യു എസ് ഇറാൻ യുദ്ധം അവസാന ഘട്ടത്തിലേക്ക്; പാകിസ്ഥാൻ മധ്യസ്ഥതയിൽ സമാധാന കരാറിന് ധാരണയായെന്ന് ഡൊണാൾഡ് ട്രംപ്

Wait 5 sec.

വാഷിംഗ്ടൺ | മൂന്ന് മാസമായി തുടരുന്ന അമേരിക്ക ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ഭാഗമായുള്ള ധാരണാപത്രത്തിൽ വാഷിംഗ്ടണും ഇറാനും വലിയ തോതിൽ ധാരണയിലെത്തിയതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആഗോള ഊർജ പ്രതിസന്ധിക്ക് കാരണമായ, അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെ കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരിക്കുന്നത്. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ഈ സമാധാന കരാർ ഉടൻ യാഥാർഥ്യമാകുമെന്നാണ് സൂചന. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതൽ അടച്ചിട്ടിരിക്കുകയായിരുന്നു ഹോർമുസ് കടലിടുക്ക്.കരാറിന്റെ അന്തിമ വശങ്ങളെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും നിലവിൽ ചർച്ചകൾ നടക്കുകയാണെന്നും അവ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മാസങ്ങൾ നീണ്ട പോരാട്ടം അവസാനിപ്പിക്കുക, ഇറാന്റെ കപ്പൽ ഗതാഗതത്തിന്മേലുള്ള യു എസ് ഉപരോധം പിൻവലിക്കുക, തന്ത്രപ്രധാനമായ ഹോർമുസ് ജലപാത വീണ്ടും തുറക്കുക എന്നിവയാണ് ഈ സമാധാന കരാറിന്റെ പ്രധാന ഉള്ളടക്കമെന്ന് ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ കൈവശമുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സംബന്ധിച്ച കാര്യങ്ങളിൽ 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ ചർച്ചകൾ നടത്തി തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യ സന്ദർശിക്കുന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സമാധാന ചർച്ചകളിൽ അനുകൂലമായ പുരോഗതി ഉണ്ടാകുമെന്ന സൂചന നൽകിയിട്ടുണ്ട്. കരാറിന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗീകാരം നൽകിയാൽ അന്തിമ അനുമതിക്കായി പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഈയുടെ മുന്നിലെത്തിക്കുമെന്ന് ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഒന്ന് രണ്ട് വകുപ്പുകളിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് ഇറാന്റെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്ക തടസ്സങ്ങൾ സൃഷ്ടിക്കുന്നത് തുടർന്നാൽ അന്തിമ ധാരണ ഉണ്ടാകില്ലെന്നും ഇറാൻ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.കരാർ യാഥാർഥ്യമായാൽ അത് ആഗോള വിപണിക്ക് വലിയ ആശ്വാസമാകുമെങ്കിലും ഇന്ധനം, വളം, ഭക്ഷണം എന്നിവയുടെ വിലക്കയറ്റത്തിന് കാരണമായ ആഗോള ഊർജ പ്രതിസന്ധി ഉടനടി പരിഹരിക്കപ്പെടാൻ സാധ്യതയില്ല. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 103.50 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുദ്ധം ഇപ്പോൾ അവസാനിച്ചാൽ പോലും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം പൂർണ്ണ തോതിലാകാൻ 2027 ആദ്യ പാദം വരെയെങ്കിലും സമയമെടുക്കുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി മേധാവി വ്യക്തമാക്കി.പുതിയ കരാർ പ്രകാരം ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അമേരിക്ക നീക്കുമെന്നും ഇറാന്റെ എണ്ണക്കയറ്റുമതിക്ക് മേലുള്ള ചില ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നും യു എസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ പ്രതിജ്ഞയും കരാറിന്റെ കരടിൽ ഉൾപ്പെടുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. എന്നാൽ തങ്ങൾക്ക് ആണവായുധ നിർമ്മാണ ലക്ഷ്യമില്ലെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ നിലപാട്.അമേരിക്കയോ സഖ്യകക്ഷികളോ ഇറാനെയോ അവരുടെ സഖ്യകക്ഷികളെയോ ആക്രമിക്കില്ലെന്നും തിരിച്ച് ഇറാൻ മുൻകൂട്ടി ആക്രമണം നടത്തില്ലെന്നുമുള്ള വ്യവസ്ഥകളും കരാറിലുണ്ടെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ലബനാനിൽ ഹിസ്ബുല്ലയ്‌ക്കെതിരെ പോരാടുന്ന ഇസ്റാഈൽ സേന അവിടെ വെടിനിർത്തലിന് തയാറാകുന്നത് തന്ത്രപരമായ പിഴവായിരിക്കുമെന്ന് പ്രമുഖ ഇസ്റാഈൽ രാഷ്ട്രീയ നേതാവ് ബെന്നി ഗാന്റ്സ് പറഞ്ഞു. ഇറാന്റെ ഭീഷണികൾക്കെതിരെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഇസ്റാഈലിനുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായാണ് വിവരം. നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണം വളരെ നന്നായി നടന്നുവെന്ന് ട്രംപ് സ്ഥിരീകരിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് സമാധാന കരാർ നടപ്പിലാക്കുക. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുക, തുടർന്ന് കൂടുതൽ വിപുലമായ ചർച്ചകൾക്കായി 30 ദിവസത്തെ സമയം അനുവദിക്കുക എന്നിവയാണ് ഈ ഘട്ടങ്ങൾ. യു എസ് ഉപരോധം പിൻവലിച്ചാലുടൻ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് പാകിസ്ഥാൻ വൃത്തങ്ങൾ അറിയിച്ചു. പെരുന്നാൾ അവധിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും. തർക്കങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും മധ്യസ്ഥർ മുഖേന ഇനിയും ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി.ലബനാനിലെ സംഘർഷം അവസാനിപ്പിക്കുന്നതിനാണ് തങ്ങളുടെ മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം യു എസ് വീണ്ടും യുദ്ധം ആരംഭിച്ചാൽ അതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. യുദ്ധത്തെ തുടർന്ന് രാജ്യത്തുണ്ടായ എണ്ണവില വർധന ട്രംപിന്റെ ജനപ്രീതിയെ ബാധിച്ചതിനാൽ സമാധാന കരാറിനായി ട്രംപിന് മേൽ കടുത്ത ആഭ്യന്തര സമ്മർദമുണ്ട്. സൗദി അറേബ്യ, ഖത്തർ, യു എ ഇ, ജോർദാൻ, ഈജിപ്ത്, തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളും കരാറുമായി മുന്നോട്ട് പോകാൻ ട്രംപിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. Content Highlights:US President Donald Trump announced that Washington and Iran have largely negotiated a peace framework mediated by Pakistan to end the three-month-old war. The emerging deal aims to reopen the strategic Strait of Hormuz and lift the U.S. blockade on Iranian shipping ports, promising relief to the global energy crisis. However, final details are still under discussion as some policy disputes remain, and Israel insists on maintaining its operational freedom in Lebanon.