നീറ്റ് പരീക്ഷക്ക് മുന്നോടിയായി ഇന്ത്യയിൽ നിരോധിച്ച ടെലിഗ്രാം ആപ്പ് പ്ലേ സ്റ്റോറിൽ തിരിച്ചെത്തി

Wait 5 sec.

ന്യൂഡൽഹി | നീറ്റ് യു ജി 2026 പുനഃപരീക്ഷയോടനുബന്ധിച്ച് മുൻകരുതൽ നടപടിയായി ഇന്ത്യയിലുടനീളം താൽക്കാലികമായി നിരോധിച്ച മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ചൊവ്വാഴ്ച ഗൂഗിൾ പ്ലേ സ്റ്റോറിൽ തിരിച്ചെത്തി. ജൂൺ 21 ന് നടന്ന നീറ്റ് യു ജി 2026 പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പ് നടത്താനും സംഘടിത തട്ടിപ്പ് സംഘങ്ങൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ ടി എ) ആരോപിച്ചിരുന്നു. എൻ ടി എ യുടെ അഭ്യർത്ഥനയെ തുടർന്ന് ജൂൺ 16 മുതൽ 22 വരെ ടെലിഗ്രാം താൽക്കാലികമായി തടയാൻ സർക്കാർ ഉത്തരവിട്ടിരുന്നു.അതേസമയം ടെലിഗ്രാമിന്റെ മെസ്സേജ് എഡിറ്റിങ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജൂൺ 30 വരെ നിലനിൽക്കും. എന്നാൽ ഈ ആപ്പ് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇപ്പോഴും ലഭ്യമായിട്ടില്ല. നീറ്റ് പരീക്ഷാർത്ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ് നെറ്റ്‌വർക്കുകൾ പ്ലാറ്റ്‌ഫോം സംഘടിതമായി ഉപയോഗിക്കുന്നതിന് എതിരെ പൊതുതാത്പര്യം മുൻനിർത്തിയാണ് ഇരു നടപടികളും സ്വീകരിച്ചതെന്ന് എൻ ടി എ വ്യക്തമാക്കിയിരുന്നു. ജൂൺ 21 ന് നടന്ന നീറ്റ് യു ജി പുനഃപരീക്ഷ വിജയകരമായി പൂർത്തിയായതായും ചോദ്യപേപ്പർ ചോർച്ചയോ മറ്റ് വലിയ തട്ടിപ്പുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻ ടി എ അറിയിച്ചു.ടെലിഗ്രാമിന്റെ സേവനങ്ങൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യാനും മെസ്സേജ് എഡിറ്റിങ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനം ഈ മാസമാദ്യം ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ടെലിഗ്രാം എഫ് ഇസഡ് എൽ എൽ സി ഫയൽ ചെയ്ത ഹർജി തള്ളിയ കോടതി അടിയന്തര ബ്ലോക്കിങ് അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ സർക്കാർ പാലിച്ചിട്ടുണ്ടെന്നും നിയന്ത്രണങ്ങൾ ആനുപാതികമാണെന്നും വ്യക്തമാക്കി. എൻ ടി എ യുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ശുപാർശകളെ തുടർന്നാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. Content HighlightsTelegram has returned to Google Play Store after a temporary ban from June 16 to 22 in India due to NEET UG 2026 exam cheating concerns raised by NTA. The message-editing feature will remain disabled till June 30, and the app is still unavailable on Apple’s App Store.