന്ന ആശുറ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ബി.ബി.എ ബിരുദധാരിയായ ഫയ്യാസ് പ്രേംജിയാണ് പൊലീസിന്റെ പിടിയിലായത്.ഏകദേശം 15,000 പേരെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് എന്ന മാരകമായ രാസവസ്തുവാണ് ഗുളികകളിൽ അടങ്ങിയിരുന്നത്. ഇത് കഴിച്ചാൽ ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.ALSO READ: ‘എസ്‌ഐആറിലൂടെ വോട്ട് നഷ്ടമായി, പാസ്‌പോർട്ടും പുതുക്കാനാകുന്നില്ല’: ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽവേദനസംഹാരികളെന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളെന്നുമാണ് ഇയാൾ ഗുളികകളെ പരിചയപ്പെടുത്തിയിരുന്നത്. ഘോഷയാത്രയ്ക്കിടെ ഗുളികകൾ വിതരണം ചെയ്യുന്നതിൽ സംശയം തോന്നിയ മൂന്ന് വനിതാ വോളന്റിയർമാരുടെ ജാഗ്രതയാണ് വൻ ദുരന്തം ഒഴിവാക്കിയത്. അവർ ഗുളിക തുറന്നു പരിശോധിക്കുകയും പൊടി രൂപത്തിലുള്ള വിഷം കണ്ടെത്തുകയും ചെയ്തതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പ്രതിയുടെ പക്കൽ നിന്ന് 14,900 വിഷഗുളികകൾ പോലീസ് പിടിച്ചെടുത്തു. കൂടാതെ, 30,000 ഒഴിഞ്ഞ ക്യാപ്സ്യൂളുകളും 50 കിലോ ഫോസ്ഫറസും ഇയാൾ ഓർഡർ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഗുളികകൾ കഴിച്ച 11 പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.പ്രതി നേരത്തെ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും ബൈക്കുള പോലീസ് അന്വേഷിച്ചു വരികയാണ്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 123 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതി പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.The post ‘ലക്ഷ്യം 15,000 പേരുടെ മരണം’; മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം, യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.