ട്രംപിന്റെ യുദ്ധക്കൊതിക്ക് സെനറ്റിന്റെ ചുവപ്പുകൊടി

Wait 5 sec.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സെനറ്റിലും തിരിച്ചടി. ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം 48നെതിരെ 50 വോട്ടുകള്‍ക്ക് സെനറ്റ് അംഗീകരിച്ചിരിക്കുകയാണ്. ഇറാന്റെ കാര്യത്തില്‍ ട്രംപിന്റെ സൈനിക അധികാരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെനറ്റില്‍ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും പാര്‍ട്ടിയിലെ നാല് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രമേയം പാസ്സായത്. നാല് റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെയും പ്രസിഡന്റിന്റെയും നിലപാടുകളെ തള്ളിപ്പറഞ്ഞ് പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. നേരത്തേ അമേരിക്കന്‍ ജനപ്രതിനിധി സഭയും 208നെതിരെ 215 വോട്ടിന് പാസ്സാക്കിയതാണ് ഈ പ്രമേയം. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് നിന്ന് യു എസ് സേനയെ പിന്‍വലിക്കാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം ഇരുസഭകളും പാസ്സാക്കുന്നത് ഇതാദ്യമാണ്.യു എസ് വിദേശനയത്തിലെ ശ്രദ്ധേയമായ സംഭവമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ഇസ്റാഈലുമായി ചേര്‍ന്ന് ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, അമേരിക്കന്‍ ആഭ്യന്തരതലത്തിലും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതിന്റെ വ്യക്തമായ സൂചനയാണിത്. ദേശീയ സുരക്ഷയുടെ പേരിലാണ് ട്രംപ് യുദ്ധത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ യുദ്ധം നീണ്ടുപോകുന്നതിനോട് അമേരിക്കന്‍ ജനതക്ക് താത്പര്യമില്ല. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും യുദ്ധം അനാവശ്യമാണെന്ന് വിലയിരുത്തുന്നവരാണെന്നും ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേ ഫലങ്ങള്‍ കാണിക്കുന്നു. 23 മുതല്‍ 25 ശതമാനം വരെ ആളുകള്‍ മാത്രമാണ് യുദ്ധത്തെ പിന്തുണക്കുന്നവര്‍.കടുത്ത സാമ്പത്തിക ബാധ്യതകളും പ്രയാസങ്ങളുമല്ലാതെ യുദ്ധം അമേരിക്കക്ക് പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. രാജ്യത്തെ നികുതിദായകരുടെ മേല്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ് യുദ്ധം വരുത്തിവെച്ചത്. ആയുധങ്ങള്‍, സൈനിക വിന്യാസം, യുദ്ധാനന്തര ചെലവുകള്‍ തുടങ്ങിയവക്കായി ഒഴുക്കിക്കളയുന്നത് നൂറുകണക്കിനു ബില്യന്‍ ഡോളറുകളാണ.് വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളില്‍ വിനിയോഗിക്കേണ്ട പണമാണ് യുദ്ധം മൂലം നഷ്ടമാകുന്നതെന്ന് ചിന്തിക്കുന്നവരാണ് യു എസ് ജനതയില്‍ ഭൂരിഭാഗവും. യുദ്ധത്തെ തുടര്‍ന്നുണ്ടായ എണ്ണ വില വര്‍ധനവാണ് അമേരിക്കന്‍ ജനതയെ അസ്വസ്ഥമാക്കുന്ന മറ്റൊരു ഘടകം. ഇന്ധന വില വര്‍ധിച്ചതോടെ ഗതാഗത ചെലവ് വര്‍ധിക്കുകയും വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരുകയും ചെയ്തു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം തങ്ങളുടെ സാമ്പത്തിക അടിത്തറ ദുര്‍ബലമാക്കുന്ന ‘യുദ്ധം ഫസ്റ്റ്’ ആയി മറിക്കഴിഞ്ഞിരിക്കുകയാണ് അമേരിക്കന്‍ ജനതക്ക്.