ഖാഇദെമില്ലത്തിൻ്റെ ‘ഈമാൻ’ വേണ്ട, സുധീരൻ്റെതെങ്കിലും വേണ്ടേ ലീഗേ?; കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളിൽ ലീ​ഗ് നേതാക്കളുടെ നിലപാടിനെ വിമർശിച്ച് കെടി ജലീൽ

Wait 5 sec.

കേന്ദ്ര സർക്കാരിൻ്റെ പിഎംഎവൈ ഭവന പദ്ധതിയിൽ മന്ത്രി ഷാജിയും പിഎം ശ്രീയിൽ മന്ത്രി ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ അഭിമാന ബോധമുള്ളവരെയും മതേതരവാദികളെയും വല്ലാതെ വേദനിപ്പിച്ചുവെന്ന് കെടി ജലീൽ. ഖാഇദെമില്ലത്തിൻ്റെ ‘ഈമാൻ’ വേണ്ട, സുധീരൻ്റേതെങ്കിലും വേണ്ടേ ലീഗേ എന്നും അദ്ദേഹം വിമർശിച്ചു.കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങൾ 2 ലക്ഷം രൂപയും നൽകി പണിയുന്ന വീടിൻ്റെ മുന്നിൽ എം​ബ്ലം വെക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെ വ്യവസ്ഥ അംഗീകരിക്കുന്നതിൽ തെറ്റില്ലെന്ന ഷാജിയുടെ അഭിപ്രായം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടുക്കാണിക്കുന്നു. ഈ വിഷയത്തിൽ പിണറായി സർക്കാർ മുമ്പ് സ്വീകരിച്ച നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.അത്തരത്തിൽ ഒരു വ്യവസ്ഥ അംഗീകരിച്ചു കൊണ്ടുള്ള പണം വേണ്ടെന്നുവെച്ച് 4 ലക്ഷം രൂപ വീതം വീടൊന്നിന് കടമെടുത്ത് അതിൻ്റെ പലിശ സർക്കാരും വർഷങ്ങൾ എടുത്ത് മുതൽ സംഖ്യ തദ്ദേശ സ്ഥാപനങ്ങളും നൽകി 5 ലക്ഷം വീടുകളാണ് 10 കൊല്ലം കൊണ്ട് പണി കഴിപ്പിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ അഞ്ചു ലക്ഷം വീടുകളുടെ മുന്നിൽ ഒരു ബോർഡും ഫോട്ടോയും വെക്കാൻ പിണറായി ഉത്തരവിട്ടില്ലെന്ന് മാത്രമല്ല ഒരു ഭരണ കർത്താവിൻ്റെയും ചിത്രം പതിക്കരുതെന്ന് കട്ടായം പറയുകയും ചെയ്തെന്നും അദ്ദേഹം ഓർമിപ്പിച്ചു.വീടുകൾക്ക് മുമ്പിൽ മോദിയുടെ പടം വെക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ മാത്രം ഗതികെട്ടവരല്ല മലയാളികളെന്ന് തദ്ദേശ മന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിക്കെന്ന പോലെ എല്ലാവർക്കും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജനങ്ങളിൽ നിന്ന് പണം പിരിച്ചു നൽകുന്ന വീടിന് പച്ച നിറം അടിക്കുന്ന പോലെയോ ബയ്തുറഹ്മ ബോർഡ് തൂക്കുന്നത് പോലെയോ അല്ല വീടിന് കാവി നിറം അടിക്കലും മോദിയുടെ ഫോട്ടോ സഹിതമുള്ള സ്റ്റിക്കർ ഒട്ടിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.ഇഡിയെ ഭയക്കുന്നത് കൊണ്ടാണ് ലീ​ഗ് ഇത് പറയുന്നതെങ്കിൽ ചന്ദ്രിക പത്രത്തിൻ്റെ ബോർഡിനു മുകളിലും കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടിനു മുന്നിലും മോദിയുടെ ഫോട്ടോ പതിച്ച് സായൂജ്യമടഞ്ഞാൽ പോരെയെന്നും എന്തിന് പാവപ്പെട്ടവൻ്റെ മുഖത്ത് ചാണകം വാരി എറിയണമെന്നും അദ്ദേഹം പരിഹസിച്ചു.Also Read: ‘ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ക്ലീൻ ചിറ്റ് നൽകിയത് കെ എം ഷാജി’;രൂക്ഷവിമർശനവുമായി എ എ റഹീം എം പിഇടതുപക്ഷ സർക്കാർ ആദ്യം ഒപ്പിടുകയും അപകടം തിരിച്ചറിഞ്ഞപ്പോൾ മരവിപ്പിക്കുകയും ചെയ്ത പി.