പവിഴദ്വീപുകളുടെ സ്വാസ്ഥ്യം കെടുത്തരുത്‌

Wait 5 sec.

ശാന്തസുന്ദരമായ പവിഴദ്വീപെന്നും സഞ്ചാരികളുടെ പറുദീസയെന്നുമൊക്കെയാണ് ലക്ഷദ്വീപിന്റെ വിശേഷണങ്ങള്‍. കേള്‍ക്കാനിമ്പമുള്ള വാക്കുകള്‍ക്കപ്പുറം, അറബിക്കടലിലെ ചെറുദ്വീപുകളുടെ കൂട്ടമായ ഈ ഭൂവിഭാഗത്തിലെ മനുഷ്യരുടെ ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ അവിടെ നടപ്പാക്കുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും ഓരോ ദ്വീപ് നിവാസിയുടെയും അന്തസ്സിനും അഭിമാനത്തിനും ജീവിക്കാനുള്ള സ്വാഭാവിക അവകാശത്തിനും ഭീഷണിയുയര്‍ത്തുകയാണ്. തീര്‍ത്തും സമാധാനപ്രിയരായ ലക്ഷദ്വീപ് ജനതയുടെ സാംസ്‌കാരിക തനിമയും ഉപജീവനമാര്‍ഗങ്ങളും ഹനിക്കുന്നതരത്തിലുള്ള നയപരമായ മാറ്റങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് അവിടെ ജനങ്ങളുയര്‍ത്തുന്നത്. ദ്വീപിന്റെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നത് ആ മനുഷ്യരോട് ചര്‍ച്ച ചെയ്‌തോ അവരുടെ കൂടി പങ്കാളിത്തത്തിലോ അല്ല. തദ്ദേശീയമായ അറിവുകളോ അനുഭവങ്ങളോ അധികൃതര്‍ മുഖവിലക്കെടുക്കുന്നുമില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ഗുജറാത്തിയുമായ പ്രഫുല്‍ ഖോഡ പട്ടേല്‍ 2020 ഡിസംബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി അധിക നിയോഗിക്കപ്പെട്ട ശേഷം കൊണ്ടുവന്ന സര്‍വ പരിഷ്‌കാരങ്ങളിലും നിഗൂഢമായ ലക്ഷ്യങ്ങളും ദ്വീപിന്റെ സാംസ്‌കാരിക സ്വത്വത്തിന് മേലുള്ള കടന്നുകയറ്റ ശ്രമവും കാണാനാകും. കേന്ദ്രഭരണ പ്രദേശ സര്‍ക്കാറിന്റെ ഭാഗമായി ജോലി ചെയ്ത നിരവധി തദ്ദേശവാസികളെ പിരിച്ചുവിട്ടു. ലക്ഷദ്വീപിനും വന്‍കരയ്ക്കും ഇടയില്‍ ഓടുന്ന കപ്പലുകളുടെ എണ്ണം ഏഴില്‍ നിന്ന് രണ്ടായി കുറച്ചു. ദ്വീപിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികളുടെ പെർമിറ്റ് കർശനമാക്കി. സ്കൂളുകൾ പൂട്ടാൻ ശ്രമിച്ചു.മുസ്‌ലിംകള്‍ മഹാ ഭൂരിപക്ഷമായ ലക്ഷദ്വീപിന് ഒരിക്കലും യോജിക്കാനാകാത്ത ഇളവുകളും നിഷ്‌കര്‍ഷകളും കൊണ്ടുവരാന്‍ നോക്കി. സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കല്‍ (2022 മേയില്‍ സുപ്രീം കോടതി റദ്ദാക്കി), കുറ്റകൃത്യങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് നിര്‍ദിഷ്ട പ്രതിരോധ തടങ്കല്‍ നിയമം, വ്യാപകമായ ഭൂമി ഏറ്റെടുക്കല്‍, മദ്യവില്‍പ്പനക്ക് ഇളവുകള്‍ തുടങ്ങിയവ ചിലത് മാത്രം. നിയമ പോരാട്ടത്തിലൂടെ ചിലതിന് തടയിടാൻ സാധിച്ചെങ്കിലും പട്ടേലും സംഘവും പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു കൊണ്ടേയിരിക്കുകയാണ്.ഇക്കൂട്ടത്തില്‍ ഏറ്റവും പുതുതായി വന്ന വാര്‍ത്ത ബിത്രയില്‍ നാവിക താവളം പണിയാന്‍ പോകുന്നുവെന്നതാണ്. അറബിക്കടലില്‍ ചൈനീസ് നീക്കങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി ലക്ഷദ്വീപില്‍ മറ്റൊരു നാവികത്താവളം കൂടി സ്ഥാപിക്കുന്നത് ഊര്‍ജിതമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 36 ദ്വീപുകളുള്ള ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. ഈ ദ്വീപ് പൂര്‍ണമായും പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കുകയാണ്. 0.105 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ബിത്രയില്‍ 2011ലെ സെന്‍സസ് പ്രകാരം 105 കുടുംബങ്ങളിലായി 271 നിവാസികളാണുള്ളത്. ശരിയായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെയാണ് കുടിയൊഴിപ്പിക്കൽ നീക്കമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബിത്രയില്‍ വളരെ ദുര്‍ബലമായ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുണ്ട്.