ആഴത്തിൽ പൂട്ടിയാൽ നീളത്തിൽ കതിര്, അയലൊത്തു വിളയിടണം, കുംഭത്തിൽ നട്ടാൽ കുടത്തോളം കിഴങ്ങ്… നാട്ടറിവും നാട്ടുചൊല്ലുകളും ഗൃഹാതുരതയുണർത്തുന്ന ഓർമകളാണ്. പച്ചയായ ജീവിതത്തിന്റെ കുളിരുകോരുന്ന, അർഥസന്പുഷ്ടമായ ചൊല്ലുകളാണിവ. വയസ്സേറെയായിട്ടും “പ്രായമാകാത്ത’ നമ്മുടെ കാരണവന്മാരുടെ ആരോഗ്യജീവിതത്തിന് അടിത്തറ പാകിയ വചനങ്ങളിൽ പലതാണിവ.പ്രാദേശിക അറിവുകളുടെ നാശമാണ് ഇന്ന് ലോകജനത നേരിടുന്ന വലിയ ഭീഷണികളിലൊന്ന്. കാലാവസ്ഥാ വ്യതിയാനം ഓരോ പ്രദേശത്തും പലതരത്തിലുള്ള വിഷമതകളും സാധ്യതകളും സൃഷ്ടിക്കുന്ന ഇക്കാലത്ത് നൂറ്റാണ്ടുകളിലൂടെ ആർജിച്ച നാട്ടറിവുകളും സാമൂഹിക കീഴ്്വഴക്കങ്ങളുമാണ് അതിജീവനത്തിന്റെ പാതയിൽ മിക്ക സമൂഹങ്ങൾക്കും മുതൽക്കൂട്ടായിരുന്നത്.കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യം, വീട്ടു ചികിത്സകൾ, പ്രസവരക്ഷ, ബാലവൈദ്യം തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളിലും നിത്യജീവിതത്തിലും പ്രാദേശിക അറിവുകളുടെ സ്വാധീനം വളരെ വലുതാണ്. എന്നാൽ, ഇവയിൽ നിന്നും വിട്ടുപോയ പുതുസമൂഹത്തിലെ അണുകുടുംബങ്ങളിൽ, നാട്ടറിവുകളുടെ പിന്തുണയില്ലാതെ ജീവിതത്തെ ചെറു രോഗങ്ങൾക്ക് പോലും ചെലവേറിയ ചികിത്സകൾക്കായി നിർബന്ധിതരാക്കുന്നു.രണ്ടാം ലോക മഹായുദ്ധ ശേഷം ലോകത്തെമ്പാടുമുണ്ടായ ഭീകരമായ മാന്ദ്യവും വിഭവശോഷണവും ലഭ്യതക്കുറവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രാദേശിക ജനതയുടെ മുറവിളികളും കണക്കിലെടുത്ത് ഒട്ടേറെ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയശേഷം സഖ്യകക്ഷികൾ തന്ത്രപരമായി രൂപപ്പെടുത്തിയെടുത്ത സാമ്രാജ്യത്വ ഉപായങ്ങളിൽ കൃഷി, ഭക്ഷണം, വിദ്യാഭ്യാസം, കാലാവസ്ഥ, വിത്തുകൾ എന്നിവ ആയുധമാക്കിയതോടെ മൂന്നാം ലോകരാജ്യങ്ങളിൽ ഉളവായ പ്രതിസന്ധികൾ ഒട്ടേറെയായിരുന്നു. പ്രാദേശിക അറിവുകൾ, വിത്തുകൾ തുടങ്ങിയവ നഷ്ടമായി എന്നതാണ് അതിലെ ഏറ്റവും വലിയ ദുരന്തം.ദൗർഭാഗ്യവശാൽ ആധുനിക വിദ്യാഭ്യാസ രീതികളെല്ലാം തന്നെ ഗ്രാമീണതലത്തിൽ നാട്ടറിവുകളെ നിരാകരിക്കാനും നിന്ദിക്കാനും പ്രചരിപ്പിച്ചത് പ്രാദേശിക അറിവുകളെ ഉപേക്ഷിച്ച് പാശ്ചാത്യ അറിവുകൾ കൂടുതൽ നന്മയുള്ളതാണെന്ന ചിന്താഗതിയിലേക്ക് പുതുതലമുറകളെ മാറ്റിമറിച്ചു. കുടുംബാസൂത്രണം, ഗ്രോമോർഫുഡ്, യന്ത്രവത്കരണം തുടങ്ങി നിരവധി പദ്ധതികൾ നാട്ടറിവുകളുടെ കൈമാറലിനും തുടർച്ചക്കും വലിയ വിഘാതവും വിടവുമാണ് ഉണ്ടാക്കിയത്.