ദുബൈ | ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ആണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. 11 ഇന്ത്യന്‍ ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു.ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇന്ത്യന്‍ നാവികരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മേഖലയിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആവര്‍ത്തിച്ചുണ്ടാകുന്ന ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത് നിലവില്‍ വഷളായിരിക്കുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും നിലവിലുള്ള സംഘര്‍ഷത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും സാഹചര്യം ശാന്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.സംഭവത്തില്‍ അന്വേഷണം തുടരുന്നതായും സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഞായറാഴ്ച സോഹാര്‍ ആങ്കറേജില്‍ വെച്ചാണ് ഇന്ത്യന്‍ ജീവനക്കാരുമായി സഞ്ചരിച്ച എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതെന്നു മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എക്‌സിലൂടെ അറിയിച്ചു. പ്രാദേശിക കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ എല്ലാ അധികാരികളുമായും നിരന്തരം ഏകോപനം നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.വാണിജ്യ കപ്പലുകള്‍, നാവികര്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര വാണിജ്യവും കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. Content Highlights:Two Indian sailors went missing after a drone struck the Nicaragua-flagged ship MT Petro Dolphin off the coast of Oman. Nine other Indian crew members were rescued during the operation at Sohar anchorage. The Ministry of External Affairs condemned the attack and called for an end to maritime strikes.