തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി-യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ കയ്യാങ്കളി. കൗൺസിൽ യോഗത്തിൽ അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞതിന് പിന്നാലെയാണ് നഗരസഭ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായത്. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.തറയിലിരുന്ന് പ്രതിഷേധിച്ച യു.ഡി.എഫ് അംഗങ്ങൾ ഹാജർ രജിസ്റ്റർ പിടിച്ചെടുക്കാൻ ശ്രമിച്ചത് വലിയ ബഹളത്തിന് വഴിവെച്ചു. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാക്കപ്പെടും എന്ന നിയമം നിലനിൽക്കെ, സുഗതന്റെ ഹാജർ ഒഴിവാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം.സുഗതൻ ഹാജർ വെക്കാതിരിക്കാൻ രജിസ്റ്റർ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയായിരുന്നുവെന്ന് അവർ വിശദീകരിക്കുന്നു. രജിസ്റ്റർ കീറാൻ വരെ നീങ്ങിയ പിടിവലിക്കിടയിൽ കൗൺസിൽ ഹാളിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെയും യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ഉദയൻ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്യുകയും മിനുട്സ് ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രധാന പരാതി. ബി.ജെ.പി, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിലും മുദ്രാവാക്യം വിളികളുമായി ഏറ്റുമുട്ടി. കോർപ്പറേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.The post തിരുവനന്തപുരം കോർപ്പറേഷനിൽ കാപ്പ കേസ് പ്രതിയായ കൗൺസിലറുടെ ഹാജറിനെ ചൊല്ലി യു.ഡി.എഫ്-ബി.ജെ.പി ഏറ്റുമുട്ടൽ appeared first on ഇവാർത്ത | Evartha.