നാട്ടറിവുകൾ ഓരോ പ്രദേശത്തും അവിടുത്തെ കൃഷി, കാലാവസ്ഥ, ഭൂപ്രകൃതി, ഭക്ഷണരീതികൾ, സാംസ്കാരിക ഇടപെടലുകൾ, മറ്റു ദേശങ്ങളുമായുള്ള കൊടുക്കൽ വാങ്ങലുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഗ്രാമീണ ജീവിതരീതികൾ അവർ അനുഭവിച്ച പ്രശ്നങ്ങൾ ലഘൂകരിക്കാനും പരിഹരിക്കാനും മെച്ചപ്പെട്ട ജീവിത ശീലങ്ങളിലേക്ക് നയിക്കാനും നിരന്തര നിരീക്ഷണങ്ങളിലൂടെ, നിഗമനങ്ങളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങൾ അടുത്ത തലമുറകളിലേക്ക് പകരാനുമുള്ള വഴിയായി പാട്ടുകൾ, കഥകൾ, കവിതകൾ, കൂത്തുകൾ, വെള്ളരിനാടകങ്ങൾ എന്നിവയെ മുൻതലമുറകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു.“ആഴത്തിൽ പൂട്ടിയാൽ നീളത്തിൽ കതിര്’,”അയലൊത്തു വിളയിടണം’ എന്നിങ്ങനെയുള്ള നാട്ടറിവുകളുമായി ബന്ധപ്പെട്ടുള്ള ചൊല്ലുകളും പണ്ടുകാലത്തെ പ്രായമുള്ളവർ പല ഘട്ടങ്ങളിലായി ഉപയോഗിച്ചിരുന്നതാണ്. ഇതെല്ലാം ഗ്രാമീണതയുടെ തനിമ വിളിച്ചോതുന്നു. അവരുടെ ജീവിതവുമായി അടുത്ത ബന്ധം ഇത്തരം ചൊല്ലുകൾക്കുണ്ട്.നിത്യജീവിതത്തിലെ പല പ്രതിസന്ധികളും മറികടക്കാൻ ഫലപ്രദമായി ഉപകാരപ്പെടുത്തിയ പ്രാദേശിക അറിവുകൾ കാലങ്ങളോളം സഞ്ചരിച്ച് ദേശാന്തരഗമനം നടത്തിയതിന്റെ എത്രയോ തെളിവുകളുണ്ട്. ഉദാഹരണത്തിന് കേരളത്തിലും, നൂറുകണക്കിന് കിലോമീറ്ററുകൾക്കകലെയുള്ള അസ്സാമിലും ഒരേ തരത്തിലുള്ള നാട്ടറിവുകളുടെ പ്രയോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിഷുക്കാലത്തിന് അസ്സാമിലെ ബിഹു ആഘോഷത്തിലെ ചില ചടങ്ങുകൾക്ക് അഭേദ്യമായ ബന്ധമുണ്ട്. ഓരോ നാട്ടിലെയും ജൈവവൈവിധ്യം, കൃഷി, അനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, നാട്ടുത്സവങ്ങൾ എന്നിവയെല്ലാം നാട്ടറിവുകളുടെ ആവിർഭാവത്തിന്റെയും വിനിയോഗത്തിന്റെയും മുഖ്യ അവസരങ്ങളായിരുന്നു.ആധുനിക വിദ്യാഭ്യാസം, പുരോഗമന ചിന്ത, ശാസ്ത്രീയത ഇവയിൽ മാത്രമൂന്നിയ ജീവിതശൈലികൾ, വിപണി ഭക്ഷണം എന്നിവയെല്ലാം നാട്ടറിവുകൾ നിത്യജീവിതത്തിൽ നിന്ന് അകന്നുപോകാൻ മുഖ്യ കാരണമായിട്ടുണ്ട്. ഇന്ന് മലയോര ആദിവാസി ജനതയും കൃഷി മുഖ്യ ജീവിതമാക്കിയ കുടുംബങ്ങളും കടൽത്തീരവാസികളും മാത്രമാണ് തലമുറകളിലൂടെ കൈമാറി വന്ന നാട്ടറിവുകൾ വിനിയോഗിച്ചുവരുന്നത്.ഗ്രാമീണ കാർഷിക ജീവിതത്തിൽ നിന്ന് പൂർണമായും അകന്ന സമകാലിക ജീവിതരീതികൾ പുതുതലമുറകളിൽ നാട്ടറിവിന്റെ പ്രയോഗവും വിശ്വാസവും ഏതാണ്ട് പൂർണമായും ഇല്ലാതാക്കിയിട്ടുണ്ട്. മുത്തശ്ശിവൈദ്യത്തിനും ഗാർഹിക അറിവുകൾക്കും വിലയില്ലാതായതോടെ നാമാവശേഷമാകുന്ന നാട്ടറിവുകൾ സംരക്ഷിച്ചു രേഖപ്പെടുത്തി നിലനിർത്തേണ്ടതിന്റെ പ്രസക്തി ഓരോ ദിവസവും വർധിച്ചുവരികയാണ്.