ഒരിക്കലും എനിക്ക് കഴിയാത്തകാര്യമാണ് പറയുന്നത്. അതുകൊണ്ട് അത് ചെയ്തുകൊടുക്കണം. ഭൂമിയിൽ എനിക്കിങ്ങനെ പറയാനൊരാളേയുള്ളൂ.നിയമത്തിന്റെ നൂലാമാല ഒന്നും ബാക്കിവെക്കേണ്ട. രജിസ്ട്രേഷനും മറ്റും നടന്നോട്ടെ. ഇനിയതിന്റെ കുറവ് വരരുത്. കൈപിടിച്ച് ഏൽപ്പിച്ചുകൊടുണം. എന്നിട്ട് അങ്കിളിനോടും വീട്ടിൽത്തന്നെ താമസിക്കാൻ പറയണം.ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാലും ഫ്രഡ്ഡി കൂടി പറയണം. അദ്ദേഹമമ്മച്ചിയെ പൊന്നുപോലെ ……!നാവെടുത്തു പറഞ്ഞിട്ടില്ലെന്നേയുള്ളു. അങ്കിളിന് ഒത്തിരി ഇഷ്ടമായിരുന്നെന്ന് അമ്മച്ചി പറഞ്ഞിട്ടുണ്ട്. അവരൊരുമിച്ചു കളിച്ചു വളർന്നതാണ് . എന്തിനും തയ്യാറായി വന്ന അച്ചാച്ചൻ ദത്ത് നിന്ന് അമ്മച്ചിയെ കല്യാണം കഴിക്കുന്ന കാലത്ത് , പ്രായമായ അച്ഛനുപകരം അങ്കിൾ നമ്മുടെ പറമ്പിന്റെ കാര്യക്കാരനായതാണ്.ഇന്നോളം വിളിപ്പുറത്തെന്തിനും കൂടെയുണ്ട്. അവസാനം അതുണ്ടാകുമെന്ന് അമ്മച്ചിക്കും ഉറപ്പുണ്ട്.ഒരാളോടുള്ള ഇഷ്ടം കൊണ്ടുമാത്രം ഒറ്റത്തടിയാകാൻ തീരുമാനിച്ചയാൾ.എന്നിട്ടും നിഴലുകൊണ്ടുപോലും അമ്മയുടെ ജീവിതത്തിൽ ഒരു പോറൽ വീഴ്ത്താതെ വീടിന്റെയും പറമ്പിന്റെയും കാര്യങ്ങളെല്ലാം നടത്തിപ്പോന്നു,അറിയാല്ലോ….അച്ചാച്ചൻ ഷുഗറ് കൂടി കാലുമുറിച്ചു കിടന്നു മരിച്ച കാര്യം .അതിപ്പിന്നെ ….മുതല് കിട്ടിക്കഴിഞ്ഞപ്പം എന്റെ രണ്ടാങ്ങളമാർക്കും …. അമ്മയെ വേണ്ടാ താനും.ഇനിയിതൊക്കെ…. അറിഞ്ഞാലും അവരൊട്ടു വരാനും ചോദിക്കാനും പോകുന്നില്ല.അഥവാ… വന്നാൽ……അന്ന് പറയേണ്ടതെന്തെന്നെനിക്കറിയാം.പൊളിച്ചുവിറ്റാൽ പോലും ഒന്നും കിട്ടാനില്ലാത്ത വീടുമാത്രമേ അമ്മയ്ക്കുള്ളു.എനിക്കുള്ളതുമവിടുണ്ട്. രണ്ടാൾക്ക് ജീവിക്കാനതുമതി. എന്നാൽ കഴിയുന്നത് ഞാനയക്കുന്നുണ്ട്. അത് മാത്രമല്ലല്ലോ ജീവിതം ? മനസ്സല്ലേ കാര്യം.ഞാനത് ഫ്രഡ്ഡിയോടു പറയേണ്ടല്ലോ !സൂസൻ സോഫിയുടെ ഫോൺ കോളാണ്. ഉടനൊന്നും നാട്ടിലേക്കു വരാനാകില്ല പുള്ളിക്കാരന് ട്രാവൽ ബാനും കേസ്സുകളുമുണ്ട്.