എംവി ഗോവിന്ദൻ മാസ്റ്റർരാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ് ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയാണ് ഭരണഘടനയിലെ 352–ാം വകുപ്പ് അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതും അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് അത് അംഗീകരിച്ചതും.ക്രമക്കേടുകളുടെ പേരിൽ റായ്ബറേലി മണ്ഡലത്തിൽനിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പുവിജയം അസാധുവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പെട്ടെന്നുള്ള കാരണം. രാജ്യത്ത് കോൺഗ്രസ് പാർടിക്കുണ്ടായ ആധിപത്യം 1967ലെ തെരഞ്ഞെടുപ്പിൽ നഷ്ടമാകാൻ തുടങ്ങിയതാണ് മറ്റൊരു പ്രകോപനം. കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാരം നഷ്ടമായി. ഇതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് ഗരീബി ഹഠാവോ, ബാങ്ക് ദേശസാൽക്കരണം, മുൻ നാട്ടുരാജാക്കന്മാർക്ക് നൽകിയ പ്രിവി പഴ്സ് റദ്ദാക്കൽ തുടങ്ങി പുരോഗമനസ്വഭാവമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി 1971ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ദിരാഗാന്ധി തയ്യാറായത്. അതിൽ വൻവിജയം നേടുകയും ചെയ്തു.ബംഗ്ലാദേശ് വിമോചനവും പാകിസ്ഥാനെതിരായ യുദ്ധവിജയവും ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ വർധിപ്പിച്ചു. “ഇന്ത്യയെന്നാൽ ഇന്ദിര’ എന്ന മുദ്രാവാക്യം കോൺഗ്രസ് ഉയർത്തി. പ്രകടമായ ഏകാധിപത്യ പ്രവണതകൾ കോൺഗ്രസ് സർക്കാരിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭാഗത്തുനിന്ന് ഉണ്ടായി. 1972 ജൂൺ 27 മുതൽ ജൂലൈ രണ്ടുവരെ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർടി കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ ഭരണം അർധഫാസിസ്റ്റ് ഭീകരവാഴ്ചയിലേക്കാണ് നീങ്ങുന്നതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമബംഗാളിൽ ഇന്ദിരയുടെ അടുത്ത അനുയായി സിദ്ധാർഥ ശങ്കർറേയുടെ നേതൃത്വത്തിലുള്ള അർധഫാസിസ്റ്റ് ഭരണത്തെ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ പാർടി എത്തിച്ചേർന്നത്. അത് ശരിയായിരുന്നുവെന്ന് 1975 ജൂൺ 25ന്റെ അടിയന്തരാവസ്ഥാപ്രഖ്യാപനം തെളിയിച്ചു.എല്ലാ അർഥത്തിലും ജനാധിപത്യത്തെ കൊല ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് സർക്കാർ അക്കാലത്ത് കൈക്കൊണ്ടത്. രാഷ്ട്രീയ എതിരാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. മിസ, ഡിഐആർ എന്നിവപ്രകാരം സിപിഐ എമ്മിന്റേതുൾപ്പെടെ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തു. കേരളത്തിൽ പിണറായി വിജയനും എസ് ആർ പിയും എം എ ബേബിയും വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും ജയിലിലടയ്ക്കപ്പെട്ടു. കണ്ണൂർ കുടിയാന്മലയിൽ സഖാവ് സുകുമാരൻ രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായുള്ള ക്ലാസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് എന്നെ അറസ്റ്റ് ചെയ്തത്.തലശേരി സബ്ജയിലിൽ നാലുമാസത്തോളം കഴിയേണ്ടിവന്നു. ആയിരക്കണക്കിന് സിപിഐ എം കേഡർമാർ ജയിലിലടയ്ക്കപ്പെടുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തു. എല്ലാ ഏകാധിപതികളെയുംപോലെ ഇന്ദിരാഗാന്ധിയും മനുഷ്യാവകാശങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും കാറ്റിൽപ്പറത്തി. സിപിഐ എം മുഖപത്രമായ “പീപ്പിൾസ് ഡെമോക്രസി’ നിരോധിച്ചു. ദേശാഭിമാനിപോലുള്ള അപൂർവം പത്രങ്ങളാണ് അടിയന്തരാവസ്ഥയ്ക്കെതിരെ സധൈര്യം നിലകൊണ്ടത്. കേരളത്തിൽപ്പോലും മാധ്യമങ്ങൾക്കും പ്രസിദ്ധീകരണം നിർത്തേണ്ടിവന്നു. ചില പത്രാധിപന്മാരെ ജയിലിലടയ്ക്കുകയും ചെയ്തു. ഇന്ന് ബിജെപി സർക്കാരുകൾ പലയിടത്തും നടത്തുന്ന ബുൾഡോസർരാജിന് തുടക്കമിട്ടതും അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നഗരങ്ങളിലെ ചേരികൾ പൊളിച്ചുമാറ്റി. ഒരുലക്ഷത്തിലധികം കുടിലുകളാണ് ബുൾഡോസർകൊണ്ട് നീക്കിയത്. ജനസംഖ്യ നിയന്ത്രിക്കാൻ ഒരുകോടിയിലധികംപേരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി. ന്യൂനപക്ഷങ്ങളെയാണ് ഇതിന്റെ പേരിൽ പ്രധാനമായും വേട്ടയാടിയത്.