വീര്യം കുറഞ്ഞതും വിന തന്നെ

Wait 5 sec.

വീര്യം കുറഞ്ഞ മദ്യം സമൂഹത്തിന് ആപത്താണ്. അതിന്റെ വ്യാപനം സൃഷ്ടിക്കുന്ന അപകടങ്ങൾ ഏറെയാണ്. പുതിയ നീക്കം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവതലമുറയെ മദ്യപാന ശീലത്തിലേക്ക് കൂടുതൽ ആഴത്തിൽ തള്ളിവിടുമെന്നതാണ്​ യാഥാർഥ്യം.ലഹരിയിലേക്കുള്ള കവാടം“ലിക്വർ ഡീഫ്ലൊറേഷൻ’ (Liquor Defloration) എന്ന്​ ഈ രംഗത്തെ വിദഗ്​ധർ വിശേഷിപ്പിക്കുന്ന ഒന്നാണ്​ ഇക്കാര്യത്തിൽ ആദ്യത്തെ ഭീഷണി. ആദ്യമായി ഒരു വ്യക്തി മദ്യം രുചിച്ചു നോക്കുന്നതിനെയാണ് ശാസ്ത്രീയമായി “ലിക്വർ ഡീഫ്ലൊറേഷൻ’ എന്ന് വിശേഷിപ്പിക്കുന്നത്. വീര്യം കുറഞ്ഞ മദ്യങ്ങളാകട്ടെ ചവർപ്പും കയ്പും കുറഞ്ഞതാണ്​. അതുകൊണ്ടുതന്നെ കൗമാരക്കാരും വിദ്യാർഥികളും ഇത് വെറുമൊരു സാധാരണ പാനീയമെന്ന നിലയിൽ പരീക്ഷിക്കാൻ സാധ്യതയേറെയാണ്​. മദ്യത്തോടുള്ള ഭയവും വിമുഖതയും ഇല്ലാതാക്കാൻ ഇത്​ ഇടയാക്കുകയും വീര്യം കുറഞ്ഞ മദ്യം ഒരു “ഗേറ്റ്‌വേ’ (Gateway) അഥവാ പ്രവേശന കവാടമായി പ്രവർത്തിക്കുകയും ചെയ്യും.പ്രതികര​ണശേഷി നശിക്കുംവീര്യം കുറഞ്ഞ മദ്യം ഒരു തമാശക്ക്​ തുടങ്ങുകയും പിന്നീട്​ തുടർച്ചയായി ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ശരീരത്തിന് ആ മദ്യത്തിന്റെ അളവിനോട് പൊരുത്തപ്പെടാനുള്ള ശേഷി കൈവരുന്നു. ഇതിനെയാണ്​ “ആൽക്കഹോൾ ടോളറൻസ്’ (Alcohol Tolerance) എന്നു പറയുന്നത്​. ഇതിന്റെ ഫലമായി കാലക്രമേണ, ആദ്യമുണ്ടായിരുന്ന ലഹരിയോ അനുഭൂതിയോ ലഭിക്കാൻ ആ വ്യക്തി കൂടുതൽ അളവിൽ മദ്യം കഴിക്കേണ്ടി വരുന്നു. ഇതോടെ വീര്യം കുറഞ്ഞ മദ്യത്തിൽ നിന്ന് വ്യക്തികൾ ക്രമേണ വീര്യം കൂടിയ മദ്യങ്ങളിലേക്ക് നയിക്കപ്പെടുന്നു.അടിമത്തത്തിലേക്ക് നയിക്കുംനിരന്തരമായി ഇത്തരം വീര്യം കുറഞ്ഞ മദ്യം കഴിക്കുകവഴി ടോളറൻസ് വർധിക്കുന്നതോടെ ശരീരം മദ്യത്തിന് പൂർണമായി അടിമപ്പെടുന്ന അവസ്ഥയുണ്ടാകും. ഇതിനെ “ആൽക്കഹോൾ ഡിപെൻഡൻസ്'(Alcohol Dependence) എന്ന്​ പറയുന്നു. ഇത്​ വ്യക്തിയെ മദ്യമില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും. മാനസികവും ശാരീരികവുമായ അവസ്ഥയാണിത്. ഇതോടെ വ്യക്​തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യതിയാനങ്ങളുണ്ടാവുകയും മദ്യം ലഭിക്കുന്നതിനായി എന്തും ചെയ്യാൻ മടിക്കാത്ത അവസ്ഥയിലേക്ക്​ മാറുകയും ചെയ്യും.തുടർന്ന്​ പണത്തിന്​ വേണ്ടി മോഷണം, പിടിച്ചുപറി, ഗുണ്ടായിസം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക്​ വഴുതിവീഴുകയും ചെയ്യും. കൗമാരക്കാരായ വിദ്യാർഥികളിൽ ഇത്​ പഠനത്തെ ബാധിക്കുകയും ഭാവിയെത്തന്നെ ഇരുട്ടിലാക്കുകയും ചെയ്യും.നമ്മുടെ സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമൂഹിക – സാമ്പത്തിക പശ്ചാത്തലത്തിൽ മദ്യത്തിന്റെ അമിതവും വ്യാപകവുമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ഇതാവട്ടെ ഗുരുതരമായ ശാരീരിക-മാനസിക പ്രശ്നങ്ങൾക്ക്​ ഇടയാക്കുകയും ചെയ്യും.