സ്കോളിയോസിസ്, നട്ടെല്ലിനെ ബാധിക്കുന്ന വളവ്; മാതാപിതാക്കൾ അറിയാതെ പോകരുത് ഈ രോഗത്തെക്കുറിച്ച്

Wait 5 sec.

മനുഷ്യശരീരത്തിന്റെ അടിസ്ഥാന ഘടനയെ താങ്ങിനിർത്തുന്ന നെടുംതൂണാണ് നട്ടെല്ല്. എന്നാൽ കുട്ടികളുടെ വളർച്ചാഘട്ടത്തിൽ നട്ടെല്ലിനുണ്ടാകുന്ന അസാധാരണമായ വളവിനെയാണ് വൈദ്യശാസ്ത്രത്തിൽ ‘സ്കോളിയോസിസ്’ (Scoliosis) എന്ന് വിളിക്കുന്നത്. കേവലം ഒരു ശാരീരിക വൈകല്യമോ പുറത്തു കാണുന്ന ‘കൂനോ’ എന്നതിലുപരി, കുട്ടിയുടെ ആന്തരികവും ബാഹ്യവുമായ ആരോഗ്യത്തെ നിശബ്ദമായി കാർന്നുതിന്നുന്ന ഒരു അവസ്ഥയാണിത്.സാധാരണ ഗതിയിൽ നേരെ വളരേണ്ട നട്ടെല്ല് അസാധാരണമായി വശങ്ങളിലേക്ക് ‘S’ ആകൃതിയിലോ ‘C’ ആകൃതിയിലോ വളയുന്നതാണ് ഈ രോഗത്തിന്റെ പ്രധാന സ്വഭാവം. സാധാരണയായി കൗമാരപ്രായത്തിന്റെ തുടക്കത്തിലാണ് (10 മുതൽ 18 വയസ്സ് വരെ) ഈ അവസ്ഥ ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ, ഇത് കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കും. എന്നാൽ ആധുനിക ചികിത്സാരീതികളിലൂടെ സ്കോളിയോസിസ് പൂർണ്ണമായി ഭേദമാക്കാനും കുട്ടികൾക്ക് സാധാരണ ജീവിതം ഉറപ്പാക്കാനും സാധിക്കും.നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യംസ്കോളിയോസിസ് കേവലം ശരീരത്തിന്റെ ആകൃതിയെ ബാധിക്കുന്ന രോഗം മാത്രമല്ല നട്ടെല്ലിന്റെ വളവ് പ്രത്യേക സാഹചര്യങ്ങളിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തന്നെ ഗുരുതരമായി ബാധിക്കും.നട്ടെല്ലിന്റെ വളവ് 50 ഡിഗ്രിക്ക് മുകളിലാകുമ്പോൾ അത് നെഞ്ചിൻകൂടിന്റെ (Rib cage) വിസ്തീർണ്ണം കുറയ്ക്കുന്നു. ഇത് പിന്നീട് ശ്വാസകോശത്തെയും ഹൃദയത്തെയും കഠിനമായി സമ്മർദത്തിലാഴ്ത്താൻ തുടങ്ങും. ഈ സമ്മർദ്ദം കാരണം കുട്ടികൾക്ക് കടുത്ത ശ്വാസതടസ്സം, നെഞ്ചുവേദന, ഇടയ്ക്കിടെയുണ്ടാകുന്ന ന്യുമോണിയ, ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയുക (Cardiopulmonary compromise) തുടങ്ങിയ ജീവന് ഭീഷണിയാകുന്ന അവസ്ഥകൾ ഉണ്ടാകാം.ശരീരവടിവ് നഷ്ടപ്പെടുന്നത് കൗമാരക്കാരിൽ കടുത്ത അപകർഷതാബോധത്തിനും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു. തുടക്കത്തിലേ തന്നെയുള്ള രോഗനിർണ്ണയം നട്ടെല്ലിന്റെ വളവ് ഗുരുതരാവസ്ഥയിലേക്ക് പോകാതെ തടയുകയും ആന്തരിക അവയവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കി കുട്ടികളുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രാരംഭ ലക്ഷണങ്ങൾസ്കോളിയോസിസ് തുടക്കത്തിലേ തിരിച്ചറിയാൻ മാതാപിതാക്കൾ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:തോളുകളിലുണ്ടാകുന്ന ചരിവ്: കുട്ടിയുടെ ഇരുവശങ്ങളിലെയും തോളുകൾ ഒരേ നിരപ്പിൽ അല്ലാതെ വരിക (ഒരു തോൾ മറ്റേതിനേക്കാൾ ഉയർന്നു നിൽക്കുക).