മെന്റർ ടീച്ചർമാരുടെ സമരം: ഉദ്യോഗാർഥികളുടെ ആശങ്കകൾപരിഹരിക്കുമെന്ന് മന്ത്രി കെ എ തുളസി

Wait 5 sec.

വയനാട് ജില്ലയിൽ മുൻ മെന്റർ ടീച്ചർമാർ നടത്തിവന്ന  സമരവുമായി ബന്ധപ്പെട്ട്  സമരസമിതി നേതാക്കളുമായി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ചർച്ച നടത്തി. മുൻ മെന്റർ ടീച്ചർമാർക്ക് തുടർനിയമനം നൽകണമെന്നും, പ്രായപരിധി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പ് സർക്കാർ നൽകി.മുൻ വർഷങ്ങളിൽ ജോലി ചെയ്തിരുന്ന മെന്റർ ടീച്ചർമാർക്ക് അവർ സമർപ്പിക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുഭവ പരിചയമായി കണക്കാക്കി ഇന്റർവ്യൂവിൽ പ്രത്യേക മാർക്ക് നൽകാൻ ചർച്ചയിൽ തീരുമാനമായി. പ്രത്യേക സമുദായങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള തസ്തികകളിൽ ആ സമുദായത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവരെ ലഭ്യമാകാത്ത പക്ഷം, മറ്റ് സമുദായങ്ങളിലെ യോഗ്യതയുള്ളവരെ ആദ്യം പരിഗണിക്കും. ഇതിന് ശേഷം മാത്രമായിരിക്കും അതത് സമുദായത്തിലെ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിക്കുക.തച്ചനാടൻ മൂപ്പൻ, കാടർ, കരിമ്പാലൻ തുടങ്ങിയ എല്ലാ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും അതത് പ്രദേശങ്ങളിൽ അപേക്ഷിക്കാനുള്ള അവസരം ഉറപ്പാക്കും. കഴിഞ്ഞ അധ്യയന വർഷത്തിലെ (03/02/2026 ഉത്തരവ് പ്രകാരമുള്ള) കുടിശ്ശികയായ വേതനം ഉടനടി കൊടുത്തുതീർക്കാൻ അടിയന്തിര നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.ചർച്ചയിൽ സമരസമിതിയെ പ്രതിനിധീകരിച്ച് മുൻ എം.എൽ.എ സി. കെ. ശശീന്ദ്രൻ, കെ. അപ്പച്ചൻ, അഞ്ജലി വി. ജി., ദേവകി വി. എ., അനീഷ എൻ, ശ്രീജ സി. ബി. എന്നിവരും സർക്കാരിനെ പ്രതിനിധീകരിച്ച് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശികൻ, പട്ടികവർഗ്ഗ വികസന ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും പങ്കെടുത്തു.