മുംബൈയിൽ കനത്ത മഴ തുടരുന്നു. മഹാനഗരം റെഡ് അലേർട്ടിലാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി മണിക്കൂറുകൾക്കുള്ളിൽ ലഭിച്ച ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ട്രാൻസ് ഹാർബർ റെയിൽ ഗതാഗതം നിർത്തിവച്ചു. അണ്ടർപാസുകൾ വെള്ളത്തിനടിയിലായി.രാത്രി മുഴുവൻ പെയ്ത കനത്ത മഴയിൽ മുംബൈയും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലായി. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി 100 മില്ലീമീറ്ററിലേറെ മഴയാണ് രേഖപ്പെടുത്തിയത്. കല്യാൺ, ഡോംബിവ്‌ലി, കർജത്ത്, നേരൽ തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് തുർബെ കോപ്പർഖൈറനെ ട്രാൻസ് ഹാർബർ റെയിൽ പാതയിൽ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അന്ധേരിയിലെ അണ്ടർപാസും വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ അണ്ടർപാസ് മുറിച്ചുകടക്കാൻ ശ്രമിച്ച റിക്ഷാ ഡ്രൈവർ ഒരാൾ അപകടത്തിൽപ്പെട്ടു.ALSO READ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; കൂടുതൽ തട്ടിപ്പ് വിവരങ്ങൾ പുറത്തേക്ക്നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. മുംബൈ, പാൽഘർ മേഖലകളിൽ റെഡ് അലേർട്ടും താനെയിൽ ഓറഞ്ച് അലേർട്ടുമാണ്. ഈ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വിഭാഗങ്ങളും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.The post മുംബൈയിൽ റെഡ് അലേർട്ട്; കനത്ത മഴ തുടരുന്നു, ജാഗ്രതാ നിർദേശം appeared first on Kairali News | Kairali News Live.