മനാമ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോട് ബഹ്‌റൈൻ രാജ്യത്തിന്റെ ആദരസൂചകമായി കിരീടാവകാശി ‘ഗോൾഡൻ റെസിഡൻസി’ സമ്മാനിച്ചു. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാൾ ശുശ്രൂഷകൾക്കായി ബഹ്‌റൈനിൽ എത്തിയ വേളയിൽ ലഭിച്ച ഈ ഉന്നത അംഗീകാരം മലങ്കര ഓർത്തഡോക്സ് സഭയ്ക്കും ബഹ്‌റൈനിലെ പ്രവാസി വിശ്വാസി സമൂഹത്തിനും വൻ അഭിമാന നിമിഷമായി മാറി.ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മഹത്തായ നേതൃത്വത്തിന് കീഴിൽ, മതസൗഹാർദ്ദവും സഹവർത്തിത്വവും ബഹുസ്വരതയും ഉറപ്പുവരുത്തുന്നതിൽ ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മാതൃകയാണെന്ന് കിരീടാവകാശി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ വെച്ചുപുലർത്തുന്ന പരസ്പര ബഹുമാനവും സാംസ്കാരിക സൗഹാർദ്ദവും രാജ്യത്തിന്റെ മൂല്യങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതസൗഹാർദ്ദവും സഹിഷ്ണുതയും മുൻനിർത്തി ബഹ്‌റൈൻ നടത്തുന്ന ആഗോള പ്രവർത്തനങ്ങളെ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രശംസിച്ചു. രാജാവിന്റെ ദീർഘവീക്ഷണത്തിനും കിരീടാവകാശിയുടെ മികച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും നന്ദി അറിയിച്ച തിരുമേനി, തനിക്ക് ലഭിച്ച ഗോൾഡൻ റെസിഡൻസി അംഗീകാരത്തിന് ബഹ്‌റൈൻ ഭരണാധികാരികളോടുള്ള ഹൃദയംഗമമായ കൃതജ്ഞത രേഖപ്പെടുത്തി.പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും സഭാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.The post ബഹ്‌റൈൻ കിരീടാവകാശിയുമായി പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി കൂടിക്കാഴ്ച നടത്തി; ആദരവായി ബഹ്‌റൈന്റെ ഗോൾഡൻ റെസിഡൻസി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.