ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച കടുത്ത അഴിമതി ആരോപണങ്ങളിൽ നിന്ന് യുഡിഎഫ് അതിവേഗം നിലപാടുകൾ മാറ്റിയതിൽ വിമർശനവുമായി ഗോപകുമാർ മുകുന്ദൻ. നാടിന് അഭിമാനമായ, നവോത്ഥാന പാരമ്പര്യത്തിൻ്റെ ഭാഗമായ, ഒരു സഹകരണ സ്ഥാപനത്തെ കുറിച്ച് മുമ്പ് യുഡിഎഫ് നടത്തിയ വിഷമയമായ നുണപ്രചരണത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. വി ഡി സതീശൻ്റെയും കെസി വേണുഗോപാലിൻ്റെയും ലീഗിൻ്റെയും നേതൃത്വത്തിൽ എത്ര വിഷമയമായ നുണപ്രചരണമാണ് സംഘടിതമായി അഴിച്ചു വിട്ടിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.മുണ്ടക്കൈ- ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് പ്രവൃത്തി യുഎൽസിസിഎസിനെ ഏൽപ്പിച്ചപ്പോൾ യുഡിഎഫ് പടച്ചുവിട്ട അപവാദ പ്രചരണങ്ങളും അദ്ദേഹം ഓർമിപ്പിച്ചു. ടൗൺഷിപ്പ് ഒരിക്കലും യാഥാർത്ഥ്യമാകരുത് എന്ന ദുഷ്‌ട ചിന്തയോടെയായിരുന്നു കോൺഗ്രസും യൂത്ത് കോൺഗ്രസും എല്ലാ ദുഷ്പ്രചരണവും അഴിച്ചുവിട്ടതെന്ന് ഗോപകുമാർ പറഞ്ഞു. സതീശൻ മണിലോണ്ടറിങ് വരെ ആരോപിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. എങ്ങനെയാണോ സിഎജി വൃത്തങ്ങളുമായി ഗൂഢാലോചന നടത്തി കിഫ്ബിയിൽ ഇഡിയെ എഴുന്നള്ളിച്ചത് അതുപോലെ കുപ്രസിദ്ധമായ ഈ അന്വേഷണ ഏജൻസിയ്ക്ക് ഇവർ വഴി ഒരുക്കി കൊടുത്തെന്നും അദ്ദേഹം വിമർശിച്ചു. ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്ത് രണ്ടാം സ്ഥാനത്തുമുള്ള ഈ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഒറ്റുകൊടുക്കാൻ കച്ചകെട്ടി ഇറങ്ങിയതാണ് യുഡിഎഫിൻ്റെ ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.സിവിൽ എഞ്ചിനീയർ കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഊരാളുങ്കൽ സൊസൈറ്റിയെയും വയനാട് ടൗൺഷിപ്പിനെയും കുറിച്ച് അധികാരികം എന്ന മട്ടിൽ പറഞ്ഞു പോന്ന അസംബന്ധങ്ങൾ അധികം പേർ ഓർക്കുന്നുണ്ടാകും എന്നു തോന്നുന്നില്ല. കിഫ്ബിയുടെ പ്രവൃത്തികൾ മുഴുവൻ ഊരാളുങ്കൽ വഴി പണം ഊറ്റാൻ സിപിഎം നടത്തുന്ന കൊള്ളയാണ് എന്ന ആഖ്യാനം എത്ര ആസൂത്രിതമായിട്ടാണ് യുഡിഎഫ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.Also Read: സ്ത്രീസുരക്ഷാ പദ്ധതിയിൽ മുഖ്യമന്ത്രിയുടേത് പ്രതിഷേധാർഹമായ നിലപാട്, എന്തിനാണ് പാവപ്പെട്ട സ്ത്രീകളോട് അനാവശ്യ വീറും വാശിയും?: പിണറായി വിജയൻഇപ്പോൾ ലീഗിൻ്റെ മന്ത്രി പികെ ബഷീർ ഔദ്യോഗികമായി ഈ വക ആഖ്യാനങ്ങൾക്കൊന്നും ഔദ്യോഗിക പിന്തുണ നൽകാതെ സംശയ ലേശമന്യേ നിരാകരിക്കുന്നത് എന്തുകൊണ്ടാണെന്നും ഗോപകുമാർ ചോദിക്കുന്നു. ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ പരിഷ്‌ക്കരണവും സാക്ഷരതയും ജനകീയാസൂത്രണവും അധികാര വിഭവ വികേന്ദ്രീകരണവും കുടുംബശ്രീയും എല്ലാം പോലെ കേരളത്തിന് ഇടതു പക്ഷം നൽകിയ സംഭാവനകളാണ് കിഫ്ബിയും ഊരാളുങ്കലും വയനാട് പുനരധിവാസ മാതൃകയും എല്ലാമെന്നും അദ്ദേഹം പറഞ്ഞു.എല്ലാക്കാലത്തും ഇവ ഓരോന്നും തകർക്കാൻ കോൺഗ്രസ് ഇറങ്ങിയിട്ടുള്ളതാണ് ചരിത്രമെന്നും നേർപ്പിക്കാനല്ലാതെ ഇവയൊന്നും ഇല്ലാതാക്കാൻ തക്ക പ്രാപ്തി ഒരു കാലത്തും ഉണ്ടായിട്ടില്ല കോൺഗ്രസിനെന്നും അദ്ദേഹം വിമർശിച്ചു. അത്രമേൽ കേരള സമൂഹത്തിൻ്റെ ഊടും പാവുമാണ് ഈ ഇടതു പക്ഷ പാരമ്പര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതു തന്നെയാണ് കിഫ്ബിയിലും യുഎൽസിസിഎസിലും വയനാട് പുനരധിവാസ മാതൃകയിലും എല്ലാം സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതു തന്നെയാണ് ബഷീറിൻ്റെ നിയമസഭാ മറുപടിയുടെയും കാരണമെന്നും മറിച്ചാഗ്രഹമുണ്ടെങ്കിലും നടക്കാത്ത മോഹമാണ് ഇവയുടെ നാശമെന്നും അദ്ദേഹം വ്യക്തമാക്കി. അത്രമേൽ നേരാണ് ഇവയൊക്കെ എന്നതു മാത്രമാണ് കാരണമെന്നും ഗോപകുമാർ മുകുന്ദൻ പറഞ്ഞു.The post “ഊരാളുങ്കലിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ എത്ര വിഷമയമായ നുണപ്രചരണമാണ് അഴിച്ചു വിട്ടിരുന്നത്” ശ്രദ്ധനേടി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.