പത്തനംതിട്ട | ഗവിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അങ്കണ്‍വാടി വര്‍ക്കറുടെ കുടുംബത്തിന് വിവിധ വകുപ്പുകള്‍ പ്രഖ്യാപിച്ച 11 ലക്ഷത്തിന് പുറമേ വനിതാ ശിശുക്ഷേമ വകുപ്പ് അഞ്ചുലക്ഷം കൂടി നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് നല്‍കി അത് അനുവദിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഗവിയില്‍ അങ്കണ്‍വാടി ഹെല്‍പറുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഗവിയിലെ ലയത്തിന്റെയും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെയും വിവിധ പ്രശ്‌നങ്ങളും ശോചനീയാവസ്ഥയും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഗവിയില്‍ വനംവികസന കോര്‍പറേഷനില്‍ മുടങ്ങിക്കിടക്കുന്ന ആശ്രിത നിയമനങ്ങള്‍ പുനരാരംഭിക്കാന്‍ വനം വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തും.ഇവിടെയുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ ഏറ്റവും അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കും. ഗവിയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനും ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.