വൈകാരിക നിക്ഷേപങ്ങള്‍ എവിടെയാകണം

Wait 5 sec.

ഭീമൻ കട്ടൗട്ടുകൾ, കാഴ്ച മറയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ, നേരമെത്രയിരുട്ടിയാലും കവലകളിൽ ആൾക്കൂട്ടം, ആരവങ്ങൾ….. ഫുട്ബോൾ എത്ര മനുഷ്യരെയാണ് വല്ലാതെ ആകർഷിക്കുന്നത്?! നമ്മെ പ്രചോദിപ്പിക്കുന്ന എന്തെല്ലാമോ ഘടകങ്ങൾ അതിലുണ്ടെന്നതാണ് കാര്യം. ട്രിപ്പ് പോവാനുണ്ടായാൽ അതീവ താത്പര്യമുള്ള ഫംഗ്ഷനുകളുണ്ടായാൽ നമ്മൾ ഏതുറക്കത്തിൽ നിന്നും ഉണരുന്നു, നമ്മുടെ സർവ പ്രതിസന്ധികളെയും മാറ്റി നിർത്തുന്നു. അത്തരം കാര്യങ്ങളിൽ നാം കൂടുതൽ വൈകാരിക നിക്ഷേപം നടത്തുന്നുവെന്നതാണ് കാര്യം. മനുഷ്യന്റെ തലച്ചോറ് എല്ലാ വിവരങ്ങളെയും തുല്യമായി സ്വീകരിക്കുന്നില്ല.മറിച്ച്, തനിക്ക് പ്രധാനപ്പെട്ടതാണെന്ന് തലച്ചോറ് കരുതുന്ന കാര്യങ്ങൾക്ക് (Salient stimuli) മുൻഗണന നൽകുകയും അല്ലാത്തവയെ തള്ളിക്കളയുകയും ചെയ്യുന്നു. അതീവ താത്പര്യമുള്ള കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ തന്നെ തലച്ചോറിൽ ഡോപാമിൻ (Dopamine) എന്ന “ഫീൽ-ഗുഡ്’ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ആവേശം തലച്ചോറിനെ കൂടുതൽ ജാഗ്രതയുള്ളതാക്കുന്നു. ഉറക്കിനെ മറികടക്കാൻ മാത്രം ശക്തമാണ് ഈ ആവേശം. എന്നാൽ, താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ ഈ ഡോപാമിൻ ഉത്തേജനം ലഭിക്കുന്നില്ല, അതിനാൽ ശരീരം പഴയതുപോലെ ആലസ്യം തുടരുന്നു.കൂട്ടുകാരേ…ശരിക്കും നമുക്ക് അതീവ താത്പര്യമായി മാറേണ്ടതെന്താണ്? നമ്മുടെ തലച്ചോറിൽ ആവേശത്തോടെ പ്രവർത്തിക്കേണ്ടതെന്താണ്?“നിങ്ങൾ നന്മകളിലേക്ക്‌ മത്സരിച്ച്‌ മുന്നേറുക. നിങ്ങൾ എല്ലാവരും അല്ലാഹുവിങ്കലേക്കാണ്‌ മടങ്ങേണ്ടത്‌…’ (അൽ-മാഇദ: 48) എന്ന ഖുർആനിക നിർദേശത്തിലുണ്ട് അതിനുള്ള മറുപടി. രാവിന്റെ അന്ധകാര തുണ്ട് പോലെ നിരന്തരം വരുന്ന കോലാഹലങ്ങൾക്ക് മുന്നേ നിങ്ങൾ നന്മകൾ അതിവേഗം ചെയ്യൂ എന്ന് തിരുദൂതർ(സ) ഓർമപ്പെടുത്തുന്നുമുണ്ട്. രാവിലെ വിശ്വാസിയായവൻ സന്ധ്യയാകുമ്പോഴേക്ക് അവിശ്വാസിയാവുന്ന പൊടുന്നനേ വരുന്ന ദുരന്തകാലത്തെ കുറിച്ചവിടുന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ഒരു നേരം പോലും നന്മക്കു വേണ്ടിയല്ലാതെ മാറ്റി നിർത്താനില്ല. പിന്നെങ്ങനെ ആലസ്യങ്ങളെയും പ്രയോജനമില്ലാത്ത വിനോദങ്ങളെയും നമ്മൾ മുഖ്യ അജൻഡയായി കാണും?. പാതിരാവിൽ സൃഷ്ടാവിലേക്ക് കൈ ഉയർത്താൻ, ഒരു സുജൂദ് ചെയ്യാൻ നമുക്ക് കീൻ ഇൻട്രസ്റ്റ് ഇല്ലാതെ പോയതിലെ പ്രശ്‌നം നമ്മൾ സ്വയം വിചിന്തനം ചെയ്യണം. ഉഹ്‌ദ് സമരവേളയിൽ, ഈ സമര മധ്യേ ഞാൻ കൊല്ലപ്പെട്ടാൽ ഞാനെവിടെയായിരിക്കും നബിയേ.. എന്ന് ചോദിച്ച അനുചരനോട് സ്വർഗമെന്ന് പ്രതികരിക്കേണ്ട താമസം ആവേശത്തോടെ അധർമത്തിനെതിരെ പൊരുതിയ സ്വഹാബിയെ നമ്മൾ കേട്ടതാണ് (ബുഖാരി, മുസ്‌ലിം)കൂട്ടരേ… മുന്നിലുള്ളത് മുഹർറമാണ്.