ന്യൂഡൽഹി | ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചെലവുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിൽ വിവിധ ഉൽപ്പന്നങ്ങളുടെ വില വലിയ തോതിൽ വർദ്ധിപ്പിച്ച് പ്രമുഖ ടെക്നോളജി (Technology) കമ്പനിയായ ആപ്പിൾ. മാക് ഡെസ്ക്ടോപ്പുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, ആപ്പിൾ ടിവി, ഹോംപോഡ് ഉപകരണങ്ങൾ എന്നിവയ്ക്കാണ് വില വർദ്ധിപ്പിച്ചത്. വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (artificial intelligence) സാങ്കേതികവിദ്യയ്ക്കുള്ള ആവശ്യകത ഏറിയതും ഘടകങ്ങളുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഉയർന്ന ഉത്പാദന ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ ഈ നടപടി. എന്നാൽ കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സായ ഐഫോണുകളുടെ വിലയിൽ ഇന്ത്യയിലോ ആഗോളതലത്തിലോ നിലവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.വില പുതുക്കിയതോടെ 512 ജി ബി സ്റ്റോറേജ് ഉള്ള മാക്ബുക്ക് എയർ മോഡലിന്റെ വില 1,19,900 രൂപയിൽ നിന്നും 1,37,900 രൂപയായി ഉയർന്നു. കമ്പനിയുടെ അടിസ്ഥാന മോഡലായ മാക്ബുക്ക് നിയോയുടെ വില 69,900 രൂപയിൽ നിന്നും 79,900 രൂപയായി വർദ്ധിപ്പിച്ചു. 59,900 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ലാപ്ടോപ്പിന് ഇതുവരെ മൊത്തം 20,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.എം 5 ചിപ്പ് ഉള്ള 13 ഇഞ്ച് മാക്ബുക്ക് എയറിന്റെ വില 1,19,900 രൂപയിൽ നിന്നും 1,49,900 രൂപയായി ഉയർന്നു. 15 ഇഞ്ച് വേരിയന്റിന്റെ വില 1,44,900 രൂപയിൽ നിന്നും 1,79,900 രൂപയായി വർദ്ധിപ്പിച്ചു. 16 ജി ബി റാം ഉള്ള 14 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലിനാണ് ഏറ്റവും വലിയ വില വർദ്ധനവ് രേഖപ്പെടുത്തിയത്. 1,69,900 രൂപയിൽ നിന്നും 2,39,900 രൂപയായാണ് ഇതിന്റെ വില ഉയർന്നത്. എം 5 മാക്സ് ചിപ്പോട് കൂടിയ 14 ഇഞ്ച് മാക്ബുക്ക് പ്രോയ്ക്ക് വിപണിയിൽ ഇറക്കിയ സമയത്തേക്കാൾ ഒരു ലക്ഷം രൂപയാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. കൂടാതെ മാക് മിനി എം 4 മോഡലിന്റെ വിലയിൽ 38 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ടാബ്‍ലറ്റ് വിഭാഗത്തിൽ 11 ഇഞ്ച് ഐപാഡ് എയർ എം 4 മോഡലിന്റെ വില 64,900 രൂപയിൽ നിന്നും 89,900 രൂപയായി വർദ്ധിച്ചു. 256 ജി ബി സ്റ്റോറേജുള്ള ഐപാഡ് പ്രോ എം 5 മോഡലിന്റെ വില 99,990 രൂപയിൽ നിന്നും 1,39,900 രൂപയായി ഉയർന്നു.ഹോം എന്റർടൈൻമെന്റ് ഉപകരണങ്ങളുടെ വിലയിലും വലിയ വർദ്ധനവുണ്ട്. ആപ്പിൾ ടിവി 4കെ 64 ജി ബി വേരിയന്റിന്റെ വില 14,900 രൂപയിൽ നിന്നും 25,900 രൂപയായും, 128 ജി ബി വേരിയന്റിന്റെ വില 16,900 രൂപയിൽ നിന്നും 31,900 രൂപയായും ഉയർന്നു. ഏകദേശം 89 ശതമാനത്തിനടുത്താണ് ഇതിലുണ്ടായ വർദ്ധനവ്. ആപ്പിൾ ഹോംപോഡ് വില 32,900 രൂപയിൽ നിന്നും 44,900 രൂപയായും ഹോംപോഡ് മിനിയുടെ വില 10,900 രൂപയിൽ നിന്നും 15,900 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ മെമ്മറി ഘടകങ്ങളുടെ വില ഉയർന്നത് കാരണം ഈ വിലവർദ്ധനവ് അനിവാര്യമായിരുന്നുവെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. Content Highlights:Apple has significantly increased the prices of Macs, MacBooks, iPads, Apple TV, and HomePod devices in India due to soaring global memory and storage costs driven by AI demand. Popular models like the MacBook Air and MacBook Pro have seen substantial price jumps, with some home entertainment products rising by up to 89%. Meanwhile, iPhone prices remain unchanged for now as the company shields its primary revenue source.