എന്നാൽ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആർഎസ്എസുകാർ അടിയന്തരാവസ്ഥക്കാലത്തും അതേപണി തുടർന്നു. എ കെ ജി “പെൺ ഹിറ്റ്ലർ’ എന്നു വിളിച്ച ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥക്കാലത്ത് പിന്തുണച്ച് രംഗത്തുവന്നത് ആർഎസ്എസും സർസംഘചാലക് മധുകർ ദത്താത്രയ ദേവറസുമായിരുന്നു. ആർഎസ്എസിനെതിരായ നിരോധനം നീക്കിക്കിട്ടുന്നതിനായി മാപ്പ് തേടി ഇന്ദിരാഗാന്ധിക്ക് കത്തെഴുതിയ പാരമ്പര്യവും ആർഎസ്എസിന് സ്വന്തം. ഈ മാപ്പപേക്ഷകളിൽ ഇന്ദിരാഗാന്ധിയെ വാനോളം പുകഴ്ത്താനും ദേവറസ് തയ്യാറായി. ഇന്ദിരാഗാന്ധിയെ നേരിട്ടു കണ്ട് സംസാരിക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുവേള അടിയന്തരാവസ്ഥാവിരുദ്ധ പ്രസ്ഥാനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അതിനാൽ നിരോധനം പിൻവലിക്കണമെന്നും ദേവറസ് ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെ പിന്തുണയ്ക്കാനും ആർഎസ്എസ് തയ്യാറായി.ഇന്ന്, നരേന്ദ്ര മോദിയുടെ ഭരണവും അടിയന്തരാവസ്ഥാ കാലഘട്ടത്തെയാണ് ഓർമിപ്പിക്കുന്നത്. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ഭരണഘടനയിലെ ഒരു കറുത്ത പൊട്ട് എന്നാണ് മോദി വിശേഷിപ്പിച്ചത്. 12 വർഷമായി ആർഎസ്എസും -ബിജെപിയും ഇന്ത്യൻ ജനാധിപത്യത്തിനെതിരെ നടത്തുന്ന ഏറ്റവും മ്ലേച്ഛമായ ആക്രമണത്തെ മറച്ചുവയ്ക്കാനുള്ള ഒരു ശ്രമമായിമാത്രമേ മോദിയുടെ ഈ പ്രസ്താവനയെ കാണാൻ കഴിയൂ. പാർലമെന്റിനെ നോക്കുകുത്തിയാക്കി നിർത്തി ലേബർ കോഡുപോലുള്ള തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കിവരികയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തെ തകർക്കാൻ നഗ്നമായി ദുരുപയോഗിക്കുന്നു. ഇതേ ലക്ഷ്യം നേടാനായി തെരഞ്ഞെടുപ്പ് കമീഷനെയും എക്സിക്യൂട്ടീവിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ്. വോട്ടവകാശംപോലും ഇല്ലാതാക്കുന്നു.സ്ഥാപനവൽക്കരിക്കപ്പെട്ട സ്വേച്ഛാധിപത്യത്തിന്റെ – അല്ലെങ്കിൽ ചില നിരീക്ഷകർ വിശേഷിപ്പിക്കുന്നതുപോലെ “തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ’ത്തിന്റെ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ അടിസ്ഥാനപരമായി തകർക്കാൻ ശ്രമിക്കുന്ന, ഹിന്ദുത്വത്തിന്റെ വിഷലിപ്തമായ പ്രത്യയശാസ്ത്രം കുത്തിവയ്ക്കുന്ന ആർഎസ്എസാണ് ഈ സ്വേച്ഛാധിപത്യമാറ്റത്തിന് നേതൃത്വം നൽകുന്നത്. കൊളോണിയൽവിരുദ്ധ പോരാട്ടത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് ഇന്ത്യ എന്ന ആശയം. അത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും അധിഷ്ഠിതമാണ്. അതിനാൽ, നിലവിലെ ആക്രമണം കൂടുതൽ വ്യാപകവും ശ്വാസംമുട്ടിക്കുന്നതുമാണ്.എന്നാൽ, ഇതിനെതിരെ പ്രതിപക്ഷത്തെ ഒരുമിച്ചുനിർത്തേണ്ട മുഖ്യ പ്രതിപക്ഷകക്ഷി അതിന് തയ്യാറാകാതെ പ്രതിപക്ഷ ഐക്യത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. നവ ഉദാരവാദ നയമാണ് ബിജെപിക്കും കോൺഗ്രസിനുമുള്ളത്. തീവ്രഹിന്ദുത്വമാണ് ബിജെപിക്കെങ്കിൽ, മൃദുഹിന്ദുത്വമാണ് കോൺഗ്രസിന്റെ മുഖമുദ്ര. ന്യൂനപക്ഷങ്ങളെ വേട്ടയാടിയ, ജനാധിപത്യം ചവിട്ടിമെതിച്ച ഹിറ്റ്ലറും ട്രംപും ആർഎസ്എസിനെ എന്നപോലെ ഒരു കോൺഗ്രസ് മുഖ്യമന്ത്രിയെ ആവേശംകൊള്ളിക്കുന്നതും ഗോൾവാൾക്കറെ പൂവിട്ടുപൂജിക്കാൻ മറ്റൊരു കോൺഗ്രസ് മുഖ്യമന്ത്രി മുന്പ് തയ്യാറായതും ഈ പശ്ചാത്തലത്തിലാണ്.കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ചപ്പോൾ, ആരോപണം സഭാരേഖയിൽനിന്ന് നീക്കി. ഈ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്. ചരിത്രത്തിലെ പാഠങ്ങൾ മറക്കുന്നവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഈ സ്വേച്ഛാധിപത്യപ്രവണതയ്ക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണ്. അതിന്റെ മുൻപന്തിയിൽ സിപിഐ എമ്മും ഇടതുപക്ഷവും ഉണ്ടാകും. അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയതിന്റെ അനുഭവം നമുക്ക് ആത്മവിശ്വാസവും കരുത്തും നൽകും.The post രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപം; ഇന്ന് അടിയന്തരാവസ്ഥയുടെ വാർഷികം appeared first on Kairali News | Kairali News Live.