ഇറാൻ ആക്രമണങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ ബഹ്റൈൻ; സാമ്പത്തിക നഷ്ടങ്ങൾ കണക്കാക്കി അന്താരാഷ്ട്ര നിയമ, നയതന്ത്ര നടപടികളിലേക്ക് നീങ്ങുന്നു

Wait 5 sec.

മനാമ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ രാജ്യത്തുണ്ടായ സാമ്പത്തിക-ഭൗതിക നഷ്ടങ്ങൾ കൃത്യമായി രേഖപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ നിയമ, നയതന്ത്ര നടപടികൾ സ്വീകരിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ഇതോടൊപ്പം ആക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ പാർലമെന്റിനെ ഔദ്യോഗികമായി അറിയിച്ചു.പാർലമെന്റ് ആൻഡ് ശൂറാ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈനാണ് പാർലമെന്റിൽ സമർപ്പിച്ച നിർദ്ദേശങ്ങൾക്ക് മറുപടിയായി സർക്കാറിന്റെ ഈ തീരുമാനം വ്യക്തമാക്കിയത്. ആക്രമണം മൂലം വ്യക്തികൾക്കും വിവിധ സാമ്പത്തിക മേഖലകൾക്കും നേരിട്ട പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടങ്ങൾ വിലയിരുത്താൻ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിന്റെ ഭരണഘടനാപരവും നിയമപരവും നയതന്ത്രപരവുമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ട് ദേശീയ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭൗതിക നഷ്ടങ്ങളുടെ തെളിവുകളും വിവരങ്ങളും ശേഖരിച്ച് സമഗ്രമായ ഡാറ്റാബേസ് തയ്യാറാക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ടാക്സികൾക്കും ചെറുകിട സംരംഭങ്ങൾക്കും പിന്തുണ:ആക്രമണങ്ങൾ ബാധിച്ച ടാക്സി ഉടമകൾ, ലൈസൻസുള്ള ഗാർഹിക സംരംഭങ്ങൾ എന്നിവർക്ക് സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അർഹമായ പിന്തുണ നൽകും. സഹായങ്ങൾ ഇരട്ടിക്കാതെ അർഹരായവർക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ദേശീയ അടിയന്തരാവസ്ഥാ പ്ലാൻ സജ്ജം:മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈൻ ദേശീയ അടിയന്തരാവസ്ഥാ പ്ലാൻ പൂർണ്ണമായി സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുകയും ഷെൽട്ടറുകൾ, ഭക്ഷ്യ-മരുന്ന് ശേഖരം എന്നിവ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ് കൗൺസിലിന്റെയും സിവിൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ഏകോപനത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നിലവിലെ സംവിധാനങ്ങൾ സജ്ജമാണെന്നും സർക്കാർ വ്യക്തമാക്കി.The post ഇറാൻ ആക്രമണങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ ബഹ്റൈൻ; സാമ്പത്തിക നഷ്ടങ്ങൾ കണക്കാക്കി അന്താരാഷ്ട്ര നിയമ, നയതന്ത്ര നടപടികളിലേക്ക് നീങ്ങുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.