തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് എതിരെ തുറന്ന കത്തുമായി 42 മുൻ ജഡ്ജിമാർ

Wait 5 sec.

ന്യൂഡൽഹി | വോട്ട് മോഷണം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി, മറ്റ് ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവക്ക് എതിരായ പ്രതിഷേധങ്ങളെ തള്ളി 42 മുൻ ജഡ്ജിമാർ രംഗത്തെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും വോട്ടർ പട്ടിക പരിഷ്കരണത്തിനുമെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ഈ തുറന്ന കത്ത് പുറത്തുവന്നിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ, വിവിധ ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസുമാർ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.ബാലറ്റിന് പ്രാധാന്യമില്ലാതാകുമ്പോൾ തെരുവുകൾ പ്രക്ഷുബ്ധമാകുമെന്നും, തെറ്റായ നവമാധ്യമ പ്രചാരണങ്ങളിലൂടെയാണ് രാജ്യത്ത് അസ്വസ്ഥതകൾ ആരംഭിക്കുന്നതെന്നും മുൻ ജഡ്ജിമാർ കത്തിൽ ചൂണ്ടിക്കാട്ടി. യാതൊരു തെളിവുകളുമില്ലാതെ ഭരണഘടനാ സ്ഥാപനങ്ങളെയും അധികാരികളെയും കള്ളന്മാരെന്നും സ്വാധീനിക്കപ്പെട്ടവരെന്നും തുടർച്ചയായി ചിത്രീകരിക്കുന്നത് ജനങ്ങൾക്ക് ഈ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. സ്വയം വളരുന്നവരും വിദേശ സ്രോതസ്സുകളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതുമായ അരാജകവാദികളും തീവ്ര ഘടകങ്ങളുമാണ് ഇത്തരം അന്തരീക്ഷം മുതലെടുക്കുന്നത്.നിശ്ശബ്ദത പാലിക്കുന്നത് ഇനി നിഷ്പക്ഷ നിലപാടല്ല എന്ന തിരിച്ചറിവിലാണ് തങ്ങൾ പ്രതികരിക്കുന്നത്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ നിരന്തരമായ ആക്രമണങ്ങൾ നേരിടുകയാണ്. ഈ ആക്രമണങ്ങൾ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പദ്ധതികളുടെ ഭാഗമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അസ്ഥിരതയെക്കുറിച്ച് ഇവർക്ക് ആശങ്കയില്ലെന്നും കത്തിൽ പറയുന്നു.പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കൃത്യവും ശുദ്ധവുമായ വോട്ടർ പട്ടിക ഉറപ്പാക്കാൻ നിയമപരമായി നടപ്പിലാക്കുന്ന ഒന്നാണ്. വോട്ട് ചോരി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത് വാർത്താ സമ്മേളനങ്ങളിലാണ്, കോടതികൾക്ക് മുന്നിലല്ല എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെടുമ്പോൾ ആരും അത് സമർപ്പിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ മാത്രമാണ് ഇ വി എം മെഷീനുകളെ കുറ്റപ്പെടുത്തുന്നത്. ജയിക്കുമ്പോൾ ഈ സംവിധാനത്തെ ചോദ്യം ചെയ്യുന്നുമില്ല.സ്വകാര്യ ഹർജികളിലൂടെ കോടതിമുറികളെ നാടകവേദിയാക്കുന്ന ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകളും ഇത്തരം ആരോപണങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. കോടതി വിധികൾ തങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അതിനെയും വിമർശിക്കുകയും തെറ്റായ വിവരങ്ങൾ വൻതോതിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും മുൻ ജഡ്ജിമാർ വ്യക്തമാക്കി.അതേസമയം വോട്ടർ പട്ടിക പരിഷ്കരണത്തെ തുടർന്ന് മൂന്ന് കോടിയിലധികം ആളുകൾ പട്ടികയ്ക്ക് പുറത്തായ സംഭവത്തിൽ ജുഡീഷ്യറിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. വെസ്റ്റ് ബംഗാൾ തിരഞ്ഞെടുപ്പിൽ 90 ലക്ഷം വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ചൂണ്ടിക്കാട്ടി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാനും, പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനാപരമായ ക്രമത്തിന് വിരുദ്ധമാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഉജ്ജൽ ഭുയാനും രംഗത്തെത്തിയിരുന്നു.Content Highlights42 former judges issued an open letter warning against unsourced vote theft allegations undermining the Election Commission and judiciary. They highlighted how such campaigns erode democracy and public trust.