കൊൽക്കത്തയിൽ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദ ടെലഗ്രാഫിന്റെ’ എഡിറ്റർ ആർ. രാജഗോപാൽ തന്റെ പൗരത്വവും വോട്ടവകാശവും തെളിയിക്കാൻ നടത്തുന്ന നിയമപോരാട്ടത്തെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ബംഗാളിലെ പ്രത്യേക തീവ്ര പരിശോധനയുടെ (SIR) ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 27 ലക്ഷം പേരിൽ ഒരാളാണ് രാജഗോപാൽ.തന്റെ വോട്ടവകാശം തിരിച്ചുപിടിക്കാനായി മാസങ്ങളായി കൽകത്തയിൽ താമസിച്ച് രാജഗോപാൽ ശ്രമം നടത്തുന്നുണ്ടെങ്കിലും അധികൃതർ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്. 2002-ലെ വോട്ടർ പട്ടികയിൽ പിതാവിന്റെ പേരില്ല എന്ന സാങ്കേതിക കാരണത്താലാണ് അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടത്. പ്രശസ്ത ഗാന്ധിയനും ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ പ്രൊഫ. രാമദാസ് ആണ് രാജഗോപാലിന്റെ പിതാവ്. തന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ ശേഖരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോൾ അദ്ദേഹമെന്ന് കുറിപ്പിൽ പറയുന്നു. നിലവിൽ ട്രിബൂണലിന് മുന്നിലാണ് ഈ അപ്പീൽ ഉള്ളത്.വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടത് രാജഗോപാലിന്റെ ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാരണം ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് പുതുക്കാനുള്ള പോലീസ് അനുമതി നിഷേധിക്കപ്പെട്ടു. 100 ദിവസത്തിലേറെയായി പോലീസ് പരിശോധന തടസ്സപ്പെട്ടതിനാൽ കാലിഫോർണിയയിൽ വെച്ച് ഏപ്രിലിൽ നടന്ന തന്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും ഈ പ്രമുഖ പത്രാധിപർക്ക് കഴിഞ്ഞില്ല.ALSO READ: മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിന്റെ വോട്ടവകാശം എത്രയും വേഗം പുനഃസ്ഥാപിക്കണം; ശക്തമായി അപലപിച്ച് എഡിറ്റേഴ്സ് ഗിൽഡ്ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപർക്ക് പോലും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് എം.ജി രാധാകൃഷ്ണൻ ചോദിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി കൽകത്തയിൽ സ്ഥിരതാമസമാക്കിയ ഒരാൾക്കാണ് ഈ ദുർഗതി നേരിടേണ്ടി വന്നത്. ബിജെപി സർക്കാരിനെതിരെ ‘ദ ടെലഗ്രാഫ്’ സ്വീകരിക്കുന്ന നിശിതമായ വിമർശനങ്ങൾ ഇത്തരം നടപടികൾക്ക് പിന്നിലുണ്ടോ എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ സംശയം പ്രകടിപ്പിക്കുന്നു. രാജ്യത്താകെ ആറ് കോടി പേർ ഇതിനകം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തുപോസ്റ്റിന്റെ പൂർണരൂപംഒരു പത്രാധിപരുടെ ദുരിതംഇക്കാലത്തെ ഇന്ത്യൻ മാധ്യമ രംഗത്ത് ഏറ്റവും ധീരനും സമർത്ഥനും ആയ പത്രാധിപർമാരിൽ മുമ്പനാണ് മലയാളിയായ ആർ രാജഗോപാൽ. കൽകത്തയിൽ നിന്ന് ഇറങ്ങുന്ന പ്രശസ്തമായ ദ് ടെലഗ്രാഫ് പത്രത്തിൻ്റെ പത്രാധിപരും എൻ്റെ ദീഘകാല സുഹൃത്തും കുറച്ചുകാലം സഹപ്രവർത്തകനും ആയിരുന്ന രാജഗോപാൽ കുറേ മാസങ്ങളായി ഒരു കടുത്ത യുദ്ധത്തിലാണ്. പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ പ്രത്യേക തീവ്ര പരിശോധന (SIR)യുടെ ഭാഗമായി വോട്ടർ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത 27 ലക്ഷം പേരിൽ ഈ പ്രശസ്തനായ പത്രാധിപരും ഉണ്ട്. ഇതിനാൽ രാജയ്ക്ക് ഇക്കുറി വോട്ട് ചെയ്യാനായില്ല. തൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ തിരുവനന്തപുരത്ത് നിന്ന് കൽകത്തയിൽ പോയി താമസിച്ച് മാസങ്ങളായി ഇത്രയും പ്രമുഖനായ ഒരു പത്രാധിപർ ഭഗീരഥ ശ്രമം നടത്തിയിട്ടും ഒരു ഫലവുമില്ല. 2002 ലെ വോട്ടർ പട്ടികയിൽ തൻ്റെ അച്ഛൻ്റെ പേരും ഇല്ലെന്ന് പറഞ്ഞാണ് അധികൃതർ രാജയുടെ അപേക്ഷ പരിഗണി ക്കാതിരിക്കുന്നത്. പകരം തൻ്റെ വിവിധ രേഖകൾ രാജ സമർപ്പിച്ചിട്ടും ഫലം ഉണ്ടായില്ല. ഇപ്പോൾ ട്രിബൂണലിൻ്റെ മുന്നിൽ ആണ് രാജയുടെ അപ്പീൽ. പ്രശസ്ത ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനും മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കോളേജ് അധ്യാപകനും ഒക്കെയായിരുന്നു രാജയുടെ പരേതനായ അച്ഛൻ പ്രൊഫ. രാമദാസ്. എന്നും കൃത്യമായി വോട്ടവകാശം വിനിയോഗിച്ചിരുന്ന തൻ്റെ അഛൻ്റെ പേര് എന്തുകൊണ്ട് 2002 ലെ പട്ടികയിൽ നിന്നും അപ്രത്യക്ഷനായി എന്ന് രാജയ്ക് മനസിലാകുന്നില്ല. ഇപ്പോൾ തൻ്റെ അഛനും കോളേജ് അധ്യാപികയായ അമ്മയും ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള യത്നത്തിൽ ആണ് രാജ. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനാൽ രാജ മറ്റൊരു പ്രതിസന്ധിയാലും ആയി. ഇക്കാരണം ചൂണ്ടിക്കാട്ടി പാസ്പോർട്ട് പുതുക്കിക്കിട്ടാനുള്ള പോലീസ് അനുമതി നിഷേധിക്കപ്പെടുകയാണ്. ബയോമെട്രിക് പരിശോധന കഴിഞ്ഞ് നൂറ് ദിവസമായിട്ടും പോലീസ് പരിശോധന അനുകൂലം അല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കൽ പൂർത്തിയാകുന്നില്ല. അതുകൊണ്ട് കാലിഫോണിയയിൽ ഏപ്രിലിൽ നടന്ന തൻ്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാനും രാജയ്ക്ക് കഴിഞ്ഞില്ല. ആദ്യ വർഷം ഇന്ത്യയിൽ ആറ് കോടി പേരാണ് ഇതിനകം സമ്മതിദായക പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. പത്ത് വർഷം കൽകത്തയിൽ സ്ഥിരതാമസമായി പ്രമുഖ പത്രത്തിൻ്റെ അധിപൻ ആയിരുന്ന ഒരാൾക്കും ഇതാണ് സ്ഥിതി എങ്കിൽ സാധാരണക്കാർക്ക് തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ എന്തെങ്കിലും രക്ഷയുണ്ടോ? രാജഗോപാൽ നയിച്ച പത്രം BJP യോട് സ്വീകരിച്ച നിശിതമായ വിമർശനങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിച്ചാൽ തെറ്റുണ്ടോ?The post വിമർശിക്കുന്നവരെ നിശബ്ദരാക്കുന്നുവോ? ആർ. രാജഗോപാലിന്റെ പോരാട്ടം വിവരിച്ച് എം.ജി രാധാകൃഷ്ണൻ appeared first on Kairali News | Kairali News Live.