വീര്യം കുറഞ്ഞതാണെങ്കിലും അല്ലെങ്കിലും

Wait 5 sec.

2005ന് മുമ്പ് കേരളത്തില്‍ ശക്തമായ മദ്യവിരുദ്ധ, മദ്യവര്‍ജന സമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ മദ്യശാലകളും കള്ളുഷാപ്പുകളും പുതുതായി വരുമ്പോള്‍ ആ പ്രദേശത്തെ പൊതുസമൂഹം അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അങ്ങനെ പല മദ്യശാലകളും അടപ്പിച്ച ചരിത്രം കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഗ്രാമങ്ങള്‍ അതിവേഗം പട്ടണങ്ങളായി മാറിയ പലയിടങ്ങളിലും മദ്യശാലകള്‍ എതിര്‍പ്പുകളില്ലാതെ തുറക്കപ്പെടുന്നു. സര്‍ക്കാറുകള്‍ അതിനനുകൂലമായ നിയമനിര്‍മാണങ്ങള്‍ നടത്തി.ദേശീയപാതക്ക് ഇരുവശത്തും അത്തരം മദ്യശാലകളുടെ നീണ്ട നിരകള്‍ ഉയര്‍ന്നു. അങ്ങനെ മദ്യം എന്നത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി. നേരത്തേ ആഘോഷങ്ങളിലോ വിശേഷങ്ങളിലോ മാത്രം മദ്യം കഴിക്കുന്ന രീതി മാറി. മരണവീട്ടില്‍ പോലും മദ്യസത്കാരങ്ങള്‍ സ്വാഭാവികതയായി മാറി. ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത് കുട്ടികളുടെയും യുവാക്കളുടെയും കണ്‍മുമ്പിലൂടെ ഭരണകൂട സംവിധാനങ്ങള്‍ വഴിയാണ്. ആ ഭരണകൂട സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ നിയമാനുസൃതമായ വഴികളിലൂടെ നല്‍കുന്ന പിന്തുണ മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിച്ചു. അങ്ങനെ നേരത്തേ മദ്യത്തിനെതിരെ രൂപം കൊണ്ട പല മദ്യനിരോധന ജനസമിതികളും അന്യംനിന്നു.സര്‍ക്കാറിന്റെ ഇത്തരം നിലപാടുകള്‍ സാമൂഹിക ജീവിതത്തെ എങ്ങനെയാണ് ബാധിക്കുക എന്ന് അറിയാത്തവരല്ല രാഷ്ട്രീയ നേതൃത്വം. അറിഞ്ഞുകൊണ്ട് തന്നെ സ്വന്തം ജനതക്ക് മുകളില്‍ അവര്‍ മദ്യത്തിന്റെ മഴ പെയ്യിപ്പിച്ചു. മദ്യം കുടുംബങ്ങളില്‍ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അപ്പോഴും ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന മദ്യവരുമാനം സര്‍ക്കാറുകളെ ആവേശം കൊള്ളിച്ചു. അവര്‍ വീണ്ടും മദ്യശാലകള്‍ തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ മദ്യത്തോടൊപ്പം മാരക ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും കൂടി. ഇപ്പോള്‍ വീര്യം കുറഞ്ഞത് എന്ന പേരില്‍ വീണ്ടും മദ്യലഭ്യത കൂട്ടുകയാണ്. ഉപയോഗം കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള രാഷ്ട്രീയ നൈതികത പാടെ നഷ്ടമായിരിക്കുന്നു. അത്തരമൊരവസ്ഥയിലാണ് ലഹരി സര്‍വമേഖലകളിലേക്കും പടര്‍ന്നു പന്തലിച്ചത്. ഈ വസ്തുതകള്‍ക്കിടയില്‍ നിന്നാണ് ലഹരിക്കെതിരെ എന്ത് സാമൂഹിക ഉത്തരവാദിത്വമാണ് സര്‍ക്കാറിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും ഉള്ളത് എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്നത്.മദ്യശാലകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനിന്ന രീതി സ്വകാര്യമായിരുന്നു. ആ സ്വകാര്യത തകര്‍ത്തത് സര്‍ക്കാറിന്റെ നിലപാടുകളാണ്. ഇന്ന് ലഹരി ഉപയോഗം സാമൂഹിക ജീവിതത്തെ നേരിട്ട് ബാധിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ കര്‍ശനമായ ഇടപെടലും ജാഗ്രതയുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും എത്രമാത്രം ഇടപെടാന്‍ കഴിയുന്നു എന്നതും ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ മുഴുവന്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മയക്കുമരുന്നിനെതിരെ തെരുവിലിറങ്ങിയാല്‍ ഒറ്റ മാസം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്നതാണ് ലഹരിയുമായി ബന്ധപ്പെട്ട വില്‍പ്പനയുടെ ശൃംഖലകള്‍. എന്തുകൊണ്ട് അതിന് കഴിയുന്നില്ല. യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്നവരാണ് കേരളത്തിലെ ഭരണസ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും. അവര്‍ക്ക് എന്തുകൊണ്ട് മറ്റു വിഷയങ്ങളെ പോലെ ലഹരിയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങള്‍ ലഹരിക്കെതിരെ നിരന്തരമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ നടത്തിയതായി അറിയില്ല.ഒരു സമൂഹത്തിന്റെ സ്വസ്ഥമായ ജീവിതം നിലനില്‍ക്കുന്നത് കേവലം സാമ്പത്തിക സുരക്ഷിതത്വത്തില്‍ മാത്രമല്ല. ബഹുനില വീടുകളും അതിനു മുമ്പിലെ വിലകൂടിയ കാറുകളും ആ വീട്ടിനകത്ത് സമാധാനം കൊണ്ടുവരുന്നില്ല. മറിച്ച് ആ വീട്ടിനുള്ളിലെ മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവിടെ സമാധാനം നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത്. കേരളത്തിലെ വലിയ ശതമാനം വീടുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പുറം ദേശങ്ങളിലേക്ക് പഠനാര്‍ഥം യാത്ര ചെയ്യുന്നവരാണ്. അങ്ങനെ യാത്ര ചെയ്യുന്നവരില്‍ നിന്നാണ് പലപ്പോഴും മാരക ലഹരി മരുന്നുകള്‍ പിടിക്കപ്പെടുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ആ വ്യക്തിയുടെയോ കുടുംബത്തിന്റെയോ പ്രശ്‌നമായി മാത്രം കണ്ട് അയല്‍ക്കാരും നാട്ടുകാരും ആ വ്യക്തിയെയും കുടുംബത്തെയും കുറ്റപ്പെടുത്തുക എന്നതാണ് നിലവിലെ രീതി. അതിനപ്പുറത്തേക്ക് ക്രിയാത്മക പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ല.അതേസമയം ഇത്തരം പ്രശ്നങ്ങളെ ആ പ്രദേശത്തിന്റെ പൊതുവിഷയമായി കണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇടപെടണം. അങ്ങനെ ലഹരിയുമായി ബന്ധപ്പെട്ട ശൃംഖല ഏതാണെന്ന് മനസ്സിലാക്കി അതിനെ നിയമസംവിധാനത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരണം. അത് നടക്കുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ സത്യം. അതിനു കാരണം, ലഹരി ഉപയോഗിക്കുന്നവനോ വില്‍ക്കുന്നവനോ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി, അല്ലെങ്കില്‍ അതിന്റെ നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ ആയിരിക്കും എന്നതാണ്. അതിനോടൊപ്പം നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ ലഹരി മാഫിയയില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. വിരലില്‍ എണ്ണാവുന്ന ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അതൊരു സംവിധാനത്തെ മുഴുവന്‍ കളങ്കപ്പെടുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ലഹരിക്കെതിരെ ഉണ്ടാകേണ്ട സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ച് പൊതുസമൂഹം ജാഗ്രതയോടെ പ്രതികരിക്കേണ്ടത്.Content Highlights:The intense anti-liquor protests that once actively existed in the villages of Kerala have entirely vanished over the last few years. The commercialization of alcohol by successive governments has seamlessly integrated liquor consumption into the daily socio-cultural life of Malayalis. Political youth organizations must actively step forward to break down the highly dangerous networks of the drug mafia.