മദ്യനിരോധനം ഏര്‍പ്പെടുത്തണം, പി എം ശ്രീ ഉപേക്ഷിക്കണം: കാന്തപുരം

Wait 5 sec.

കോഴിക്കോട് | സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ എതിര്‍ത്ത പി എം ശ്രീ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് ടൗണ്‍ഹാളില്‍ സമസ്ത സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആവശ്യം വരുമ്പോള്‍ രാഷ്ട്രീയം നോക്കാതെ നയം പ്രഖ്യാപിക്കാറുണ്ട്. ഇപ്പോള്‍ ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച ‘ഓപറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം സര്‍ക്കാറിന്റെ ജനോപകാരപ്രദമായ മുഴുവന്‍ നടപടികളുമായും സമസ്ത സഹകരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കുരങ്ങിന് ഏണി വെച്ച് കൊടുക്കുന്നത് പോലെയാണ്. അതിനാല്‍ ആ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും മദ്യനിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യണം. എങ്കില്‍ മാത്രമേ നാട്ടില്‍ സമാധാനമുണ്ടാവുകയുള്ളൂ.പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ നേരത്തെ എതിര്‍ത്തതാണ് പി എം ശ്രീ പദ്ധതി. പ്രതിപക്ഷത്തായിരുന്നവര്‍ ഇന്ന് ഭരണപക്ഷത്താണുള്ളത്. ഈ രണ്ട് വിഭാഗവും ഒരുപോലെ എതിര്‍ത്ത വിഷയമായതിനാല്‍ പദ്ധതി നടപ്പാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നൂറ്റാണ്ട് മുമ്പ് ഇതേ കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപവത്കൃതമായ സമസ്തയുടെ നേതാക്കളുടെ ഇഖ്‌ലാസും (നിഷ്‌കളങ്കത) ഉദാത്തമായ ലക്ഷ്യബോധവുമാണ് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ ആദര്‍ശപാതയില്‍ ഇങ്ങനെ ഒരുമിച്ചുകൂടാന്‍ തങ്ങള്‍ക്ക് അവസരമൊരുക്കിയതെന്ന് കാന്തപുരം ഓര്‍മിപ്പിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈജ്ഞാനിക സാമൂഹിക മുന്നേറ്റ മാതൃക രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യവസ്ഥാപിതമായി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സമസ്ത സെന്റിനറിയുടെ ഭാഗമായി രാജ്യത്തിന്റെ മതേതരത്വവും ഐക്യവും ശക്തിപ്പെടുത്താനും പാര്‍ശ്വവത്കൃത ജനതയെ സ്വയംപര്യാപ്തമാക്കാനുമുള്ള പദ്ധതികള്‍ സമസ്ത നടപ്പിലാക്കും. തീവ്രവാദ, മതപരിഷ്‌കരണ, മതനിരാസ സമീപനങ്ങളെ ശക്തമായി ചെറുക്കും. ആദര്‍ശ ആത്മീയ പുരോഗതിയോടൊപ്പം സേവന സാന്ത്വന മേഖലകളില്‍ വിപുലമായ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സംഘടന എക്കാലവും മുറുകെപ്പിടിച്ച വര്‍ഗീയ തീവ്രവാദ വിരുദ്ധ നിലപാട് ശക്തമായി തുടരുമെന്നും കാന്തപുരം വ്യക്തമാക്കി. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ഥ വിധിക്കനുസരിച്ച് ഇസ്‌ലാം മത പ്രബോധനം നടത്തുക, സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക, മതമൂല്യങ്ങള്‍ക്ക് ഹാനി തട്ടാത്ത വിധം ലൗകിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിയമാവലിയിലെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഊന്നിയാണ് സംഘടന ഇന്നും പ്രവര്‍ത്തിക്കുന്നത്. ലോകത്തിന് തന്നെ മാതൃകയായ മദ്‌റസ സംവിധാനത്തിന് പുറമെ സ്‌കൂളുകളും പ്രൊഫഷണല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ മുന്‍പന്തിയില്‍ എത്താന്‍ സമസ്തക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രസംഗിച്ചു. ചടങ്ങില്‍ സമസ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. സമസ്ത സെന്റിനറി നിധിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര മുശാവറ അംഗം പുറക്കാട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരില്‍ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് കാന്തപുരം നിര്‍വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി സമസ്ത സെന്ററില്‍ നേതാക്കള്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതവും വി പി എം വില്യാപ്പള്ളി നന്ദിയും പറഞ്ഞു.Content Highlights:SYS leader Kanthapuram AP Aboobacker Musliyar demanded a total liquor ban to ensure public safety. He also urged the government to reject the central PM SHRI schools scheme due to concerns over state educational autonomy. The organization emphasized these points during their recent high-level state committee meeting.