തിരുവനന്തപുരം | ഇടതു സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ 5,429 കോടി ബാക്കിയുണ്ടായിരുന്നതായി ധന വകുപ്പ് വിവരാകാശ പ്രകാരം മറുപടി നല്‍കി. പൂച്ചപെറ്റുകിടക്കുന്ന ഖജനാവുമായാണ് യു ഡി എഫ് അധികാരമേല്‍ക്കുന്നതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ അസാധുവാക്കുന്നതാണ് വിവരാവകാശ മറുപടി. കേരളം പാപ്പരായ സംസ്ഥാനമാണെന്നും ഇന്ദിരാ ഗ്യാരണ്ടി അടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പ്രസ്താവിച്ചിരുന്നു.സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് കണക്ക് പുറത്തുവന്നത്. ഈ മാസം ഒന്ന് വരെയുള്ള കണക്കാണ് ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലുള്ളത്.വിവരാവകാശ മറുപടിയുടെ പകര്‍പ്പ് പുറത്തുവന്നു.ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ അടക്കം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.