ബെയിൽ കിട്ടുകയുമില്ല. മാത്രമല്ല ഈ നിലയിൽ ഇവിടെ വിട്ടിട്ട് പോന്നാൽജീവൻ പോലും അപകടത്തിലുമാകും .അത്രയ്ക്ക് പ്രോബ്ലംസ് ഉണ്ട് .പറയുമ്പോൾ വീസയും ഫാമിലി സ്റ്റാറ്റസ്സുമുണ്ട്, പക്ഷെ ഒരു കാര്യവുമില്ല , ഒരുപഴുതുമവശേഷിക്കുന്നില്ല ….കൈയിലിരിപ്പുകൊണ്ടാണ്. പറഞ്ഞിട്ടെന്തുചെയ്യും ?താഴുകയാണ് കപ്പൽ.എനിക്ക് ജോലി വിടാനും വയ്യ.അറിയാലോ…….. രണ്ടു പെൺകുട്ടികളാണ്. രക്ഷപ്പെടുത്തിയേ മതിയാകു.എന്നെ എനിക്കന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും. നമ്മൾ ഇപ്പോഴും ജീവിക്കുന്നില്ലേ !അതുപോലെ …. ഫ്രഡി ജെ എൻ യുവിൽ പി ജി ചെയ്യുന്ന കാലം.ഫൈനൽ ഇയർ നഴ്സിംഗ് സ്റ്റുഡൻസിനുള്ള പതിനഞ്ച് ദിവസത്തെ സ്റ്റഡി ടൂറിനിടയിൽ രണ്ടു ദിവസത്തേക്ക് ഡൽഹിയിലെത്തിയതായിരുന്നു സോഫിയുടെ കോളജിലെ കുട്ടികൾ .നേരത്തെ അറിയിച്ചതിനാൽ താജ് മഹൽ കാണാൻ അപരിചിതനായി ഫ്രഡിയും അവരുടെ ടീമിനൊപ്പം കൂടി. കൂട്ടുകാരികളുടെ സഹായത്തോടെ നഴ്സിംഗ് സൂപ്രണ്ടിന്റെയും ഗൈഡിന്റെയും ഗൈഡിന്റെയും കണ്ണുവെട്ടിച്ചു സോഫി അരുകിൽ വന്നു.കൈകൾ ചേർത്തുപിടിച്ചു നടക്കുമ്പോൾ മുഖാമുഖം നിന്നവൾ പറഞ്ഞു.ഫ്രഡ്ഡി …..ഇവിടെ വെച്ച് എന്നെ ചുംബിയ്ക്ക്… കൺപോളകളിൽ അമർത്തി ചുംബിച്ചപ്പോൾ അവൾ പറഞ്ഞുഉം….. പോര …..ചുണ്ടുകളിൽ ….പിന്നെ കിട്ടുന്നതവളുടെ മെയിലാണ്.ധൃതിപിടിച്ചു നാട്ടിലോട്ടൊന്നും ഓടിവരേണ്ട.നമ്മുടെ കാര്യം അറിയുന്നതിനാൽ അച്ചാച്ചനെന്നെ ഇറച്ചിവിലയ്ക്കു വിറ്റു.സമ്മതിച്ചില്ലെങ്കിൽ നിന്നെയും കുടുംബത്തെയും കൊന്നുകളയുമെന്ന് പറഞ്ഞു.പറഞ്ഞാൽ പറയുന്നതു ചെയ്യുന്നവനായിരുന്നെന്ന് അമ്മയുടെ അപ്പൻറെ മരണത്തോടെ എനിക്കറിയാം .അപ്പനാണത്രെ ….! അയാൾക്കൊന്നും നഷ്ടപ്പെടാനില്ല , നേടാനുണ്ടുതാനും.ആങ്ങളമാർക്കും മൂർച്ച കൂടും.എനിക്കെന്നെയെ കൊല്ലാനാകുമായിരുന്നുള്ളു. അതുകൊണ്ട് നിന്നോടാലോചിക്കാതെ….ഞാനതു ചെയ്തു.ഐസക് മാമൻ മാത്യുവിന്റെ താലിക്ക് കഴുത്തുവെച്ചുകൊടുത്തു. കയറു കൈമാറുമ്പോൾ അമ്മച്ചി കയറ്റുകാണം വാങ്ങിയില്ല. ഇറങ്ങുമ്പോൾ ശവപ്പെട്ടിയടയ്ക്കുന്നത് കണ്ടു നിൽക്കുന്നവളെപ്പോലെ ഞാൻ കാണാതെ കരഞ്ഞു കാണണം. സംസ്കാരം നടക്കുന്ന വീട്ടിലെന്നപോലെ നടന്നുകാണണം.