കുവൈറ്റിൽ ട്രാഫിക് പരിശോധനകൾ ശക്തമാക്കി. രാജ്യത്തുടനീളം നടത്തിയ ട്രാഫിക് പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ 17,467 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിൽ നടത്തിയ പരിശോധനകളുടെ ഭാഗമായി 359 വാഹനങ്ങൾ പിടിച്ചെടുക്കുകയും അഞ്ച് മോട്ടോർസൈക്കിളുകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ട്രാഫിക് വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓപ്പറേഷൻസ് റൂം 2,465 പരാതികളാണ് കൈകാര്യം ചെയ്തത്. ഇതേ കാലയളവിൽ 1,166 ട്രാഫിക് അപകടങ്ങളും റിപ്പോർട്ട് ചെയ്തു. ഇവയിൽ 175 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.അമിതവേഗം, നിയമവിരുദ്ധ പാർക്കിങ്, അപകടകരമായ രീതിയിലുള്ള പാതമാറ്റം, വാഹനചട്ടലംഘനങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ. രാജ്യത്തെ പ്രധാന റോഡുകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലുമുള്ള പരിശോധനകൾ അതിവേഗത്തിൽ തുടരുകയാണെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.പരിശോധനകളുടെ ഭാഗമായി 42 പേരെ കസ്റ്റഡിയിൽ എടുത്തു. ഏഴ് പ്രായപൂർത്തിയാകാത്തവരെ ബന്ധപ്പെട്ട പ്രത്യേക വിഭാഗങ്ങൾക്ക് കൈമാറിയതോടൊപ്പം, വിവിധ കേസുകളിലെ 32 പ്രതികളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യമെമ്പാടും പ്രധാന ഗതാഗതപാതകളിലും നിർണായക ചെക്ക്പോസ്റ്റുകളിലും ശക്തമായ ഫീൽഡ് സാന്നിധ്യത്തോടെയാണ് ട്രാഫിക് പരിശോധനകൾ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.അതേസമയം, വിവിധ ഗവർണറേറ്റുകളിലായി റെസ്ക്യൂ പോലീസ് 1,402 സുരക്ഷാ ദൗത്യങ്ങളും നിർവഹിച്ചു. സുരക്ഷ ശക്തിപ്പെടുത്തുക, നിയമാനുസൃതത ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങളിൽ ഉടൻ ഇടപെടുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങളെന്നും മന്ത്രാലയം അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും ഫീൽഡ് തല പ്രവർത്തനങ്ങൾ തുടരുമെന്നും കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കാനുള്ള നടപടികൾ ഇനിയും ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.The post ഒരാഴ്ചയ്ക്കിടെ 17,467 ട്രാഫിക് നിയമലംഘനങ്ങൾ; കുവൈറ്റിൽ ട്രാഫിക് പരിശോധനകൾ കൂടുതൽ ശക്തമാക്കി appeared first on Kairali News | Kairali News Live.