കെ എം ബഷീറിന് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും: മന്ത്രി പി സി വിഷ്ണുനാഥ്

Wait 5 sec.

മലപ്പുറം | കെ എം ബഷീറിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ആത്മാര്‍ത്ഥമായ ഇടപെടലുകളും ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സാംസ്‌കാരികം ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന കെ എം ബഷീര്‍ അനുസ്മരണ പരിപാടിയും ബഷീർ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബഷീറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ നിയമസഭയില്‍ തന്നെ ഈ വിഷയം ഉന്നയിച്ചിട്ടുള്ളതാണെന്നും കേസിന്റെ നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും കൂടെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കെ എസ് യു കാലഘട്ടം മുതല്‍ ബഷീറിനെ പരിചയമുണ്ടായിരുന്നു. സിറാജ് ദിനപത്രത്തിനുവേണ്ടി നിയമസഭ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതുമുതലാണ് സൗഹൃദം കൂടുതല്‍ ദൃഢമായത്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പെരുമാറ്റത്തിലെ സൗമ്യതയായിരുന്നു. എപ്പോള്‍ കണ്ടാലും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം സംസാരിച്ചിരുന്ന സ്ഥിരമായി ആശയവിനിമയം നടത്തിയിരുന്ന സുഹൃത്തിനെയാണ് ബഷീറിന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്നും മന്ത്രി അനുസ്മരിച്ചു.രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം വളരെയധികം പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത കൊടുക്കുന്നതിന് പകരം അദ്ദേഹം കഴിച്ച ഭക്ഷണത്തെക്കുറിച്ചാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമപ്രവര്‍ത്തനം അത്രത്തോളം അധപതിച്ചിരിക്കുന്നു. എന്നാല്‍, ഇത്തരം തമസ്‌കരണങ്ങളെ മറികടന്ന് സത്യം പുറത്തുകൊണ്ടുവരാനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കിലും അനാവശ്യ മത്സരങ്ങള്‍ സത്യം മറച്ചുവെക്കാന്‍ കാരണമാകുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കെ.കെ. എസ് തങ്ങൾ ഫൈസി പെരിന്തൽമണ്ണ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മൂന്നാമത് കെ എം ബഷീര്‍ സ്മാരക അവാര്‍ഡ് ജേതാക്കളായ മനോരമ ന്യൂസ് പ്രിന്‍സിപ്പൽ കറസ്‌പോണ്ടന്റ് എസ് മഹേഷ്‌കുമാര്‍, സിറാജ് പാലക്കാട് ജില്ലാ ബ്യൂറോചീഫ് എം കെ സുരേഷ്‌കുമാര്‍, പ്രാദേശിക ലേഖകന്‍ ടി മൊയ്തീന്‍കുട്ടി എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഉപഹാരം സ്വീകരിച്ചു. സിറാജ് ദിനപത്രം മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.എം എല്‍ എമാരായ കുറുക്കോളി മൊയ്തീന്‍, വി എസ് ജോയ്, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ടി കെ അബ്ദുല്‍ ഗഫൂര്‍, ജമാല്‍ കരുളായി, ജലീല്‍ കല്ലേങ്ങല്‍പടി പ്രസംഗിച്ചു. ‘സമൂഹ മനസാക്ഷിയും മാധ്യമ നൈതികതയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സിറാജ് അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയക്കൽ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി നിസാര്‍ സംസാരിച്ചു. രണ്ടാമത്സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, മുസ്തഫ കോഡൂര്‍, മുഹമ്മദ് പറവൂർ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, ശൗക്കത്ത് ഹാജി കാരാകുറുശ്ശി, സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, അബ്ദു സ്വമദ് മുസ് ലിയാർ മുട്ടനൂർ,കുഞ്ഞു കുണ്ടിലങ്ങാടി, ഖാസിം എ ഖാദർ തിരുവനന്തപുരം, അഫ്സൽ കൊല്ലം,സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, അബ്ദുൽ മജീദ് മദനി, റഫീഖ് സഖാഫി, ടി. എം. ശുഹൈബ്, സിദ്ധീഖ് കൊളത്തൂർ, മുഹമ്മദ് കുട്ടി സംബന്ധിച്ചു.