യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിയമസഭാ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ, പ്രസിഡന്റ് വി വസീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നിയമസഭയ്ക്ക് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.പിന്നാലെ ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ തീരുമാനിച്ചാൽ സഭയ്ക്കുള്ളിൽ തന്നെ കയറി സമരം ചെയ്യാനുള്ള കരുത്ത് ഡിവൈഎഫ്ഐക്ക് ഉണ്ടെന്ന് വി കെ സനോജ് എംഎൽഎ പറഞ്ഞു. കേരളത്തിൽ മദ്യം ഒഴുക്കാൻ വേണ്ടി നീക്കം നടക്കുന്നു എന്നും അതിനുവേണ്ടി ചില പ്രത്യേക കമ്പനികളെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബക്കാർഡി കമ്പനിയാണ് ഇങ്ങോട്ട് വരുന്നത്. എൽഡിഎഫ് സർക്കാരിന്റെ സമയത്ത് ആ കമ്പനി മന്ത്രിമാരെ സമീപിച്ചിരുന്നു. എന്നാൽ ആ കമ്പനിക്ക് വേണ്ടി നികുതിയിളവ് നൽകാൻ സാധിക്കില്ല എന്ന നിലപാട് എൽഡിഎഫ് മന്ത്രിമാർ എടുത്തു. തെരഞ്ഞെടുപ്പിൽ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണ് ഇപ്പോൾ നികുതിയിളവ് നൽകുന്നത്.ഞങ്ങൾ ഇത് അറിഞ്ഞിട്ടില്ലെന്നാണ് കെസി വേണുഗോപാൽ പറയുന്നത്. വകുപ്പ് മന്ത്രിയും പറയുന്നു അറിഞ്ഞിട്ടില്ലെന്ന്. മുൻ കെപിസിസി അധ്യക്ഷൻ പറയുന്നു ഇത് തെമ്മാടിത്തരമാണ് എന്ന്. പക്ഷേ വി ഡി സതീശൻ നേരത്തെ പണം വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് മദ്യം ഒഴുക്കാനുള്ള സൗകര്യം ഒരുക്കുകയാണ്, വി കെ സനോദ് വ്യക്തമാക്കി. എല്ലാം അദാനിക്ക് വേണ്ടിയാണ് എന്നും ഈ കേരളത്തെ വിഡിയും മോദിയും അദാനിയും ചേർന്ന് വിൽക്കാൻ നീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും ഈ നീക്കം അംഗീകരിക്കില്ലെന്ന് പറഞ്ഞ വി കെ സനോജ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് വരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്നും അറിയിച്ചു.ഇന്ത്യയിലെ മദ്യ രാജാവിനെ സന്തോഷിപ്പിക്കാൻ ആണ് വി ഡി സതീശൻ തീരുമാനമെടുത്തത്. ഒരു മാസത്തിനിടയിൽ ഏറ്റവും കൂടുതൽ യൂ ടേൺ അടിക്കേണ്ടി വന്ന ആദ്യത്തെ മുഖ്യമന്ത്രി വി ഡി സതീശനാണ്. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തെരുവിൽ ഇറങ്ങി നടക്കാൻ സാധിക്കില്ല, വി കെ സനോജ് പറഞ്ഞു.ഒരു അഭിപ്രായ ഐക്യവും ഇല്ലാതെയാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് വി വസീഫ് ചൂണ്ടിക്കാട്ടി. മദ്യ മാഫിയക്ക് സതീശൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. വി ഡി സതീശൻ ബക്കാർഡി സതീശനായി മാറിയെന്നും കേരളത്തെ വിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം ഞങ്ങൾ വിടില്ല. യുഡിഎഫിന് രക്ഷപ്പെടണമെങ്കിൽ വി ഡി സതീശനെ കൊണ്ട് രാജിവെയ്പ്പിക്കണം. നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ഉണ്ടാകും, മദ്യ മാഫിയക്ക് കീഴടങ്ങിയ സതീശനെ തെരുവിൽ തടയുന്ന അടക്കമുള്ള സമരങ്ങൾ ഉണ്ടാകും, വി വസീഫ് കൂട്ടിച്ചേർത്തു.The post യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ; നിയമസഭയിലേക്ക് മാർച്ച് നടത്തി appeared first on Kairali News | Kairali News Live.