ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കണം; ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ആശങ്കയറിയിച്ച് ഗ്രാൻഡ് മുഫ്തി

Wait 5 sec.

അസം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിൽ ആശങ്കയറിയിച്ചും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.അസമിൽ രണ്ടാമതും അധികാരത്തിലേറിയ ഹിമന്ത ബിശ്വ ശർമ, ബംഗാളിലെ പ്രഥമ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ന്യൂനപക്ഷങ്ങളെ ഉൾകൊണ്ടുള്ള സമീപനം വേണമെന്ന് ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടത്.അസമിലെ ഏകീകൃത സിവിൽകോഡ്, മുസ്‌ലിം വംശീയ-ദ്രുവീകരണ നടപടികൾ, പശ്ചിമ ബംഗാൾ മദ്‌റസകളിലെ വന്ദേമാതരം ആലാപനം, കന്നുകാലി കശാപ്പ് നിയന്ത്രണം, ന്യൂനപക്ഷ അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഭരണഘടനാനുസൃതമായ നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സന്ദേശത്തിൽ പറഞ്ഞു.ALSO READ; അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്; സിജെപി അക്കൗണ്ട് നിരോധിച്ച നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചവിവിധ മതങ്ങളും സംസ്കാരങ്ങളും ഭാഷാ സമൂഹങ്ങളും ഗോത്ര ജനതയും ഐക്യത്തോടെയും സമാധാനത്തോടെയും അധിവസിക്കുന്ന പ്രദേശങ്ങളിൽ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിധത്തിലുള്ള നിയമ നിർമാണങ്ങൾ നാടിന്റെ സ്വസ്ഥതയെയും സമാധാന ജീവിതവും ബാധിക്കും. വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ ഓരോ മത സമൂഹത്തിനും ഗോത്ര വിഭാഗങ്ങൾക്കും അവരവരുടെ ആചാര-വിശ്വാസങ്ങൾ തുടരാൻ ഭരണഘടന നൽകിയ സ്വാതന്ത്ര്യവും അവകാശവും തുടരുകയാണ് വേണ്ടത്.സർവാംഗീകൃതമായ ഒരു ദേശീയഗാനം നിലവിൽ ചൊല്ലുന്ന ഇടങ്ങളിൽ വിശ്വാസപരമായി അംഗീകരിക്കാനാവാത്ത ഭാഗങ്ങൾ ഉൾപ്പെട്ട മറ്റൊരു ഗീതം ചൊല്ലാൻ നിർബന്ധിപ്പിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിനും യശസ്സിനും ചേർന്നതല്ല. മതപരമായി അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളിൽ പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് നിയമനിർമാണങ്ങൾ നടത്തുന്നതാണ് ഒരു മതേതര രാജ്യമെന്ന നിലയിൽ അഭികാമ്യം. വികസന-ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങൾക്കിടയിൽ ഛിദ്രതയും ആശങ്കയും അകൽച്ചയുമുണ്ടാക്കിയേക്കാവുന്ന നടപടികൾ ഭരണകൂടം നിർബന്ധം പിടിക്കുന്നത് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷയേയും തകർക്കും-ഗ്രാൻഡ് മുഫ്തി കത്തിൽ പറഞ്ഞു.മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുകയും അതിക്രമങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്നും ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന സമീപനം ഉണ്ടാവണമെന്നും ഗ്രാൻഡ് മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടു.The post ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും ലഭ്യമാക്കണം; ന്യൂനപക്ഷങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ആശങ്കയറിയിച്ച് ഗ്രാൻഡ് മുഫ്തി appeared first on Kairali News | Kairali News Live.