ഒന്നര മാസത്തിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണകൂടങ്ങള്‍ പൊളിച്ചുനീക്കിയത് 23 മുസ്‌ലിം പള്ളികളും ദര്‍ഗകളും മദ്‌റസകളും. ഉത്തര്‍പ്രദേശിലെ സംഭല്‍, വാരാണസി, രാജസ്ഥാനിലെ ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഈയിടെ നടന്ന വന്‍പൊളിച്ചു മാറ്റല്‍ നടപടിക്കു പിന്നാലെ യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സംഘടനയായ ‘ജസ്റ്റിസ് ഫോര്‍ ആള്‍’ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്ക് മണ്ണടിയുകയാണ്. ബി ജെ പി ഭരിക്കുന്ന ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലാണ് മുസ്‌ലിം സ്ഥാപനങ്ങള്‍ ലക്ഷ്യമാക്കിയുള്ള ബുള്‍ഡോസര്‍ രാജ് കൂടുതലും.ജയ്പൂരിലെ നൂറാനി മസ്ജിദ്, മഹാരാഷ്ട്ര ഭയന്ദറിലെ നൂരി മസ്ജിദ്, സംഭലിലെ മുസ്ഥഫ ഖാദിരി മസ്ജിദ്, ഈദ്ഗാഹ്, ദര്‍ഗ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ അജ്‌ഗൈബ് ശഹീദ് മസ്ജിദ്, മുംബൈയില്‍ ഗൊറാഗാവ് പ്രദേശത്തെ ഹസ്‌റത്ത് സയ്യിദ് ബര്‍ക്കത്ത് അലിശാ പീര്‍ബാബാ ദര്‍ഗ, പുണെയിലെ ബോപോഡി മെട്രോ സ്റ്റേഷനു സമീപത്തെ ഹസ്‌റത്ത് ശംസുദ്ദീന്‍ ഖാദിരി ദര്‍ഗ, ഗുജറാത്തിലെ മൂന്ന് ദര്‍ഗകള്‍, മഖ്ബറ തുടങ്ങിയവയാണ് തകര്‍ക്കപ്പെട്ടത്. ജയ്പൂരിലെ നൂറാനി മസ്ജിദ് നിയമപരമായി വഖ്ഫ് ബോര്‍ഡിനു കീഴിലുള്ളതാണ്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ വാരാണസി ഗഞ്ച് ശഹീദ് മസ്ജിദും പൊളിക്കല്‍ ഭീഷണി നേരിടുന്നു. പള്ളി ഒഴിയണമെന്നാവശ്യപ്പെട്ട് ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്.പൊതുസ്ഥലം കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടമെന്ന പേരിലാണ് പൊളിച്ചുമാറ്റല്‍. അതേസമയം മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന, അനധികൃത നിര്‍മാണമെന്ന് പരാതി ഉയര്‍ന്ന മറ്റു മത സ്ഥാപനങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കുന്നു. ഒരു കെട്ടിടം അനധികൃതമാണെങ്കില്‍ പോലും ഭരണകൂടം അത് പൊളിച്ചുമാറ്റുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. നോട്ടീസ് നല്‍കുക, കെട്ടിട ഉടമകളുടെ ഭാഗം കേള്‍ക്കുക, രേഖകളുടെ പരിശോധന, അപ്പീലിന് അവസരം നല്‍കല്‍ തുടങ്ങിയ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊളിച്ചുമാറ്റല്‍.സാധാരണ കെട്ടിടങ്ങളല്ല ആരാധനാലയങ്ങള്‍. അവ വിശ്വാസത്തിന്റെ കേന്ദ്രങ്ങളാണ്. ഒരു സമൂഹത്തിന്റെ ചരിത്രസ്മരണയാണ്. സംസ്‌കാരത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഭാഗമാണ്. അത്തരം സ്ഥാപനങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ ഭരണപരമായ വശങ്ങള്‍ മാത്രമല്ല, ചരിത്രപരവും സാംസ്‌കാരികവുമായ വശങ്ങള്‍ കൂടി പരിഗണിക്കണം. പുരാവസ്തു പ്രാധാന്യമുള്ളതോ സാമൂഹികമായി പ്രാധാന്യമുള്ളതോ ആയ കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. രേഖാപരമായ തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ സംവിധാനങ്ങളുണ്ട്. ഇതിനു പകരം നിയമത്തിന്റെ വഴികളെയെല്ലാം അവഗണിച്ച് ഒറ്റയടിക്ക് പൊളിച്ചുമാറ്റുന്നത് ചരിത്രത്തെ തന്നെ മായ്ച്ചു കളയാനുള്ള നീക്കമാണ്.