തിരുവനന്തപുരം| കേരള പബ്ലിക് സർവീസ് കമ്മീഷന് (പിഎസ്‌സി) എതിരെ പരീക്ഷാക്രമക്കേടും നിയമനവിവാദവും ആരോപിച്ച് ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചു. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ഉത്തരക്കടലാസ് പൂർണമായി പരിശോധിച്ചില്ലെന്നും പിഴവുകൾ തിരുത്താതെയാണ് നിയമന ശുപാർശ നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പത്തിലേറെ ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതായി ഉദ്യോഗാർഥികൾ പറയുന്നു. കൂടാതെ, എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് വ്യക്തമാക്കാതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും അവർ ആരോപിക്കുന്നു.ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ നൽകിയ ഉദ്യോഗാർഥികളെ ഒരു വർഷത്തോളം കാത്തിരിപ്പിച്ചെന്നും, വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും രേഖകൾ കൈമാറിയില്ലെന്നും പരാതിയുണ്ട്. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ശേഷമാണ് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചതെന്നാണ് ഉദ്യോഗാർഥികളുടെ വിശദീകരണം.അതേസമയം, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചയ്ക്കകം തന്നെ നിയമന ശുപാർശ നൽകിയതും സംശയങ്ങൾക്ക് ഇടയാക്കിയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചത് ഇടത് അനുകൂല സംഘടനയിലെ അംഗത്തിനാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.ഹർജി പരിഗണിച്ച കോടതി, വിഷയത്തിൽ മൂന്ന് ആഴ്ചയ്ക്കകം മറുപടി നൽകാൻ പിഎസ്‌സിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളിൽ ഇതുവരെ പിഎസ്‌സിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.Content Highlights:Candidates moved the court against Kerala PSC alleging major irregularities in a Planning Board recruitment exam. The petition claims unvalued answer sheets and lack of transparency in mark publication. The court has issued a notice to Kerala PSC demanding a reply within three weeks.