സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ നൽകിയ അപ്പീലുകളിൽ സാങ്കേതിക പിഴവുകൾ. ന്യൂനതകൾ ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച് അപ്പീലുകൾ തിരുത്തി സമർപ്പിക്കാൻ നിർദേശം നൽകി. കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ നിലനിൽക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ വ്യക്തമാക്കി.കുറ്റം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് കുറ്റാരോപിതരുടെ വാദം കേൾക്കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു. വിവരം നൽകിയത് ആരാണെന്നതല്ല, ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ടതുണ്ടോയെന്നതാണ് പരിശോധിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അപ്പീലുകൾ പരിഗണിക്കുന്നത് വൈകുന്നേരം നാലുമണിയിലേക്ക് മാറ്റി.ഒക്ടോബർ ഒമ്പതിലെ സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണമായി റദ്ദാക്കണമെന്നും അപ്പീലുകളിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും സ്റ്റേ ചെയ്യണമെന്നുമാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്.തന്റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും പിണറായി വിജയൻ അപ്പീലിൽ ചൂണ്ടിക്കാട്ടി. നേരത്തേ വിജിലൻസ് പ്രത്യേക കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ച് തള്ളിയ വിഷയമാണിതെന്നും അപ്പീലിൽ വാദിക്കുന്നു. മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പാണ് പിണറായി വിജയനുവേണ്ടി കോടതിയിൽ ഹാജരായത്.സി.എം.ആർ.എൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വിജിലൻസ് രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. ഹവാല, കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് രണ്ടാമത്തെ കേസ്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്–1 ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്.ആദ്യ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. അദ്ദേഹത്തിന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ ടി. വീണ രണ്ട് കേസുകളിലും പ്രതിയാണ്. രണ്ടാമത്തെ കേസിൽ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാണ്. ആദ്യ കേസിൽ ഏഴ് പ്രതികളും രണ്ടാമത്തെ കേസിൽ എട്ട് പ്രതികളുമാണുള്ളത്.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. സി.എം.ആർ.എൽ കമ്പനിയിൽനിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് ഏകദേശം 20 കോടി രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നുവെന്നും ആരോപിച്ചാണ് ഇ.ഡി സംസ്ഥാന പൊലീസിന് വിവരങ്ങൾ കൈമാറിയത്.The post മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീലുകളിൽ സാങ്കേതിക പിഴവ്; തിരുത്തി സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം appeared first on ഇവാർത്ത | Evartha.