ഇടുപ്പിലെ വ്യത്യാസം: ശരീരത്തിന്റെ ഒരു വശത്തെ ഇടുപ്പ് (Hip) മറ്റുവശത്തേക്കാൾ കൂടുതൽ ഉയർന്നു നിൽക്കുക.ശരീരത്തിന്റെ ചരിവ്: നിൽക്കുമ്പോഴോ നടക്കുമ്പോഴോ കുട്ടി അറിയാതെ തന്നെ ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുക.വാരിയെല്ലിലെ അസന്തുലിതാവസ്ഥ: കുട്ടി മുന്നോട്ട് കുനിയുമ്പോൾ പുറകിലെ വാരിയെല്ലുകളുടെ ഒരു ഭാഗം കൂടുതൽ ഉയർന്നു നിൽക്കുന്നത് കാണാം.മാറിടങ്ങളിലെ വ്യത്യാസവും അസമത്വവും: സ്കോലിയോസിസ് ബാധിച്ച പെൺകുട്ടികളിൽ നട്ടെല്ലിന്റെ വളവ് കാരണം വാരിയെല്ലുകൾക്കും തോളുകൾക്കും സ്ഥാനചലനം സംഭവിക്കാം. ഇത് മാറിടങ്ങൾ ഒരേ നിരപ്പിൽ അല്ലാതെ വരാനും, ഒന്നുകിൽ ഒരു മാറിടം മറ്റേതിനേക്കാൾ വലുതായി തോന്നാനോ അല്ലെങ്കിൽ ഒരു വശത്തേക്ക് തള്ളിനിൽക്കാനോ കാരണമായേക്കാം.കാരണങ്ങളും റിസ്ക് ഫാക്ടറുകളുംഏകദേശം 80 ശതമാനം സ്കോളിയോസിസ് കേസുകളിലും കൃത്യമായ കാരണം എന്താണെന്ന് വൈദ്യശാസ്ത്രത്തിന് വ്യക്തമല്ല. ഇതിനെ ഇഡിയോപതിക് സ്കോളിയോസിസ് (Idiopathic Scoliosis) എന്ന് വിളിക്കുന്നു. താഴെ പറയുന്നവയാണ് പ്രധാന കാരണങ്ങൾ:ജനിതക കാരണങ്ങൾ (Genetics): കുടുംബത്തിൽ നട്ടെല്ല് വളയുന്ന പ്രശ്നങ്ങളുള്ള ആരെങ്കിലുമുണ്ടെങ്കിൽ കുട്ടികൾക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്.ജന്മനായുള്ള വൈകല്യങ്ങൾ (Congenital): ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ നട്ടെല്ലിലെ കശേരുക്കളുടെ വികാസത്തിലുണ്ടാകുന്ന തകരാറുകൾ.നാഡീ-പേശി രോഗങ്ങൾ (Neuromuscular): സെറിബ്രൽ പാൾസി (Cerebral Palsy), മസ്കുലാർ ഡിസ്ട്രോഫി തുടങ്ങിയ രോഗങ്ങൾ ബാധിച്ച കുട്ടികളിൽ പേശികളുടെ ബലക്കുറവ് കാരണം നട്ടെല്ല് വളയാൻ സാധ്യതയുണ്ട്.നൂതന ചികിത്സാരീതികൾഇന്ന് വൈദ്യശാസ്ത്ര രംഗത്തുണ്ടായ പുരോഗതി സ്കോളിയോസിസ് ബാധിതർക്ക് വലിയൊരു അനുഗ്രഹമാണ്. രോഗത്തിന്റെ തീവ്രതയനുസരിച്ച് മികച്ച ചികിത്സകൾ ഇപ്പോൾ ലഭ്യമാണ്:മോഡേൺ ബ്രേസുകൾ (Advanced Bracing): രോഗം പ്രാരംഭഘട്ടത്തിലാണെങ്കിൽ നട്ടെല്ല് കൂടുതൽ വളയുന്നത് തടയാൻ കനം കുറഞ്ഞതും സുഖപ്രദവുമായ ആധുനിക ബ്രേസുകൾ (പ്രത്യേക ബെൽറ്റുകൾ) ഉപയോഗിക്കാം. വസ്ത്രത്തിനുള്ളിൽ പുറമേയ്ക്ക് കാണാത്ത രീതിയിൽ ഇവ ധരിക്കാൻ സാധിക്കും.