അല്ലാഹുവിന്റെ മാസം എന്ന വിശേഷണമാണ് നബി(സ) മുഹർറത്തിനു നൽകിയിരിക്കുന്നത്. ‘അല്ലാഹുവിന്റെ’ എന്ന പ്രയോഗം അവൻ അതിനു നൽകിയ മഹത്ത്വത്തെ വ്യക്തമാക്കുന്നുണ്ട്. പവിത്രമായ ദിനങ്ങൾ. പുനരാലോചനയുടെ നേരങ്ങൾ. കൂടുതൽ കൂടുതൽ നന്മകളിലേക്ക് അതീവ തത്പരതയോടെ സഞ്ചരിക്കേണ്ട ഈ സമയങ്ങൾ വെറുതെയാകരുത്.“സത്യവിശ്വാസികളേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും’ എന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ പാഠം സഗൗരവം നമ്മൾ പാലിക്കണം. ഇബ്നു റജബുൽ ഹമ്പലി(റ) പറഞ്ഞു: അല്ലാഹു വർഷം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത് പവിത്രമായ മാസങ്ങൾ കൊണ്ടാണ്. അല്ലാഹുവിങ്കൽ റമസാനിന് ശേഷം മുഹർറത്തേക്കാൾ മഹത്ത്വമേറിയ മറ്റൊരു മാസമില്ല. (ലത്വാഇഫുൽ മആരിഫ്) പവിത്ര ദിനങ്ങളിലെ നന്മകൾക്ക് ബൃഹത്തായ പ്രതിഫലങ്ങളുള്ള പോലെ അതിൽ ചെയ്യുന്ന തിന്മകളുടെ ശിക്ഷയും രൂക്ഷമായിരിക്കും.ഇമാം ഖുർത്വുബി(റ) എഴുതി: നിങ്ങൾ തെറ്റുകൾ ചെയ്ത് സ്വന്തത്തോട് അതിക്രമം കാണിക്കരുത്. കാരണം അല്ലാഹു വല്ലതിനും മഹത്ത്വം കൽപ്പിച്ചാൽ അതിന് ഒരു പവിത്രതയാണുണ്ടാവുക. എന്നാൽ രണ്ട് മാർഗേണയോ അതിലധികം മാർഗേണയോ ഒന്നിനെ മഹത്ത്വപ്പെടുത്തിയാൽ അതിന്റെ വിശുദ്ധി വർധിക്കും. അപ്പോൾ അതിലെ ദുഷ്‌കർമങ്ങൾക്കുള്ള ശിക്ഷയും ഇരട്ടിയാകും (തഫ്‌സീർ ഖുർത്വുബി). വെറുതെ സമയവും സമ്പത്തും കളയുന്ന പ്രവർത്തനങ്ങൾക്കായി മുതിരുന്നത് നന്നല്ല. ആ സമയവും സമ്പത്തും പോസിറ്റീവ് ഇൻവെസ്റ്റ്മെന്റായാൽ എത്ര വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയും. അല്ലാഹു നമ്മെ സൗഭാഗ്യം ലഭിച്ചവരിൽ ഉൾപ്പെടുത്തട്ടെ.Content Highlights:The article connects human excitement driven by dopamine to the need for high spiritual motivation during the sacred month of Muharram. It emphasizes competing in good deeds as commanded in the Quran rather than wasting time on empty entertainment. Muharram offers a profound opportunity for believers to revive their faith and seek immense rewards.