മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിൽ അണിനിരന്നത് ആയിരക്കണക്കിന് പ്രവർത്തകർ. സുപ്രീംകോടതിയിൽനിന്ന് 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതിനിടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു.ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ റിട്ട് ഹർജിയും സമർപ്പിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ച്.കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് ആരംഭിച്ച മാർച്ചിൽ ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികളുടെ നേതാക്കളും എംപിമാരും പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി തുടങ്ങിയവർ രണ്ട് ബസുകളിലായാണ് എത്തിയത്. പിന്നീട് ബസുകളിൽനിന്നിറങ്ങിയ നേതാക്കൾ പ്രവർത്തകർക്കൊപ്പം കാൽനടയായി മുന്നോട്ടുനീങ്ങി.ജനക്കൂട്ടം നിയന്ത്രണാതീതമാകുകയാണെന്നും പിന്മാറണമെന്നും പൊലീസ് ഇന്ത്യാ സഖ്യ നേതാക്കളോട് ആവശ്യപ്പെട്ടു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നേരിട്ട് രാഹുൽ ഗാന്ധിയോടും ഇക്കാര്യം അറിയിച്ചു. എന്നാൽ പ്രതിഷേധം തുടരുകയായിരുന്നു.ഭഗവാൻ ദാസ് റോഡിൽവെച്ച് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുനീങ്ങിയതോടെ സംഘർഷാവസ്ഥയുണ്ടായി. ട്രക്കിന് മുകളിൽ ഒരുക്കിയ വേദിയിൽ കയറിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിൽ പങ്കെടുത്തു.പൊലീസ് എവിടെ തടഞ്ഞാലും അവിടം പ്രതിഷേധവേദിയാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കമെന്നാണ് നേതാക്കളുടെ നിലപാട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ദേശീയ തലത്തിൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയിലേക്കുള്ള മാർച്ച് സംഘടിപ്പിച്ചത്.The post ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മാർച്ച്; ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവർത്തകർ appeared first on ഇവാർത്ത | Evartha.