മലബാറിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകള്‍ അനുവദിക്കാന്‍ ആലോചിക്കുന്നില്ല: മന്ത്രി

Wait 5 sec.

ന്യൂഡല്‍ഹി | മലബാറിനുള്ള അവഗണന പരിഹരിക്കാന്‍ കഴിയുംവിധം മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഡല്‍ഹിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച സംവാദത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കെ എസ് ആര്‍ ടി സി മാത്രമുള്ള സ്ഥലങ്ങള്‍, സ്വകാര്യ ബസുകള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസുകളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, രണ്ടും തുല്യമായുള്ള സ്ഥലങ്ങളെയാണ് ബാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് മലബാറിനെ ഒഴിവാക്കുന്നത് വിവേചനമല്ലേയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയൊക്കെയേ പറ്റൂവെന്നായിരുന്നു മന്ത്രിയുടെ മറുപടി. പദ്ധതി മൂലം കെ എസ് ആര്‍ ടി സി വരുമാനത്തില്‍ പ്രതിദിനം രണ്ടരക്കോടിയുടെ കുറവുണ്ടായി. കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റ് ഇതര വരുമാനം കൂട്ടുകയെന്നതാണ് ലക്ഷ്യമിടുന്നത്. കെ എസ് ആര്‍ ടി സിയില്‍ കൃത്യമായി ശമ്പളം കൊടുത്തത് ധനവകുപ്പിന്റെ പിന്തുണ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കാതിരുന്നാലാണ് അത് വാര്‍ത്തയാകേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതാണ് വാര്‍ത്തയെന്ന നിലയിലേക്ക് എത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.ലൈസന്‍സുകള്‍ സ്മാര്‍ട്ടാകും; ഡ്രൈവിംഗ് പഠിക്കല്‍ പ്ലസ് ടു പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നുന്യൂഡല്‍ഹി ചിപ്പ് ഘടിപ്പിച്ച, ഹോളോഗ്രാം പതിപ്പിച്ച ആധുനിക ലൈസന്‍സുകള്‍ കേരളത്തിലും ഉടന്‍ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍.കേരളത്തിലെ ലൈസന്‍സുകള്‍ മറ്റു സംസ്ഥാനത്ത് കാണിക്കേണ്ടി വരുമ്പോള്‍ നാണം കെടുന്ന സാഹചര്യം ഇനിയുണ്ടാകില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് ഡ്രൈവ് ചെയ്തു പോകുന്നവര്‍ അവിടെ കേരളത്തിലെ ലൈസന്‍സ് കാണിക്കുമ്പോള്‍ അത് വ്യാജമാണെന്ന ചോദ്യം കേള്‍ക്കേണ്ടിവന്നുവെന്ന് പരാതിപ്പെടാറുണ്ട്. തന്നെ നേരിട്ട് വിളിച്ച് ഇത്തരം അനുഭവമുണ്ടായതായി പലരും പരാതി പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രിയൊക്കെയാണെങ്കിലും തനിക്ക് ലൈസന്‍സില്ലെന്നും വാഹനമോടിക്കാറില്ലെന്നും സി.പി ജോണ്‍ പഞ്ഞു. കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഡ്രൈവിംഗ്, റോഡ് സുരക്ഷ എന്നിവ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടു കഴിയുന്നതോടെ വാഹനമോടിക്കാന്‍ അറിഞ്ഞിരിക്കുകയെന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുക. ഡ്രൈവിങ് അറിയല്‍ അടിസ്ഥാന യോഗ്യതയാക്കി മാറ്റും. എല്ലാവര്‍ക്കും ഡ്രൈവിംഗ് അറിഞ്ഞിരിക്കണമെന്നതാണ് തത്വം.ഇതു സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണെന്നും അതിനായി പദ്ധതി നടപ്പാക്കുമെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ അറിയിച്ചു. റോഡ് സുരക്ഷ കേരളത്തിന്റെ മുന്‍ഗണനയാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും. റോഡ് സേഫ്റ്റി കാമ്പയിന്‍ തന്നെ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷക്കായി നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകള്‍ വീതി കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ ആളുകള്‍ റോഡ് മുറിച്ച് കടക്കുന്നിടത്ത് കൂടുതല്‍ വീതി കൂട്ടും. വാഹനമോടിക്കുന്നവരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയുറപ്പാക്കിയുള്ള വാഹന മോഡിഫിക്കേഷന്‍ മാത്രമായിരിക്കും അനുവദിക്കുകയെന്ന് മന്ത്രി പറഞ്ഞു