മിക്ക വിദേശ മരുന്നുകമ്പനികളും വൻകിട ലാബുകളും ഇക്കാര്യം നേരത്തെ തിരിച്ചറിഞ്ഞ് ലോകമെമ്പാടും തദ്ദേശീയ സമൂഹങ്ങളിൽനിന്ന് നാട്ടറിവുകൾ ശേഖരിച്ച് വിപണിയിൽ എത്തിക്കുന്ന പ്രവർത്തനം ആരംഭിച്ചിട്ട് ഏറെക്കാലമായി. ഉദാഹരണത്തിന് കേരളീയരുടെ നിത്യഭക്ഷണത്തിന്റെ ഭാഗമായിരുന്ന കാച്ചിൽ (കാവുത്ത് ) ഇന്ന് അടുക്കളയിൽ നിന്നും നാം അകറ്റി നിർത്തിയിരിക്കുകയാണ്. നമ്മുടെ കാടുകളിൽ സാധാരണമായ കാട്ടുകാച്ചിലിൽ അടങ്ങിയിട്ടുള്ള ഡയോസ് ജിൻ എന്ന ആൽക്കലോയിഡ് അര ഗ്രാമിന് 3500 രൂപ നിരക്കിൽ ജർമൻ കമ്പനികൾ പുറത്തിറക്കിയത് ഇന്ന് വിപണിയിൽ ഉണ്ട്. എല്ലാ ഗർഭിണികൾക്കും ഇത് പത്ത് മാസവും കുത്തിവെക്കാൻ നിർദേശവുമുണ്ട്. ശരീരത്തിൽ വിറ്റാമിൻ കെ സൃഷ്ടിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ കാച്ചിലിലുണ്ട് എന്ന കണ്ടെത്തലിൽ നിന്ന്, പ്രസവസമയത്ത് അമിത രക്തസ്രാവവും അപകടങ്ങളും ഒഴിവാക്കാനാണ് കാച്ചിലിന്റെ കറ ഇഞ്ചക്്ഷനായി നൽകുന്നത്.ആഗോള കമ്പനിയായ ഫോർഡ് ഫൗണ്ടേഷൻ നാട്ടറിവുകളുടെ അപാരസാധ്യതകൾ മനസ്സിലാക്കി എഴുപതുകൾ മുതൽ ഗ്രാമങ്ങളിൽ നിന്ന് നാട്ടറിവ് ശേഖരണത്തിന് വൻതുക മുടക്കി വരുന്നു. വിവിധ കോളജിൽനിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി കണ്ടെത്തി, മികച്ച വേതനം നൽകി നാട്ടറിവ് വിവരശേഖരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. നമ്മുടെ പ്രാദേശിക ജൈവവൈവിധ്യം, കൃഷി, കാട്ടറിവുകൾ, അടുക്കളയറിവുകൾ, സ്വാശ്രയ ജീവിതരീതികൾ എന്നിവ നിത്യേന ശോഷിച്ചു വരുന്ന സമകാലികജീവിതത്തിൽ നാട്ടറിവുകളും നാട്ടുശീലങ്ങളും വഹിച്ചിരുന്ന പങ്ക് നിസ്തുലമാണ്. അതുകൊണ്ടുതന്നെ അവശേഷിക്കുന്ന ഗോത്രസമൂഹങ്ങളിൽ നിന്ന്, മുതിർന്ന കർഷകരിൽ നിന്ന്, കർഷകത്തൊഴിലാളികളിൽ നിന്ന്, വീട്ടമ്മമാരിൽ നിന്ന്, നാട്ടുവൈദ്യന്മാരിൽ നിന്ന്, മീൻപിടിത്തക്കാരിൽ നിന്ന്, കൈവേല – കരകൗശല – നെയ്ത്ത് – പരമ്പരാഗത തൊഴിലാളികളിൽ നിന്ന്, അവരെല്ലാം അസ്തമിച്ചു പോകും മുമ്പ് ഇത്തരം അറിവുകൾ ശേഖരിച്ച്, സമാഹരിച്ച് സമൂഹത്തിൽ വ്യാപകമാക്കാനുള്ള ഉദ്യമത്തിന് വലിയ സാമൂഹിക പാരിസ്ഥിതിക പ്രസക്തിയാണുള്ളത്.നിലമ്പൂർ പ്രകൃതി പഠനകേന്ദ്രംഡയറക്ടറാണ് ലേഖകൻContent Highlights:The decline of traditional local knowledge and folklore poses a major threat to modern society, forcing people toward expensive treatments for minor ailments. Western influences, modern education, and corporate exploitation have led to the erosion of indigenous farming and medical wisdom. There is an urgent social and environmental need to document and preserve these invaluable traditions from elders and tribal communities before they disappear completely.