അയാൾ എനിക്കായി കരുതിവെച്ചിട്ടുള്ള സെമിത്തേരി ഫ്രാങ്ക് ഫെർട്ടിലാണ്. അവന്റെ ….കിടക്കയെന്ന കല്ലറയിൽ എല്ലാ ദിവസവും ഞാനെന്നെ അടക്കം ചെയ്യും.ദാമ്പത്യമെന്നതിന് ഭൂമിയിൽ പേരുവരും!സാരമില്ല.അയാൾക്കുവേണ്ടിഅവൾ പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്തേക്കാം.ജീവിക്കാനല്ലേ ആളുകൾ സമ്മതിക്കാതിരിക്കുള്ളൂ ?മരിച്ചവരെ ….ആർക്കും കൊല്ലാനാകില്ലെന്നെനിക്ക് തെളിയിക്കണം.അതൊക്കെ ഞാൻ……. നിന്നോട് പഠിച്ചിട്ടുണ്ട്. നിന്നിൽ മാത്രമേ ഞാൻ ജീവിക്കുന്നുള്ളു. അതുകൊണ്ട് മറക്കണമെന്ന് നിന്നോടുമാത്രം ഞാൻ പറയില്ല. മനസ്സിലാക്കണം. തമ്മിൽ മറക്കാതിരിക്കണം.ഒടുക്കം കിട്ടിയ മെയിലിൽ സൂസൻ സോഫിയ ഇങ്ങനെ എഴുതിയിരുന്നു:ഉയിർത്തെഴുന്നേൽക്കാൻ എന്നും, മുറിവായകളായ നിന്റെ ചുണ്ടുകളിൽ ഞാൻ ചുംബിക്കാറുണ്ട്. അതു സ്വപ്നത്തിലാകുമെന്ന് നീ മാത്രം കരുതരുത്, മൃതരുടെ പുസ്തകത്തിൽ സ്വപ്നങ്ങളില്ല. സത്യങ്ങളേയുള്ളു.മനസ്സ്് പാകമാകുമ്പോൾ നീയും കല്ലുപോലാകണം. എന്നിട്ടു കല്ലറയുടെ വാതിലടയ്കണം. മൂന്നാം ദിവസമല്ല. മുപ്പതോ അറുപതോ വർഷം കഴിഞ്ഞാലും ഞാനുയിർത്തെഴുന്നേൽക്കും. മനസ്സിലാകുന്നുണ്ടോ നിനക്ക് ? അന്ന് നിന്നെ മാത്രമല്ല, മക്കളെയും. എന്നേക്കാൾ നിന്നെ സ്നേഹിക്കുന്ന നിന്റെ പെണ്ണിനേയും കാണണം. അതുവരെ….. കാത്തിരിക്കരുത്. പ്രത്യേകിച്ചും മരിച്ചവരെ !Content Highlights:The narrative unfolds through poignant phone calls and past emails between Susan Sophie and Freddy reflecting on their deeply constrained lives. Sophie shares her struggles with family pressure, an forced marriage, and a husband trapped in legal bans abroad. Her letters carry heavy emotional themes of sacrifice, a metaphorical death within marriage, and a hope for an ultimate spiritual reunion.