വിയറ്റ്നാം, അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ യുദ്ധങ്ങള്‍ നല്‍കിയ പാഠമാണ് അമേരിക്കന്‍ ജനതയില്‍ യുദ്ധവിരുദ്ധ ചിന്താഗതി ശക്തിപ്പെടാന്‍ മറ്റൊരു കാരണം. അമേരിക്കക്ക് നഷ്ടക്കച്ചവടങ്ങളായിരുന്നു ഈ യുദ്ധങ്ങളത്രയും. ഒരു ദശാബ്ദത്തിലേറെ കാലം നീണ്ടു നിന്ന അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ക്കായി ഏകദേശം എട്ട് ലക്ഷം കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. ഈ യുദ്ധങ്ങള്‍ സൃഷ്ടിച്ച കടബാധ്യതകള്‍ ഇന്നും അമേരിക്കന്‍ സമ്പദ്്വ്യവസ്ഥയെ വേട്ടയാടുന്നതായി ബ്രൗണ്‍ യൂനിവേഴ്സിറ്റി നടത്തിയ പഠനം കാണിക്കുന്നു. മേല്‍യുദ്ധങ്ങള്‍ അമേരിക്കക്ക് വരുത്തിവെച്ച മനുഷ്യവിഭവ നഷ്ടവും വളരെ വലുതാണ്. ഇറാഖിലും അഫ്ഗാനിസ്താനിലുമായി ഏഴായിരത്തിലധികം അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ശാരീരിക വൈകല്യങ്ങള്‍ സംഭവിച്ചവര്‍ പതിനായിരക്കണക്കിനു വരും. യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ സൈനികരില്‍ നല്ലൊരു വിഭാഗം വിഷാദ രോഗങ്ങള്‍ക്കും കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കും വിധേയരായാണ് ജീവിക്കുന്നത്. മാത്രമല്ല ലക്ഷ്യം നേടാതെയാണ് പല യുദ്ധഭൂമികളില്‍ നിന്നും അമേരിക്കക്ക് മടങ്ങേണ്ടി വന്നത്.എണ്ണവില വര്‍ധനവിലും സാമ്പത്തിക തകര്‍ച്ചയിലും വലയുന്ന അമേരിക്കന്‍ ജനതയുടെ വികാരമാണ് നിയമനിര്‍മാണ സഭകളില്‍ പ്രതിഫലിച്ചത്. അതേസമയം സെനറ്റും ജനപ്രതിനിധി സഭയും ഒരു പോലെ പ്രമേയം പാസ്സാക്കിയത് ട്രംപിന് രാഷ്ട്രീയമായി തിരിച്ചടിയാണെങ്കിലും ബില്ലിന് നിയമപ്രാബല്യം ലഭിക്കുക പ്രയാസമാണ്. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുണ്ട്. സഭകള്‍ അംഗീകാരം നല്‍കുന്ന പ്രമേയങ്ങള്‍ പ്രസിഡന്റിന് വീറ്റോ ചെയ്യാനാകും. യുദ്ധവിരാമം ആവശ്യപ്പെടുന്ന പ്രമേയത്തില്‍ ട്രംപ് തന്റെ വീറ്റോ അധികാരം വിനിയോഗിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്ല് വീണ്ടും പാസ്സാക്കേണ്ടതുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭകളില്‍ അത്രയും ഭൂരിപക്ഷം സമാഹരിക്കുക എളുപ്പമല്ല. എങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രമേയത്തിന്റെ അന്തസ്സത്ത പ്രതിഫലിക്കും. പ്രമേയം ഉയര്‍ത്തുന്ന രാഷ്ട്രീയവും ധാര്‍മികവുമായ സന്ദേശം വളരെ പ്രധാനമാണ്. പ്രസിഡന്റിന്റെ സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങള്‍ക്കെതിരെ നിയമനിര്‍മാണ സഭകള്‍ കാവലാളായി നിലകൊള്ളുമെന്ന പ്രഖ്യാപനമാണത്. യുദ്ധമല്ല, സമാധാനവും ജനക്ഷേമവുമായിരിക്കണം ഏതൊരു ഭരണകൂടത്തിന്റെയും പ്രഥമ പരിഗണനയെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. അമേരിക്ക മാത്രമല്ല, ലോകമെമ്പാടുമുള്ള ജനാധിപത്യ ഭരണകൂടങ്ങള്‍ ഓര്‍മിച്ചിരിക്കേണ്ടതാണ് ഈ പ്രമേയം നല്‍കുന്ന സന്ദേശം.