മനാമ: കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസിയായി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസി കേരളീയർക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കെ.എം.സി.സി ബഹ്‌റൈൻ. പ്രവാസി സമൂഹത്തിന്റെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരം കാണുന്ന മികച്ച തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ സാധാരണക്കാരായ പ്രവാസികൾക്കും വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെയും മറ്റ് സർക്കാർ ആനുകൂല്യങ്ങളുടെയും പ്രയോജനം തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ ഐഡി കാർഡ് ഏറെ സഹായകരമാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ നിരന്തരമായ ഇടപെടലുകളുടെയും നിവേദനങ്ങളുടെയും ഫലമായാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്നും, ഇത് പ്രവാസികളോടുള്ള ഉത്തരവാദിത്തബോധത്തിന്റെ തെളിവാണെന്നും അവർ വ്യക്തമാക്കി.നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രവാസികളുടെ വിവിധ ആവശ്യങ്ങളിൽ അനുകൂലമായ പല തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. പുനരധിവാസം, ക്ഷേമ പദ്ധതികൾ തുടങ്ങിയ പ്രവാസി സമൂഹത്തിന്റെ ശേഷിക്കുന്ന മറ്റ് അടിയന്തര ആവശ്യങ്ങൾ കൂടി പരിഗണിച്ച് ഉടൻ നടപ്പിലാക്കണമെന്നും കെ.എം.സി.സി ബഹ്‌റൈൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.The post തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് നൽകാനുള്ള തീരുമാനം സ്വാഗതാർഹം: കെ.എം.സി.സി ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.