ശാരീരിക പ്രശ്നങ്ങൾമദ്യത്തിന്റെ ഉപയോഗം കാരണം കരൾ രോഗങ്ങൾ, പാൻക്രിയാറ്റൈറ്റിസ്, ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം എന്നിവക്ക്​ സാധ്യതയേറെയാണ്​. കൂടാതെ ആമാശയം, തൊണ്ട, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കും മദ്യപാനം ഒരു പ്രധാന കാരണമാണ്​. ഇതിനെല്ലാം പുറമെ മദ്യം ശരീരത്തിലെ അവശ്യ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു. ഫലത്തിൽ ഒരു മദ്യപാനിയുടെ ശരീരം നിരവധിയായ രോഗങ്ങളുടെ ഒരു കേന്ദ്രമായി മാറുന്നു.മാനസിക പ്രശ്നങ്ങൾവിഷാദരോഗം (Depression), കടുത്ത ഉത്കണ്ഠ (Anxiety), മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ മദ്യാസക്തിയുള്ളവരിൽ വ്യാപകമാണ്. ലഹരി അടിമത്തം ബാധിച്ചവരാകട്ടെ മദ്യം ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന കൈവിറയൽ, ഉറക്കമില്ലായ്മ, അമിത ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾക്ക്​ ഇരയാവുകയും ഇവ വ്യക്തികളെ മാനസികമായി തകർക്കുകയും ചെയ്യുന്നു. മദ്യപാനികളിൽ കണ്ടുവരുന്ന ആത്മഹത്യാ പ്രവണതയാണ്​ മറ്റൊരു ഭീഷണി. കേരളത്തിലെ ആത്മഹത്യകളിൽ വലിയൊരു ശതമാനത്തിനും പിന്നിൽ മദ്യാസക്തിയും അത്​ സൃഷ്ടിക്കുന്ന കുടുംബ തകർച്ചകളുമാണ്​.സാമ്പത്തിക പ്രശ്നങ്ങൾവരുമാനത്തിന്റെ വലിയൊരു പങ്ക് മദ്യത്തിനായി ചെലവഴിക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം, ദൈനംദിന ഭക്ഷണം, വസ്​ത്രം, ആരോഗ്യപരിപാലനം എന്നിവക്കുള്ള പണം ഇല്ലാതാകുന്നു. ഇതിന്​ പുറമെയാണ്​ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കായി കുടുംബങ്ങൾ കടക്കെണിയിലാകുന്ന അവസ്ഥ. ഇതിനായി പലർക്കും സ്വത്തുക്കൾ വിറ്റഴിക്കേണ്ടി വരുന്നു.സാമൂഹിക പ്രശ്നങ്ങൾസംസ്ഥാനത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക്​ പിന്നിൽ വലിയൊരളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടുവരുന്നുണ്ട്​. സ്ത്രീപീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർധിക്കുന്നതിന് പിന്നിലെ പ്രധാന വില്ലനും പലപ്പോഴും മദ്യപാനമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന റോഡപകടങ്ങളും സംസ്ഥാനത്ത്​ വളരെ കൂടുതലാണ്​.വീര്യം കുറഞ്ഞ മദ്യമെന്ന പ്രയോഗം കേൾക്കുമ്പോൾ ലാഘവമുള്ളതായി തോന്നുമെങ്കിലും, അത് യുവതലമുറയെ മദ്യപാനത്തിന്റെ മാറാരോഗത്തിലേക്ക് നയിക്കുന്ന ഒരു നിശബ്​ദകൊലയാളിയാണ്​. വരുമാനത്തേക്കാൾ വലുത് നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർഥികളുടെ ആരോഗ്യവും ഭാവിയുമാണെന്ന് തിരിച്ചറിഞ്ഞ്, ഇത്തരം നയങ്ങളിൽ നിന്ന് നിർബന്ധമായും പിന്മാറേണ്ടതുണ്ട്.(ചേതന സെന്റർ ഫോർന്യൂറോ സൈക്യാട്രി ഡയറക്ടറാണ് ലേഖകൻ)Content Highlights:Low-alcohol beverages act as a dangerous gateway leading youth into severe substance dependence. Increased tolerance eventually drives individuals toward stronger alcohol and related criminal activities. The resulting addiction causes devastating health complications, mental health crises, and social issues.