എം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എൻ്റെ പഴയ സഹപ്രവർത്തകൻ ഷംസുദ്ദീനെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് വന്നാൽ പി.എം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് ലീഗ് ഭരണം കിട്ടാൻ വേണ്ടി പറഞ്ഞതെന്നും എൽഡിഎഫ് മരവിപ്പിച്ച പി.എം ശ്രീ ലീഗിൻ്റെ മന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ച് നടപ്പിലാക്കും എന്ന് വെല്ലുവിളിച്ചത് ബി.ജെ.പി പ്രസിഡ​ന്റ് സുരേന്ദ്രനാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലീഗുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാതിരിക്കാൻ ബി.ജെ.പിയുമായി വല്ല ഡീലും സുരേന്ദ്രൻ മുഖേന ലീഗ് ഉണ്ടാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.വീര്യംകുറഞ്ഞ മദ്യത്തിൻ്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമാക്കി കുറച്ച് മദ്യപാനം സാർവത്രികമാക്കാൻ 5 ലീഗ് മന്ത്രിമാരുള്ള സർക്കാർ തീരുമാനിച്ചതിനെതിരെ സാദിഖലി തങ്ങൾ ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതുകയല്ല ചെയ്യേണ്ടതെന്നും തൻ്റെ മൊബൈൽ ഫോണിൽ മുഖ്യമന്ത്രിയെ വിളിച്ച് യുഡിഎഫ് സർക്കാരിൽ ലീഗ് വേണമെങ്കിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പിൻവലിക്കണമെന്നാണ് ദൃഢസ്വരത്തിൽ പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന് മുഖ്യമന്ത്രി വിഡി സതീശൻ വിസമ്മതിച്ചാൽ കുഞ്ഞാലിക്കുട്ടിയോടും മറ്റു നാല് മന്ത്രിമാരോടും രാജിവെച്ച് ഉടൻ പാണക്കാട്ടെത്തണമെന്നാണ് തങ്ങൾ പറയോണ്ടതെന്നും ജലീൽ പറഞ്ഞു.വീര്യം കുറഞ്ഞ മദ്യത്തിനും, മോദിയുടെ ചിത്രം വീടിനു മുന്നിൽ തൂക്കുന്നതിനും, പി.എം ശ്രീക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകാനാണ് ലീഗിൻ്റെ പുറപ്പാടെങ്കിൽ ബഹുജനങ്ങളെ തെരുവിൽ അണിനിരത്തി പ്രതിപക്ഷം ആ സാക്ഷ്യപത്രങ്ങൾ കീറിയെറിയുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷെത്തെ ഇതിൻ്റെയൊക്കെ പേരിൽ മുസ്ലിം വിരുദ്ധത ആരോപിച്ചിരുന്ന സമുദായ നേതാക്കൾ ഏത് ഗുഹയിലാണ് ഒളിച്ചിരിക്കുന്നതെന്നും അരുടെ നാവുകൾക്ക് ഏതെങ്കിലും ഖാളിമാർ പൂട്ടിട്ടിട്ടുണ്ടോയെന്നും അദ്ദേഹം വിമർശിച്ചു.The post ഖാഇദെമില്ലത്തിൻ്റെ ‘ഈമാൻ’ വേണ്ട, സുധീരൻ്റെതെങ്കിലും വേണ്ടേ ലീഗേ?; കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളിൽ ലീ​ഗ് നേതാക്കളുടെ നിലപാടിനെ വിമർശിച്ച് കെടി ജലീൽ appeared first on Kairali News | Kairali News Live.