രൂപത്തിന്റെയും ശരീരവടിവിന്റെയും പേരിൽ കരിയറിൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി രാധിക മദൻ. ആദ്യ ചിത്രമായ ‘പഠാക്ക’യ്ക്ക് വേണ്ടി 15 കിലോയോളം ഭാരം കൂട്ടിയതിന് പിന്നാലെ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായെന്നും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരോഗ്യത്തെ ബാധിച്ചെന്നും താരം വെളിപ്പെടുത്തി.ടെലിവിഷൻ രംഗത്തുനിന്ന് സിനിമയിലെത്തിയ രാധിക, ‘പഠാക്ക’യ്ക്ക് ശേഷം ‘ശിദ്ധത്ത്’, ‘അംഗ്രേസി മീഡിയം’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടെ ഭാരം കുറയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ശരീരഭാരത്തെക്കുറിച്ചുള്ള നിരന്തര വിമർശനങ്ങൾ തന്നെ കൂടുതൽ സമ്മർദത്തിലാക്കിയെന്നാണ് രാധിക പറയുന്നത്.“പഠാക്കയ്ക്ക് വേണ്ടി ഞാൻ 15 കിലോ ഭാരം കൂട്ടി. പിന്നീട് ശിദ്ധത്തും അംഗ്രേസി മീഡിയവും ചെയ്യുന്നതിനിടെ ഭാരം കുറയ്ക്കുകയായിരുന്നു. ‘വണ്ണം കൂടുതലാണ്, ഇവളെ എങ്ങനെ നായികയാക്കും’ എന്നാണ് എന്നോട് ചോദിച്ചിരുന്നത്. അതിനാൽ ഞാൻ ഭാരം കുറച്ചുകൊണ്ടേയിരുന്നു. ഷൂട്ടിങ്ങും തിരക്കും കൂടിയായപ്പോൾ ഞാൻ എല്ലും തോലുമായി. അത് എന്റെ ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ഒരു ഇടവേളയെടുത്തത്,” രാധിക പറഞ്ഞു.ഭാരം കൂടുതലായിരുന്നപ്പോൾ വിമർശിച്ചവർ മെലിഞ്ഞപ്പോഴും വെറുതെവിട്ടില്ലെന്നും താരം പറയുന്നു. “നേരത്തെ വണ്ണം കൂടുതലാണെന്നായിരുന്നു പരാതി. പിന്നീട് ഞാൻ വല്ലാതെ മെലിഞ്ഞുവെന്നും പറഞ്ഞു. എവിടെയും തൃപ്തിപ്പെടാത്തവരെ സന്തോഷിപ്പിക്കാൻ എന്തിനാണ് ഞാൻ ശ്രമിക്കുന്നതെന്ന് സ്വയം ചോദിച്ചു. അതോടെ ഏതെങ്കിലും പ്രത്യേക ശരീരവലുപ്പത്തിലെത്താൻ ശ്രമിക്കുന്നതിനുപകരം ആരോഗ്യത്തോടെ ജീവിക്കാനാണ് തീരുമാനിച്ചത്. പിന്നീട് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എന്നെ ബാധിക്കാതായി,” രാധിക വ്യക്തമാക്കി.മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് പിന്നിലെ അപകർഷതാബോധത്തിന്റെ കാരണം എന്താണെന്ന് നമുക്ക് അറിയില്ലെന്നും അതിനാൽ അവരുടെ അഭിപ്രായങ്ങൾക്ക് അമിതപ്രാധാന്യം നൽകേണ്ടതില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ ആരോഗ്യത്തോടെ തുടരാനാണ് താൻ കൂടുതൽ ശ്രദ്ധിക്കുന്നതെന്നും രാധിക പറഞ്ഞു.സ്ത്രീകൾക്ക് ഒരു പ്രത്യേക ശരീരവലുപ്പത്തിൽ എത്തണമെന്ന സമ്മർദം സമൂഹം സൃഷ്ടിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ‘പെർഫെക്ട് സൈസിൽ’ ആയിരിക്കണമെന്ന ധാരണ കുട്ടിക്കാലം മുതൽ തന്നെ മനസിൽ ഉറപ്പിക്കപ്പെടുന്നതാണ്. മാസികകളുടെ കവറുകളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ രൂപങ്ങളിലൂടെയും മറ്റും ഈ സങ്കൽപ്പം ശക്തിപ്പെടുന്നു. ഒരു ‘പെർഫെക്ട് വുമൺ’ എന്ന മാതൃകയിലേക്ക് സ്ത്രീകളെ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാധിക മദൻ അഭിപ്രായപ്പെട്ടു.The post വണ്ണം കൂടുതലെന്ന് വിമർശിച്ചു, മെലിഞ്ഞപ്പോൾ അതും പ്രശ്നമായി; ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് രാധിക മദൻ appeared first on ഇവാർത്ത | Evartha.