മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്ക് (പി.പി.എ) നൽകി വന്നിരുന്ന പിന്തുണ ഇൻഡക്സ് ബഹ്‌റൈൻ പിൻവലിച്ചു. സ്‌കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി ഭരണസമിതിയുമായി സഹകരിച്ചു വരികയായിരുന്നുവെന്നും എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് സ്കൂളിന്റെ സ്ഥിതി ഇപ്പോൾ ഏറെ പരിതാപകരമായി മാറിയിരിക്കുകയാണെന്നും ഇൻഡക്സ് പ്രസ്താവനയിൽ വ്യക്തമാക്കി.തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെപ്പോലും പരിഗണിക്കാതെ, രക്ഷിതാക്കളല്ലാത്ത മുൻ ഭരണസമിതി മേധാവിയും പി.പി.എയുടെ ഏതാനും നേതാക്കളും ഇപ്പോഴത്തെ ഭരണസമിതിയിലെ ചിലരും ചേർന്ന് നിക്ഷിപ്ത താല്പര്യങ്ങൾ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങളാണ് സ്‌കൂളിനെ ഈ അവസ്ഥയിൽ എത്തിച്ചത്. പുതിയ പ്രിൻസിപ്പലിനെ കൊണ്ടുവരുമെന്ന് പറയാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി. നിലവിലെ പ്രിൻസിപ്പാളിനെ നോക്കുകുത്തിയായി നിർത്തി മറ്റൊരു അധികാര കേന്ദ്രമാണ് സ്‌കൂളിനെ നിയന്ത്രിക്കുന്നത്. ഇതിന്റെ ദോഷം അനുഭവിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരുമാണ്. പ്രിൻസിപ്പലിന് പുറമെ വിദ്യാർത്ഥികൾക്ക് പ്രിയങ്കരരും അർപ്പണബോധവുമുള്ള നിരവധി സീനിയർ അധ്യാപകരെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിടുകയോ രാജി വെപ്പിക്കുകയോ ചെയ്തു. പകരം കൃത്യമായ അനുപാതത്തിൽ അധ്യാപകരെ നിയമിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പല പ്രധാന വിഷയങ്ങൾ പഠിപ്പിക്കാനും നിലവിൽ ഇന്ത്യൻ സ്‌കൂളിൽ മതിയായ അധ്യാപകരില്ല. ഈ അധ്യയന വർഷത്തെ പല പുസ്തകങ്ങളും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും സിബിഎസ്ഇ പ്രസിദ്ധീകരിക്കാത്ത ഏതാനും പുസ്തകങ്ങൾ മാത്രമല്ല ഇതിൽ ഉൾപ്പെടുന്നതെന്നും ഇൻഡക്സ് ആരോപിച്ചു.ഭരണസമിതിയുടെ പിടിപ്പുകേടും അമിത ചിലവുകളും മറച്ചുവെക്കാൻ സാമ്പത്തിക പ്രയാസങ്ങൾ മുഴുവൻ ഫീസടക്കാത്ത രക്ഷിതാക്കളുടെ ചുമലിൽ ചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകാൻ പോലും ഭരണസമിതിക്ക് കഴിയുന്നില്ല. ഇത് മുൻപൊരു കാലത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. രക്ഷിതാക്കൾ ഫീസ് അടക്കുന്നില്ല എന്നത് ന്യായീകരണമല്ല, മറിച്ച് ഫീസ് കൃത്യമായി വാങ്ങിയെടുക്കാൻ കഴിയാത്തതാണ് പ്രശ്നം. ഫീസ് വകയിലല്ലാതെ മറ്റ് നിരവധി വഴികളിലൂടെ സ്‌കൂൾ ധനശേഖരണം നടത്താറുണ്ടെങ്കിലും അത്തരം ഫണ്ടുകൾ കണ്ടെത്താനോ ഉപയോഗിക്കാനോ ഈ ഭരണസമിതിക്ക് കഴിയുന്നില്ല. ഉയർന്ന ശമ്പളം നൽകി ഫിനാൻസ് മാനേജരെ വരെ നിയമിച്ചിട്ടും ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് സാധിക്കുന്നില്ല. ഉയർന്ന യോഗ്യതയുണ്ടായിട്ടും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പാവം അധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകാതെ ക്രൂശിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.കഴിഞ്ഞ 12 വർഷമായി സ്‌കൂൾ ഭരണം നടത്തുന്നവരുടെ കീഴിൽ നടന്ന മെഗാഫെയറുകളിൽ നിന്ന് ലഭിച്ച ഫണ്ടുകൾ മാത്രം മതി ഏത് പ്രതിസന്ധിയിലും സ്‌കൂളിനെ കരകയറ്റാൻ. എന്നാൽ അത്തരം കണക്കുകൾ ഈ ഭരണസമിതി, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷമായി, കൃത്യമായി അവതരിപ്പിച്ചിട്ടില്ല. സ്‌കൂളിന് ഫണ്ട് കണ്ടെത്താൻ നടത്തുന്ന പരിപാടികൾ കൊണ്ട് സ്‌കൂളിന് ഗുണമില്ലെങ്കിലും നടത്തിപ്പുകാർക്ക് ഗുണം ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. കണക്കുകൾ ചോദിച്ചാൽ അവതരിപ്പിക്കില്ലെന്ന നിർബന്ധ ബുദ്ധിയാണ് ഭരണസമിതിക്ക്. ഇൻഡക്സ് അംഗങ്ങൾ കൂടി ഭാഗഭാക്കായ പരിപാടികളുടെ കണക്കുകൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. സുതാര്യത പുലർത്തുന്നില്ല എന്നതാണ് ഈ ഭരണസമിതിയുടെ മുഖമുദ്ര. കണക്കുകൾ ചോദിക്കുന്നവരെയും കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരെയും വ്യക്തിപരമായി വരെ അധിക്ഷേപിക്കുന്ന രീതിയാണ് ഭരണസമിതിയെ നയിക്കുന്നവർ പിന്തുടരുന്നത്.ട്യൂഷന് പോയാൽ മാത്രമേ കുട്ടികൾക്ക് പഠിക്കാൻ കഴിയൂ എന്ന സ്ഥിതി മാറണമെന്നും അക്കാദമിക് നിലവാരം ഉയർത്തണമെന്നും ഇൻഡക്സ് ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങൾ യഥാസമയം എത്തിക്കുക, അധ്യാപകരടക്കമുള്ള ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നൽകുക, അധ്യാപകരോടുള്ള രാഷ്ട്രീയ പകപോക്കലുകൾ അവസാനിപ്പിക്കുക എന്നിവയും ആവശ്യങ്ങളിൽ പെടുന്നു. അത്യാവശ്യ കാര്യങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ കഴിഞ്ഞ 12 വർഷമായി ഭരണം നടത്തുന്ന പി.പി.എ ഒരു ശ്രദ്ധയും നൽകിയിട്ടില്ല എന്നത് ഏറെ ആശ്ചര്യകരവും പ്രതിഷേധാർഹവുമാണെന്ന് ഇൻഡക്സ് ബഹ്‌റൈൻ വ്യക്തമാക്കി.The post ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ; സുതാര്യതയില്ലായ്മയും പിടിപ്പുകേടും ആരോപണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.