നരിക്കുനി | ദർസ് രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ മടവൂർ സി എം സെന്റർ ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മടവൂർ ടി കെ അബ്ദുർറഹ്‌മാൻ ബാഖവിക്ക് സി എം സെന്റർ പൂർവ വിദ്യാർഥി സംഘടന (ഒസാംസ്) സംഘടിപ്പിക്കുന്ന “സ്‌നേഹാദരം’ ഇന്ന് നടക്കും. മടവൂർ സി എം സെന്ററിൽ വൈകിട്ട് ആറ് മുതലാണ് പരിപാടി. 40 വർഷത്തെ ദർസ് ജീവിതത്തിലൂടെ ആയിരക്കണക്കിന് വിദ്യാർഥികളെ വാർത്തെടുക്കുകയും ദീർഘകാലത്തെ വിദ്യാഭ്യാസ ജീവകാരുണ്യ സേവനങ്ങളിലൂടെ സമൂഹത്തിന് നൽകിയ വലിയ സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്.ജന്മനാടായ മടവൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നരിക്കുനി പരപ്പാറയിലും മലപ്പുറം ജില്ലയിലെ പ്രമുഖ പാഠശാലയായ കൊടിഞ്ഞി ജുമുഅത്ത് പള്ളിയിലും ദർസ് പഠനം നടത്തിയ ബാഖവി ഉസ്താദ് തമിഴ്‌നാട്ടിലെ പ്രസിദ്ധമായ വൈജ്ഞാനിക കേന്ദ്രം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബിരുദ പഠനം പൂർത്തീകരിച്ചാണ് അധ്യാപന രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് പേരാമ്പ്രക്കടുത്ത വാല്യക്കോട്, പറമ്പിൽ മുകൾ, അനന്തായൂർ തുടങ്ങിയ സ്ഥലങ്ങളിൽ അധ്യാപനം നടത്തുകയും 1991 ൽ സ്വന്തം നാടായ മടവൂരിൽ സി എം സെന്റർ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. നിലവിൽ സി എം സെന്റർ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം മികച്ച സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. ചടങ്ങിന്റെ മുന്നോടിയായി മഖാം സിയാറത്തിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി നേതൃത്വം നൽകും. മഗ്‌രിബ് നിസ്‌കാരാനന്തരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിക്കും.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയായി ആദരവ് ചടങ്ങിന് നേതൃത്വം നൽകും. അവേലത്ത് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ കൃഷി മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നിർവഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം, സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, സയ്യിദ് ഹബീബ് കോയ തങ്ങൾ കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സക്കരിയ ജീലാനി വൈലത്തൂർ, ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല, സി എം ഇബ്റാഹീം, എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, പി കെ ഫിറോസ് എം എൽ എ, എം എ റസാഖ് എം എൽ എ, എം മെഹബൂബ്, പി ടി എ റഹീം, സലീം മടവൂർ, കേരള മുസ്‌ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി കരീം ഹാജി ചാലിയം, അബ്ദുർറഹ്‌മാൻ ഹാജി കുറ്റൂർ, സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ കാടാമ്പുഴ, വാർഡ് മെമ്പർ സന്തോഷ്, എ പി നെസ്തർ, മൂത്താടൻ അബ്ദുർറഹ്‌മാൻ, തുടങ്ങി നിരവധി പണ്ഡിതന്മാരും സാമുദായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. ഉച്ചക്ക് രണ്ട് മുതൽ സി എം സെന്ററിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ച പൂർവ വിദ്യാർഥികളുടെ വാർഷിക ഒത്തുകൂടൽ “എ ഡേ വിത്ത് സിഎം സെന്റർ’ പ്രോഗ്രാമും ഡോ. കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന ഇശൽ വിരുന്നും നടക്കും.Content Highlights: Madavoor TK Abdurahiman Bakhavi is being honored today at the CM Center for completing forty years in religious teaching. Indian Grand Mufti Kanthapuram AP Aboobacker Musliyar will lead the special ceremony. Agriculture Minister T Siddique will inaugurate the event in the presence of prominent socio-religious leaders.