ദ്വീപ് സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനം പവിഴപ്പുറ്റുകളും ഇവിടെയാണ്. വലിയ തോതിലുള്ള സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ അതിന്റെ 45 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലഗൂണിനെ ശാശ്വതമായി നശിപ്പിക്കും. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഭൂമി പല ദ്വീപുകളിലും സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ബദല്‍ മാര്‍ഗങ്ങളൊന്നും പരിഗണിക്കാതെ, പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരുള്ള ബിത്രയെ ലക്ഷ്യമിട്ടുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഹംദുല്ല സഈദ് പറയുന്നു.കുടിയിറക്കല്‍ ബിത്രയുടെ മാത്രം പ്രശ്‌നമല്ല. ഏത് ഭൂമിയിലും ഭരണകൂടം കടന്നുകയറുമെന്ന സ്ഥിതിയാണുള്ളത്. ഭൂമി പിടിച്ചെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ദ്വീപില്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും കല്‍പേനി, ആന്ത്രോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനും വഴിവെച്ചു. പരമ്പരാഗതമായി ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന പണ്ടാര ഭൂമി സര്‍വേയുടെ മറവില്‍ കൈയേറാനുള്ള ശ്രമം തദ്ദേശവാസികളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് റെഗുലേഷന്‍, 2026ലെ സെക്്ഷന്‍ 90 ദ്വീപ് നിവാസികള്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഒരു പ്രദേശത്ത് പുതിയ ടൗണ്‍ പ്ലാനിംഗ് സ്‌കീം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍, കുടിയൊഴിപ്പിക്കലിന് പ്ലാനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് ഈ വകുപ്പ് പൂര്‍ണ അധികാരം നല്‍കുന്നു.സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഒരു സ്ഥലം റോഡിനോ ടൂറിസത്തിനോ മറ്റ് പൊതുവികസനത്തിനോ ആയി മാറ്റിവെച്ചതാണെന്ന് അടയാളപ്പെടുത്തിയാൽ അവിടെയുള്ള താമസക്കാരെ വളരെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കാന്‍ ഈ വകുപ്പിലൂടെ സാധിക്കും. ടൗണ്‍ പ്ലാനിംഗ് അതോറിറ്റിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്നതിനോ സ്റ്റേ വാങ്ങുന്നതിനോ സാധാരണക്കാര്‍ക്ക് നിയമപരമായ വലിയ തടസ്സങ്ങള്‍ ഈ റെഗുലേഷന്‍ ഉണ്ടാക്കുന്നുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ണമായും അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്ക് വിധേയമാണ്. പ്രാദേശിക പഞ്ചായത്തുകള്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഇതില്‍ ഇടപെടാനോ ഒഴിപ്പിക്കല്‍ തടയാനോ ഉള്ള അധികാരം പരിമിതമാണ്.ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ദ്വീപ് ഭരണകൂടം. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് മാരക വകുപ്പുകള്‍ ചുമത്തുകയാണ്. മെയിന്‍ലാന്‍ഡുമായി ബന്ധപ്പെടാന്‍ ആവശ്യത്തിന് യാത്രാ സൗകര്യങ്ങളില്ല. മാരകമായ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ആശുപത്രികളില്ല, മതിയായ വിദ്യാഭ്യാസ സൗകര്യങ്ങളില്ല. ജീവനോപാധികളില്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഈ മനുഷ്യരെ അവഗണിച്ചും അപമാനിച്ചും ഒഴിപ്പിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്? പവിഴദ്വീപുകളുടെ സൗന്ദര്യം പൂര്‍ണമാകുന്നത് സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഈ ജനതയുടെ സ്വാസ്ഥ്യം കൂടി സാധ്യമാകുമ്പോഴാണ്.Content Highlights:Lakshadweep residents face severe existential threats due to controversial reforms under Administrator Praful Khoda Patel. Recent plans for a naval base on Bitra island threaten total displacement and delicate coral ecosystems. New town planning regulations enable easy land acquisition, triggering widespread protests and curfews across islands.