ടൂറിസ വികസനത്തിന്റെ പേരില്‍ കേരളത്തില്‍ 25 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആരംഭിക്കാനും മദ്യലഭ്യത വര്‍ധിപ്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണ്. ഒരു ഇംഗ്ലീഷ് പത്രവുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് ടൂറിസ സൗഹൃദമായ എക്സൈസ് നയം രൂപവത്കരിക്കുന്ന കാര്യവും പ്രമുഖ ആഗോള ദേശീയ ഹോട്ടല്‍ ശൃംഖലകളുടെ സഹകരണത്തോടെ കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ തുടങ്ങുന്ന കാര്യവും വെളിപ്പെടുത്തിയത്. വിദേശ രാജ്യങ്ങളില്‍ സഞ്ചാരികള്‍ക്ക് ‘നിലവാരമുള്ള’ മദ്യം യഥേഷ്ടം ലഭ്യമാകുമ്പോള്‍ കേരളത്തില്‍ അത് ലഭ്യമല്ലെന്നും അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ സമ്പദ്ഘടനയില്‍ മികച്ച പങ്കുവഹിക്കുന്ന മേഖലയാണ് ടൂറിസം. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ അത് വികസിപ്പിക്കേണ്ടത് ആവശ്യവുമാണ്. എന്നാല്‍ ഈ വളര്‍ച്ചക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അടിയറവെച്ചു കൊണ്ടാകരുത്. ആഗോള ടൂറിസ ഭൂപടത്തില്‍ കേരളം ഇടംപിടിച്ചത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിന്റെയും മദ്യലഭ്യതയുടെയും പേരിലല്ല. പച്ചപ്പണിഞ്ഞ മലനിരകളും കായലുകളും നദികളും വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും ആയുര്‍വേദ ചികിത്സയും ചരിത്രസ്മാരകങ്ങളും കലാരൂപങ്ങളും ഉത്സവങ്ങളുമെല്ലാമാണ് കേരളത്തെ വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധേയമാക്കിയത്.വയനാടിന്റെ മലനിരകള്‍ കാണാനും മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും ആലപ്പുഴയിലെ കായലുകളിലൂടെ യാത്രചെയ്യാനും ഫോര്‍ട്ട്കൊച്ചിയുടെ ചരിത്രവഴികളിലൂടെ നടക്കാനും കുമരകത്തെ ശാന്തത അനുഭവിക്കാനും മലബാറിന്റെ സാംസ്‌കാരിക വൈവിധ്യം കണ്ടറിയാനുമാണ് വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത്. ഈ സമ്പന്നമായ ടൂറിസം സാധ്യതകളെ മദ്യലഭ്യതയുടെ ചട്ടക്കൂട്ടിലേക്ക് ചുരുക്കിക്കെട്ടുന്നത് കേരളത്തിന്റെ സവിശേഷതകള്‍ക്കു നേരേ കണ്ണടക്കലാണ്. മദ്യമില്ലാതെ തന്നെ പ്രകൃതി സൗഹൃദ ടൂറിസം, പൈതൃക ടൂറിസം, ഗ്രാമീണ ടൂറിസം, സാഹസികവിനോദ സഞ്ചാരം, ആയുര്‍വേദം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് കേരളത്തില്‍ സാധ്യതകളേറെയുണ്ട്. മലബാറിലെ സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍, മധ്യകേരളത്തിന്റെ പാരമ്പര്യ വിഭവങ്ങള്‍, തീരദേശങ്ങളിലെ മത്സ്യവിഭവങ്ങള്‍, ആദിവാസി സമൂഹങ്ങളുടെ തനതായ ഭക്ഷണ സംസ്‌കാരം തുടങ്ങി കേരളത്തിന്റെ ഭക്ഷണവൈവിധ്യം ടൂറിസ വികസനത്തിന്റെ ഘടകമാക്കാവുന്നതാണ്. കളരിപ്പയറ്റ്, കോല്‍ക്കളി, കഥകളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളും ഈ ലക്ഷ്യത്തില്‍ ഉപയോഗപ്പെടുത്താനാകും.