ഗ്രോയിംഗ് റോഡുകൾ (Growing Rods): വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളാണെങ്കിൽ അവരുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്താത്ത രീതിയിൽ നട്ടെല്ലിനൊപ്പം നീളം കൂട്ടാൻ കഴിയുന്ന അത്യാധുനിക റോഡുകൾ സർജറിയിലൂടെ ഘടിപ്പിക്കാൻ ഇന്ന് സംവിധാനങ്ങളുണ്ട്.പോസ്റ്റീരിയർ സ്പൈനൽ ഫ്യൂഷൻ സർജറി: നട്ടെല്ലിന് കഠിനമായ വളവുകളുള്ള കുട്ടികളിൽ ആ വളവ് പൂർണ്ണമായും നേരെയാക്കാൻ പോസ്റ്റീരിയർ സ്പൈനൽ ഫ്യൂഷൻ സർജറി എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെ ഇന്ന് സാധ്യമാണ്. നട്ടെല്ലിലെ അസ്ഥികളെ (കശേരുക്കളെ) പ്രത്യേക സ്ക്രൂകളും റോഡുകളും ഉപയോഗിച്ച് കൃത്യമായ സ്ഥാനത്ത് ഉറപ്പിക്കുകയും അവയെ തമ്മിൽ സംയോജിപ്പിച്ച് നട്ടെല്ലിനെ നേരെയാക്കുകയും ചെയ്യുന്ന രീതിയാണിത്. ഈ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ ഘടന ഫലപ്രദമായി പൂർവ്വസ്ഥിതിയിലാക്കാനും ബാധിതർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും.മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്:10 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ മാസത്തിലൊരിക്കലെങ്കിലും ‘ആഡംസ് ഫോർവേഡ് ബെൻഡ് ടെസ്റ്റ്’ (Adam’s Forward Bend Test) വീട്ടിൽ വെച്ച് തന്നെ ചെയ്യുക. (കുട്ടിയെ കാൽമുട്ടുകൾ മടക്കാതെ മുന്നോട്ട് കുനിച്ചു നിർത്തി പുറംഭാഗം നിരീക്ഷിക്കുന്ന രീതിയാണിത്). നട്ടെല്ലോ ഇരുവശങ്ങളിലുള്ള ഭാഗങ്ങൾ തമ്മിൽ വ്യത്യാസം ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണിച്ച് ചികിത്സ എടുക്കണം.തോളുകളിലോ നട്ടെല്ലിലോ വാരിയെല്ലുകളിലോ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ വിദഗ്ധ സ്പൈൻ സർജനെ സമീപിക്കുക. അതോടൊപ്പം കുട്ടികൾക്ക് കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ പോഷകാഹാരങ്ങൾ നൽകാനും, നീന്തൽ പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക. തുടക്കത്തിലേ കണ്ടെത്തിയാൽ സ്കോളിയോസിസ് ഒരു വില്ലനല്ല! പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരവസ്ഥ മാത്രമാണെന്ന് തിരിച്ചറിയുക.Content Highlights:Scoliosis is an abnormal lateral curvature of the spine that commonly develops during early adolescence between the ages of 10 and 18. If left untreated, severe curvature exceeding 50 degrees can significantly compress the rib cage, impacting lung and heart functions. Early diagnosis through simple home tests and advanced medical treatments like spinal fusion surgery can successfully cure the condition.