സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത:ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Wait 5 sec.

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വടക്കന്‍ തമിഴ്‌നാടിന് മുകളില്‍, സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മീ. ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. മന്നാര്‍ കടലിടുക്കില്‍ നിന്ന് മധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്‌നാടും കര്‍ണാടകയും വഴി കടന്നുപോകുന്ന, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ. ഉയരത്തില്‍ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നതായും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.Content Highlights: The India Meteorological Department forecasted heavy rain and strong winds across Kerala today and tomorrow, prompting yellow alerts in several districts. The rainfall is driven by cyclonic circulations in the Arabian Sea and Tamil Nadu alongside a low-pressure trough. Coastal areas face high wave hazards.