മുസ്‌ലിം ആരാധനാലയങ്ങളും ദര്‍ഗകളും മാത്രമല്ല ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ലക്ഷ്യമിടുന്നത്, വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെടുന്നുണ്ട്. എവിടെയങ്കിലും വര്‍ഗീയ സംഘര്‍ഷം ഉടലെടുത്താല്‍ കോടതികള്‍ ഇടപെടുന്നതിനു മുന്നേ മുസ്‌ലിം വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ ബുള്‍ഡോസറുകള്‍ നീങ്ങുന്നത് രാജ്യത്ത് പതിവുകാഴ്ചയാണ്. താമസിക്കാനിടമില്ലാതെയും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടും കൊടിയ ദുരിതത്തിലാണ് പല കുടുംബങ്ങളും. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരികയുണ്ടായി. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ബുള്‍ഡോസര്‍ അതിക്രമത്തിന്റെ കണക്കുകള്‍ ആംനസ്റ്റി രേഖാമൂലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുസ്‌ലിം സമുദായത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും അവരുടെ സാമൂഹിക- സാമ്പത്തിക അടിത്തറ ദുര്‍ബലപ്പെടുത്തുകയും സാംസ്‌കാരിക സാന്നിധ്യം തേച്ചുമായ്ച്ചു കളയുകയും വഴി രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ട അവസ്ഥ സൃഷ്ടിക്കലാണിതിന്റെ പിന്നിലെ ലക്ഷ്യം. ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ചരിത്രത്തിലുടനീളം നടപ്പാക്കിയ വംശീയ ഉന്മൂലനത്തിന്റെ പച്ചയായ രൂപമാണിത്. പെട്ടെന്നൊരു ദിവസം അരങ്ങേറുന്നതല്ല വംശീയ ഉന്മൂലനമെന്നും ചെറിയ തോതിലുള്ള അവകാശ നിഷേധങ്ങളില്‍ തുടങ്ങി സാമ്പത്തിക- സാംസ്‌കാരിക നശീകരണത്തിലൂടെ വളര്‍ന്നു വരുന്നതാണെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.മുസ്‌ലിം സമൂഹം നേരിടുന്ന സാമൂഹികവും രാഷ്ട്രീയവുമായ പാര്‍ശ്വവത്കരണത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം. അടുത്ത കാലത്തായി നിരന്തരം തുടരുന്ന വംശീയ അധിക്ഷേപങ്ങളും വ്യാജ ആരോപണം ഉന്നയിച്ചുള്ള അറസ്റ്റുകളും ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും സമുദായത്തില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതായി ബോര്‍ഡ് യോഗം വിലയിരുത്തുകയുണ്ടായി.സമുദായത്തിന്റെ അസ്തിത്വവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിന് വിവിധ മുസ്‌ലിം സംഘടനകളെയും മതമേലധ്യക്ഷന്മാരെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെയും ഉള്‍പ്പെടുത്തി വിപുലമായ കൂട്ടായ്മ രൂപപ്പെടുത്തി രംഗത്തിറങ്ങാനാണ് ബോര്‍ഡിന്റെ പദ്ധതി. അതേസമയം കേവലം ഒരു മതവിഭാഗത്തിന്റെ അതിജീവനം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ജനാധിപത്യ വിശ്വാസികളും മതേതര കക്ഷികളും ഈ ജനകീയ പ്രക്ഷോഭത്തിന് കരുത്ത് പകരാന്‍ മുന്നോട്ട് വരേണ്ടതുണ്ട്. Content Highlights:A study by Justice for All found that 23 Muslim religious structures were demolished in North India within 45 days. The report alleges that established legal procedures were ignored during these actions in BJP-ruled states. In response, the All India Muslim Personal Law Board has planned a nationwide protest.