ഒരു നാടിന്റെ യഥാര്‍ഥ സമ്പത്ത് ജനങ്ങളുടെ ആരോഗ്യവും മാനസിക സുസ്ഥിരതയുമാണ്. മദ്യപാനം രോഗാതുരമാക്കുന്ന തലമുറയെയും അതുണ്ടാക്കുന്ന സാമ്പത്തിക, സാമൂഹിക ഭാരവും സര്‍ക്കാറുകള്‍ പലപ്പോഴും കണക്കിലെടുക്കാറില്ല. ടൂറിസം വകുപ്പ് സമ്പാദിക്കുന്ന വരുമാനത്തേക്കാള്‍ എത്രയോ കൂടുതലാണ് മദ്യദുരന്തങ്ങള്‍ മൂലം കുടുംബങ്ങള്‍ക്കും ആരോഗ്യമേഖലക്കും വന്നുഭവിക്കുന്ന നഷ്ടങ്ങള്‍. റോഡപകടങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, കുടുംബ വഴക്കുകള്‍, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയുടെ പ്രധാന കാരണം ലഹരിയാണ്. ജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന ഒരു നയവും വികസനമല്ല. മദ്യം ലഭ്യമാക്കിയാല്‍ മാത്രമേ വിദേശികള്‍ സന്ദര്‍ശനത്തിനെത്തുകയുള്ളൂവെന്ന വാദം പരമാബദ്ധവുമാണ്.മദ്യം വിളമ്പാതെ തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. കര്‍ശനമായ മദ്യനിരോധം നിലനില്‍ക്കെ തന്നെ അന്താരാഷ്ട്ര ടൂറിസ രംഗത്ത് സഊദി അറേബ്യ വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ചരിത്രപ്രാധാന്യമുള്ള പൈതൃക കേന്ദ്രങ്ങളും ചെങ്കടല്‍ തീരത്തെ ഇക്കോ- റിസോര്‍ട്ടുകളും ഉപയോഗപ്പെടുത്തിയാണ് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി സഊദി വളര്‍ന്നത്. പൂര്‍ണമായും മദ്യരഹിത നയം തുടരുന്ന ഷാര്‍ജയും ടൂറിസ രംഗത്ത് ശ്രദ്ധേയമായ ഇടമാണ്. കുടുംബങ്ങളുമായി എത്തുന്ന വിനോദസഞ്ചാരികള്‍ക്കും സാംസ്‌കാരിക പ്രേമികള്‍ക്കും സുരക്ഷിതമായി സന്ദര്‍ശിക്കാവുന്ന കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമാണ് ഷാര്‍ജ.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും ഗുണമേന്മക്കുറവുമാണ് ടൂറിസ രംഗത്ത് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാതെ മദ്യമൊഴുക്കാന്‍ തുനിയുന്നത് വിരോധാഭാസമാണ്. വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ടൂറിസ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുക, പൊതുശൗച്യാലയങ്ങളും കുടിവെള്ള ലഭ്യതയും വര്‍ധിപ്പിക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക, ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ നടപടികള്‍ മദ്യനയത്തിലെ ഇളവുകളേക്കാള്‍ ടൂറിസ്റ്റുകളുടെ വരവ് കൂട്ടാന്‍ സഹായിക്കും.ടൂറിസ വികസനത്തിന് മദ്യലഭ്യത മുഖ്യമാണെന്നു പറയുന്നവര്‍ ടൂറിസ്റ്റുകളുടെ വൈവിധ്യമാര്‍ന്ന താത്പര്യങ്ങള്‍ മനസ്സിലാക്കാത്തവരാണ്. എല്ലാ ടൂറിസ്റ്റുകളും മദ്യപാനികളല്ല. മദ്യപിക്കുന്നവര്‍ പോലും ഒരു ടൂറിസ്റ്റ് കേന്ദ്രം തിരഞ്ഞെടുക്കുന്നത് മദ്യത്തിന്റെ ലഭ്യത മാത്രം പരിഗണിച്ചല്ല. സുരക്ഷ, താമസസൗകര്യം, പ്രകൃതിഭംഗി, യാത്രാ ചെലവ്, ശുചിത്വം, ആതിഥേയത്വം, തദ്ദേശീയരുടെ പെരുമാറ്റം, സാംസ്‌കാരിക അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം അവരുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. പ്രകൃതിയെയും സംസ്‌കാരത്തെയും തേടിയെത്തുന്നവര്‍ക്ക് സുരക്ഷിതത്വവും ശാന്തതയും പ്രാദേശിക ജീവിതവുമായി ഇടപഴകാനുള്ള അവസരവുമാണ് പ്രധാനമായും വേണ്ടത്. മദ്യത്തിന്റെ അനിയന്ത്രിത ലഭ്യത ചിലപ്പോള്‍ ഇതെല്ലാം നഷ്ടപ്പെടുത്തിയേക്കാം. മദ്യപിച്ചു ലഹരിക്കടിമപ്പെട്ടവര്‍ ടൂറിസ്റ്റുകളെ വിശേഷിച്ചും വിദേശ വനിതകളെ ലൈംഗികമായും അല്ലാതെയും ശല്യപ്പെടുത്തിയ സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം റിപോര്‍ട്ട് ചെയ്യപ്പെടുന്നതാണ്. ടൂറിസത്തിന്റെ പേരില്‍ മദ്യലഭ്യത വര്‍ധിപ്പിക്കാനും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങാനുമുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.