എല്‍ ബി എസ് സ്‌കില്‍ സെന്റര്‍ മത്സരം: സ്റ്റേറ്റ് ടോപ്പറായി മര്‍കസ് ഐ ടി ഐ

Wait 5 sec.

കാരന്തൂര്‍ | സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അംഗീകൃത സ്‌കില്‍ സെന്ററുകളുടെ പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തി സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തില്‍ കോഴിക്കോട് മര്‍കസ് ഐ ടി ഐ ഒന്നാം സ്ഥാനം സ്വന്തമാക്കി.സംസ്ഥാനത്തെ 120 ഓളം എല്‍ ബി എസ് സ്‌കില്‍ സെന്ററുകളില്‍ നിന്നാണ് മര്‍കസ് ഐ ടി ഐ ഈ നേട്ടം കൈവരിച്ചത്. കോഴ്‌സുകളുടെ ഗുണനിലവാരം, വിദ്യാര്‍ഥികളുടെ പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മത്സരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ജോണ്‍ കോക്‌സ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.എല്‍ ബി എസിന് കീഴില്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്, പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്, സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, അഡ്വാന്‍സ്ഡ് എക്‌സല്‍, ഗ്രാഫിക് ഡിസൈനിങ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് തുടങ്ങിയ വിവിധിന തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് നിലവില്‍ മര്‍കസ് ഐ ടി ഐയില്‍ വിജയകരമായി നടത്തിവരുന്നത്.നൂറു ശതമാനം തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുന്ന, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിശാലമായ ലാബുകളും സംവിധാനങ്ങളും ഉള്ള സ്ഥാപനമാണ് മര്‍കസ് ഐ ടി ഐ. സാങ്കേതിക-നൈപുണി വികസന രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ഉറപ്പാക്കാന്‍ സ്ഥാപനം കാണിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ സംസ്ഥാനതല പുരസ്‌കാരമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത നൈപുണ്യം നല്‍കുന്നതില്‍ ഇനിയും മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എല്‍ ബി എസ് ഡയറക്ടര്‍ ഡോ. ജയമോഹന്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും കൈമാറി. മര്‍കസ് ഐ ടി ഐ കോഓഡിനേറ്റര്‍ വി കെ ഇറാഷ് ഏറ്റുവാങ്ങി. എല്‍ ബി എസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. നന്ദന്‍, മുജീബ് റഹ്മാന്‍, എക്‌സ്ട്രീം മള്‍ട്ടിമീഡിയ ഡയറക്ടര്‍ ബിനുരാജ്, വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.Content Highlights:Kozhikode Markaz ITI won first place in a state-level competition conducted by the LBS Centre for Science and Technology. Selected from around 120 skill centers, the award evaluates course quality and student participation. LBS Director Dr. Jayamohan presented the trophy in Thiruvananthapuram.